Quantcast

തലകുനിക്കാതെ നവാസ്

അവസാന മിനുറ്റുവരെ നെഞ്ചുവിരിച്ചു നിന്ന കോസ്റ്ററിക്കന്‍ പ്രതിരോധത്തിന്റെ പേരായിരുന്നു കെയ്‌ലര്‍ നവാസ്. കോസ്റ്ററിക്കയുടെ ഈ ഗോള്‍ കീപ്പറായിരുന്നു ബ്രസീലിനും ഗോളിനുമിടയില്‍ മനുഷ്യ മതിലായി നിന്നത്...

MediaOne Logo

Web Desk

  • Published:

    24 Jun 2018 6:20 AM GMT

തലകുനിക്കാതെ നവാസ്
X

ബ്രസീലിന് മുന്നില്‍ അവസാന മിനുറ്റുവരെ നെഞ്ചുവിരിച്ചു നിന്ന കോസ്റ്ററിക്കന്‍ പ്രതിരോധത്തിന്റെ പേരായിരുന്നു കെയ്‌ലര്‍ നവാസ്. കോസ്റ്ററിക്കയുടെ ഈ ഗോള്‍ കീപ്പറായിരുന്നു ബ്രസീലിനും ഗോളിനുമിടയില്‍ മനുഷ്യ മതിലായി നിന്നത്. 91ാം മിനുറ്റില്‍ കുട്യീനോ നേടിയ ഗോളിലൂടെയായിരുന്നു ബ്രസീലിന്റെ ശ്വാസം നേരെ വീണത്. ഇഞ്ചുറി ടൈമില്‍ തളികയിലെന്ന വണ്ണം ലഭിച്ച അവസരം നെയ്മര്‍ മുതലാക്കിയപ്പോള്‍ നവാസിന് കാര്യമായൊന്നും ചെയ്യാനുമുണ്ടായിരുന്നില്ല.

23 തവണയാണ് കോസ്റ്ററിക്കന്‍ ഗോള്‍ പോസ്റ്റിന് നേരെ ബ്രസീല്‍ ലക്ഷ്യം വെച്ചത്. കോസ്റ്ററിക്കന്‍ പ്രതിരോധവും കടന്ന് മുന്നേറിയ ബ്രസീലിന്റെ ഓരോ ഗോള്‍ ശ്രമങ്ങളും തകര്‍ന്നടിഞ്ഞത് കെയ്‌ലര്‍ നവാസെന്ന ഗോള്‍ കീപ്പര്‍ക്ക് മുന്നിലായിരുന്നു. ഭൂരിഭാഗം അവസരങ്ങളും നഷ്ടപ്പെടുത്തിയത് ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മറായിരുന്നു. മത്സരം അവസാനിക്കുന്നതിന് നിമിഷങ്ങള്‍ മാത്രം മുമ്പ് 97ആം മിനുറ്റ് വരെ കാത്തിരിക്കേണ്ടി വന്നു നെയ്മറിന് കെയ്‌ലര്‍ നവാസിനെ കീഴടക്കാന്‍.

മിനുറ്റ് 27- നെയ്മറുടെ കാലില്‍ നിന്നും കെയ്‌ലര്‍ നവാസ് മുന്നോട്ടു കയറിവന്ന് പന്ത് തട്ടിയെടുക്കുന്നു.

മിനുറ്റ് 47 - ബോക്‌സിലെ കൂട്ടപ്പൊരിച്ചിലിനൊടുവില്‍ വീണ്ടും നെയ്മറുടെ കാലില്‍ നിന്നും നവാസ് പന്ത് നെഞ്ചോട് ചേര്‍ക്കുന്നു.

മിനുറ്റ് 56 - നെയ്മര്‍ ബോക്‌സിന് നടുവില്‍ നിന്നും തൊടുത്ത ബുള്ളറ്റ് ഷോട്ട് ഒറ്റക്കൈ കൊണ്ട് കുത്തിയകറ്റുന്നു.

തുടര്‍ച്ചയായി അവസരങ്ങള്‍ നഷ്ടപ്പെടുകയും മത്സരം അവസാന മിനുറ്റുകളിലേക്ക് നീങ്ങുകയും ചെയ്തതോടെ ബ്രസീല്‍ താരങ്ങളില്‍ സമ്മര്‍ദം പ്രകടമായിരുന്നു. കളി തീരാന്‍ പത്തു മിനുറ്റു മാത്രം ശേഷിക്കേ നെയ്മര്‍ പെനല്‍റ്റി നേടിയെന്ന് തോന്നിപ്പിച്ചെങ്കിലും 'വാര്‍' കോസ്റ്ററിക്കയുടെ രക്ഷക്കെത്തി. 91ാം മിനുറ്റ് വരെ പേരുകേട്ട ബ്രസീല്‍ ആക്രമണത്തെ തടുത്തതിന്റെ പ്രധാന പങ്ക് കെയ്‌ലര്‍ നവാസിന് അവകാശപ്പെട്ടതാണ്.

2014 ല്‍ ബ്രസീലില്‍ നടന്ന ലോകകപ്പോടെ ഉദിച്ചുയര്‍ന്ന താരമാണ് കെയ്‌ലര്‍ നവാസ്. അന്നത്തെ ലോകകപ്പിലെ പ്രകടനം നവാസിനെ റയല്‍ മാഡ്രിഡിന്റെ ഒന്നാം നമ്പര്‍ ഗോളിയാക്കി മാറ്റി.

കഴിഞ്ഞ സീസണില്‍ റയല്‍ പ്രസിഡണ്ട് ഫ്‌ളോറന്റീനോ പെരസ് നവാസിന് പകരം ഡേവിഡ് ഡി ഗിയയെ പരീക്ഷിക്കണമെന്ന് നിര്‍ദ്ദേശിച്ചപ്പോള്‍ തനിക്ക് നവാസ് മതിയെന്ന് സിദാന്‍ പറഞ്ഞു. സിദാനെ കൊണ്ട് അങ്ങനെ പറയിപ്പിച്ചത് പകരം വെക്കാനില്ലാത്തതാണ് നവാസിന്റെ ഗോള്‍ കീപ്പിംങ് മികവെന്ന തിരിച്ചറിവായിരുന്നു. അതേ മികവാണ് കോസ്റ്ററിക്കയുടെ ലോകകപ്പ് പ്രതീക്ഷകളെ അവസാന മിനുറ്റുവരെ സജീവമാക്കി നിര്‍ത്തിയതും തലതാഴ്ത്താതെ ലോകവേദിയില്‍ നിന്ന് മടക്കുന്നതും.

TAGS :

Next Story