Quantcast

അറബികളുടെ പ്രിയപ്പെട്ട ഡാലിച്ചാണിപ്പോള്‍ ക്രൊയേഷ്യക്കാരുടെ ഹീറോ

അര്‍ജന്റീനയെ തോല്‍പ്പിച്ചതിന് പിന്നാലെ ദുബായിലെ ബുര്‍ജ് ഖലീഫ ടവറും റിയാദിലെ കിങ്ഡം സെന്ററും ക്രൊയേഷ്യന്‍ നിറമണഞ്ഞു നിന്നതും ഡാലിച്ചിനോടുള്ള ആദരവ് തന്നെയായിരുന്നു

MediaOne Logo

Web Desk

  • Published:

    13 July 2018 3:43 PM GMT

അറബികളുടെ പ്രിയപ്പെട്ട ഡാലിച്ചാണിപ്പോള്‍ ക്രൊയേഷ്യക്കാരുടെ ഹീറോ
X

അല്‍ ഐനിലായിരുന്നപ്പോള്‍ ഡാലിച്ച്

റഷ്യന്‍ ലോകകപ്പില്‍ ക്രൊയേഷ്യയുടെ വിസ്മയക്കുതിപ്പിന് പിന്നിലെ ബുദ്ധികേന്ദ്രം പരിശീലകന്‍ ലാട്കോ ഡാലിച്ചാണ്. നോക്കൌട്ട് റൌണ്ടിലെ മൂന്ന് മത്സരങ്ങളിലും ഒരു ഗോള്‍ വഴങ്ങിയതിന് ശേഷമുള്ള ടീമിന്റെ തിരിച്ചുവരവ് ഡാലിച്ചിന്റെ തന്ത്രങ്ങളുടെ വിജയമാണ്. ഒടുവില്‍ ഫൈനലിലെത്തി ടീം ചരിത്രമായപ്പോള്‍ ഏറ്റവും കൂടുതല്‍ അഭിനന്ദനങ്ങള്‍ ഏറ്റുവാങ്ങുന്നതും ഡാലിച്ച് തന്നെയാണ്. ലാട്കോ ഡാലിച്ചിനെ എത്ര പ്രശംസിച്ചിട്ടും മതിവരുന്നില്ല ക്രൊയേഷ്യക്കാര്‍ക്ക്.

കടുത്ത വെല്ലുവിളികള്‍ അതിജീവിച്ച് ക്രൊയേഷ്യ ചരിത്രത്തിലാദ്യമായി ലോകകപ്പ് ഫുട്ബോളിന്റെ ഫൈനലില്‍ കടക്കുമ്പോള്‍ അതിന് ചുക്കാന്‍ പിടിച്ച പരിശീലകന്‍ രാജ്യത്തിപ്പോള്‍ വാഴ്ത്തപ്പെട്ടവനാണ്. ഡഗ് ഔട്ടിന് പുറത്ത് വികാരവിക്ഷോഭങ്ങളേതുമില്ലാതെ സമചിത്തതയോടെ ടീമിനെ നിയന്ത്രിക്കുന്ന ഡാലിച്ച് റഷ്യന്‍ ലോകകപ്പിന്റെ നിറമുള്ള കാഴ്ച്ചകളിലൊന്നാണ്. ഓരോ എതിരാളികളെയും കൃത്യമായി പഠിച്ച് വെല്ലുവിളികളെ ടീം വര്‍ക്കിലൂടെ മറികടക്കുകയെന്നതായിരുന്നു ഡാലിച്ചിന്റെ തന്ത്രം.

കഠിനാധ്വാനികളായ ഒരു കൂട്ടം കളിക്കാരാണ് ഡാലിച്ചിന്റെ കരുത്ത്. അറബ് ക്ലബുകളായ അല്‍ ഹിലാലിനെയും അല്‍ഐനിനെയും സ്വപ്നങ്ങള്‍ സാക്ഷാല്‍ക്കരിക്കാന്‍ പഠിപ്പിച്ച ആത്മവിശ്വാസമായിരുന്നു ദേശീയ ടീമിന്റെ പരിശീലക സ്ഥാനം ഏറ്റെടുക്കുമ്പോള്‍ ഡാലിച്ചിന്റെ കരുത്ത്.

ഉയരങ്ങള്‍ കീഴടക്കി നില്‍ക്കുമ്പോള്‍ ഡാലിച്ചിന് ഏറ്റവും കൂടുതല്‍ അഭിനന്ദന സന്ദേശങ്ങള്‍ വരുന്നതും അറബ് നാടുകളില്‍ നിന്നാണ്. അര്‍ജന്റീനയെ തോല്‍പ്പിച്ചതിന് പിന്നാലെ ദുബായിലെ ബുര്‍ജ് ഖലീഫ ടവറും റിയാദിലെ കിങ്ഡം സെന്ററും ക്രൊയേഷ്യന്‍ നിറമണഞ്ഞു നിന്നതും ഡാലിച്ചിനോടുള്ള ആദരവ് തന്നെയായിരുന്നു. ടീം യോഗ്യത നേടാനാവാതെ വിഷമിച്ച ഘട്ടത്തില്‍ മുന്‍ കോച്ച് ആന്റെ സാസിച്ചിനെ പുറത്താക്കിയാണ് ക്രൊയേഷ്യന്‍ ഫുട്ബോള്‍ ഫെഡറേഷന്‍ അല്‍‍ഐനില്‍ നിന്നും ഡാലിച്ചിനെ വിളിക്കുന്നത്.

ടീം ലോകകപ്പിന് യോഗ്യത നേടിയാല്‍ മാത്രമേ കരാര്‍ ഒപ്പിടൂ എന്നതായിരുന്നു ഡാലിച്ചിന്റെ നിബന്ധന. അവസാനം ഗ്രീസിനെയും മറികടന്ന് യോഗ്യത നേടിയതിന് പിന്നാലെ ഡാലിച്ച് മൂന്ന് വര്‍ഷത്തേക്ക് കരാര്‍ ഒപ്പിട്ടു. പിന്നെ സംഭവിച്ചതെല്ലാം അത്ഭുതങ്ങളാണ്. താരങ്ങലെ ബഹുമാനത്തോടെ കാണുമ്പോഴും കാര്‍ക്കശ്യവും അച്ചടക്കവും ഡാലിച്ചിനെ വേറിട്ടുനിര്‍ത്തി.

ഗ്രൂപ്പ് ഘട്ടത്തില്‍ നൈജീരീയക്കെതിരെ പകരക്കാരനായിറങ്ങാന്‍ വിസമ്മതിച്ച സീനിയര്‍ താരം കാളിനിച്ചിനെ തിരികെ നാട്ടിലേക്ക് പറഞ്ഞയച്ചു. യുക്രൈനെ പിന്തുണച്ച് വീഡിയോ പോസ്റ്റ് ചെയ്തതിന്റെ പേരില്‍ സഹപരിശീലകന്‍ വുകോജെവിച്ചിനെയും പുറത്താക്കി. എല്ലാറ്റിനുമൊടുവില്‍ ക്രൊയേഷ്യ കപ്പിനും ചുണ്ടിനുമിടയില്‍ ക്രൊയേഷ്യ നില്‍ക്കുമ്പോള്‍ ഫുട്ബോള്‍ ലോകം ഉറ്റുനോക്കുന്നതും ഡാലിച്ചിലേക്കാണ്. ഫൈനലിലേക്കായി ചരിത്രത്തിലേക്കായി അയാള്‍ എന്താകും കരുതി വെച്ചിട്ടുണ്ടാകുമെന്നറിയാന്‍.

TAGS :

Next Story