Quantcast

ഖത്തർ ലോകകപ്പിൽ 32 ടീമുകൾ മാത്രം, 48 ടീമിനെ ഉള്‍ക്കൊള്ളിക്കാനുള്ള നടപടിയില്‍ നിന്ന് ഫിഫ പിന്‍മാറി

MediaOne Logo

Web Desk

  • Published:

    24 May 2019 9:40 AM GMT

ഖത്തർ ലോകകപ്പിൽ 32 ടീമുകൾ മാത്രം, 48 ടീമിനെ ഉള്‍ക്കൊള്ളിക്കാനുള്ള നടപടിയില്‍ നിന്ന് ഫിഫ പിന്‍മാറി
X

ഖത്തര്‍: 2022ൽ ഖത്തറില്‍ നടക്കുന്ന ലോകകപ്പ് ഫുട്‌ബോളിന് 48 ടീമിനെ ഉള്‍ക്കൊള്ളിക്കാനുള്ള നടപടിയില്‍ നിന്ന് ഫിഫ പിന്‍മാറി. വരുന്ന ലോകകപ്പില്‍ 32 ടീമുകള്‍ തന്നെയാണ് പങ്കെടുക്കുകയെന്ന് ഫിഫ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ഖത്തറിന് പുറമെ മറ്റ് ഗള്‍ഫ് രാജ്യങ്ങളെ കൂടെ സഹ ആതിഥേയത്വത്തിന് ഉള്‍പ്പെടുത്താനുള്ള നടപടി പ്രായോഗികമല്ലെന്ന് വ്യക്തമായതിനാലാണ് ഫിഫ തീരുമാനം മാറ്റിയത്. ലോകകപ്പിനായുള്ള ഒരുക്കങ്ങള്‍ വളരെ മുന്നില്‍ എത്തിയതിനാല്‍ ഇനി മാറ്റങ്ങള്‍ വരുത്തുന്നത് ഉചിതമാകില്ലെന്നതിനാലാണ് നിലവിലെ തീരുമാനത്തില്‍ മാറ്റം വരുത്താതിരുന്നത്.

ഖത്തറിലെ ലോകകപ്പിന് വേണ്ട ഒരുക്കങ്ങൾ അവസാന ഘട്ടത്തിലാണ്. ഈ സമയം 48 രാജ്യങ്ങളെ പങ്കെടുപ്പിക്കേണ്ടി വരുമ്പോൾ ഒരുക്കേണ്ട സൗകര്യങ്ങൾ ഏതൊക്കയെന്ന് തിട്ടപ്പെടുത്തുന്നതിൽ സമയം ആവശ്യമാണ്. ജൂണിന് മുൻപ്
ഇക്കാര്യത്തിൽ വ്യക്തത വരില്ല. അതിനാലാണ് ഈ തീരുമാനവുമായി മുന്നോട്ട് പോവേണ്ടതില്ലെന്ന് തീരുമാനിച്ചതെന്ന് ഫിഫ തീരുമാനിച്ചത്

നേരത്തെ മാര്‍ച്ചില്‍ നടന്ന യോഗത്തില്‍ ടീമുകളുടെ എണ്ണം 48 ആയി ഉയര്‍ത്താമെന്നായിരുന്നു ഫിഫയുടെ തീരുമാനം. ഇതിന്റെ അന്തിമ പ്രഖ്യാപനം ജൂണില്‍ നടക്കുമെന്നും ഫിഫ അറിയിച്ചിരുന്നു. അതിനിടെ കുവൈത്ത് അടക്കമുള്ള മറ്റ് ഗള്‍ഫ് രാജ്യങ്ങളുമായി ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോ കൂടിക്കാഴ്ച നടത്തിയിരുന്നു. സൗകര്യങ്ങളുടെ അഭാവം മൂലം ലോകകപ്പിന് ആതിഥേയത്വം വഹിക്കാന്‍ കഴിയില്ലെന്ന് ഒമാന്‍ നേരത്തെ അറിയിച്ചിരുന്നു.

2026ല്‍ അമേരിക്ക, കാനഡ, മെക്‌സിക്കോ എന്നിവിടങ്ങളില്‍ നടക്കുന്ന ലോകകപ്പില്‍ 48 ടീമുകള്‍ ഉണ്ടാകുമെന്ന് ഫിഫ നേരത്തെ അറിയിച്ചിരുന്നു. ഫിഫയുടെ സാധ്യതാ പഠന കമ്മിറ്റിയായിരുന്നു 48 ടീമുകളെ ഉള്‍പ്പെടുത്താമെന്ന നിര്‍ദ്ദേശം മാര്‍ച്ചില്‍ മുന്നോട്ട് വച്ചത്.

48 ടീമുകളെ ഉള്‍ക്കൊള്ളിക്കണമെങ്കില്‍ ഗള്‍ഫ് രാജ്യങ്ങള്‍ തമ്മിലുള്ള നയതന്ത്ര പ്രശ്‌നങ്ങളില്‍ അയവുവരുത്തേണ്ടതുണ്ട് എന്നതായിരുന്നു ഫിഫയുടെ ഏറ്റവും വലിയ വെല്ലുവിളി. എന്നാല്‍, ഈ വെല്ലുവിളിയെ അതിജീവിച്ച് മൂന്ന് രാജ്യങ്ങളുടെ സഹകരണത്തോടെ ലോകകപ്പ് നടത്താമെന്ന ആഗ്രഹം ഇത്തവണ നടക്കില്ലെന്നും പ്രസിഡന്റ് ഇന്‍ഫിന്റിനോ അറിയിച്ചു

TAGS :

Next Story