Quantcast

റഷ്യക്കെതിരെ ഉറുഗ്വെയുടെ ഗോള്‍ വിപ്ലവം

ഉറുഗ്വെ ഗ്രൂപ്പ് എ ചാമ്പ്യന്‍മാരായി പ്ലേ ഓഫിലേക്ക്. സൗദി അറേബ്യയേയും ഈജിപ്തിനേയും തോല്‍പ്പിച്ച് ആറ് പോയിന്റോടെ റഷ്യ ഗ്രൂപ്പില്‍ രണ്ടാം സ്ഥാനത്തോടെ പ്ലേ ഓഫില്‍ സ്ഥാനമുറപ്പിച്ചു...

MediaOne Logo

Web Desk

  • Published:

    26 Jun 2018 1:36 AM GMT

റഷ്യക്കെതിരെ ഉറുഗ്വെയുടെ ഗോള്‍ വിപ്ലവം
X

ആതിഥേയരായ റഷ്യയെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി ഒമ്പത് പോയിന്റോടെ ഉറുഗ്വെ ഗ്രൂപ്പ് എ ചാമ്പ്യന്‍മാരായി പ്ലേ ഓഫിലേക്ക്. സൗദി അറേബ്യയേയും ഈജിപ്തിനേയും തോല്‍പ്പിച്ച് ആറ് പോയിന്റോടെ റഷ്യ ഗ്രൂപ്പില്‍ രണ്ടാം സ്ഥാനത്തോടെ പ്ലേ ഓഫില്‍ സ്ഥാനമുറപ്പിച്ചു.

പത്താം മിനിറ്റില്‍ ലൂയി സുവാരസ് ഫ്രീ കിക്കില്‍ നേടിയ ഗോളിലൂടെയാണ് ഉറുഗ്വായ് കളിയിലെ തങ്ങളുടെ ആധിപത്യത്തിന് തുടക്കമിട്ടത്. ലോകകപ്പിലെ സുവാരസിന്റെ ഏഴാമത്തെ ഗോളാണ് ഇത്. ഇരുപത്തിമൂന്നാം മിനിറ്റില്‍ റഷ്യയുടെ ഡെനിസ് ചെറിഷേവിന്റെ സെല്‍ഫ് ഗോളിലൂടെ ഉറുഗ്വെയ്ക്ക് രണ്ടാം ഗോളും സ്വന്തമായി. കളിയില്‍ തങ്ങളുടെ സമ്പൂര്‍ണ്ണ ആധിപത്യം ഉറപ്പ് വരുത്തി കൊണ്ട് എഡിന്‍സന്‍ കവാനി ഉറുഗ്വായുടെ മൂന്നാം ഗോളും നേടി.

ഗ്രൂപ്പ് മത്സരങ്ങളില്‍ തോല്‍വി അറിയാതെയാണ് ഉറുഗ്വെ പ്ലേ ഓഫിലേക്ക് പ്രവേശിച്ചിരിക്കുന്നത്.

എ ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ സൗദി അറേബ്യ ഈജിപ്തിനെ 2-1ന് തോല്‍പ്പിച്ചു. ഒരു ഗോളിന് പിറകില്‍ നിന്നശേഷമാണ് സൗദി രണ്ട് ഗോള്‍ തിരിച്ചടിച്ച് ജയം സ്വന്തമാക്കിയത്. ഈജിപ്തിനുവേണ്ടി മുഹമ്മദ് സല ഗോള്‍ നേടിയപ്പോള്‍ അല്‍ഫറാജും ഇഞ്ചുറിടൈമില്‍ സലേം അള്‍ദോസരിയും സൗദി അറേബ്യക്കുവേണ്ടി വല ചലിപ്പിച്ചു.

ഇരുപത്തിരണ്ടാം മിനുറ്റില്‍ മുഹമ്മദ് സലയിലൂടെയാണ് ഈജിപ്ത് മുന്നിലെത്തിയത്. രണ്ട് സൗദി പ്രതിരോധക്കാര്‍ക്കിടയിലൂടെ ഓടിയെത്തിയ സല സൌദി ഗോളിക്ക് മുകളിലൂടെ പന്ത് വലയിലേക്ക് തട്ടിയിടുകയായിരുന്നു. ആദ്യ പകുതിയുടെ ഇഞ്ചുറിടൈമിന്റെ നാല്‍പ്പത്താറാം മിനുറ്റില്‍ സല്‍മാന്‍ അള്‍ഫറാജ് പെനല്‍റ്റിയിലൂടെ സൗദി അറേബ്യ ഗോള്‍ മടക്കി. നാല്‍പ്പത്തിയൊന്നാം മിനുറ്റില്‍ സൗദിക്ക് അനുകൂലമായി പെനല്‍റ്റി ലഭിച്ചെങ്കിലും ഈജിപ്ത് ഗോളി രക്ഷക്കെത്തി.

മത്സരത്തിന്റെ ഇഞ്ചുറി ടൈമില്‍ സലേം അല്‍ ദോസരിയാണ് സുന്ദര ഗോളിലൂടെ സൗദിയെ വിജയിപ്പിച്ചത്. തൊണ്ണൂറ്റിയഞ്ചാം മിനുറ്റിലായിരുന്നു സലേം അള്‍ ദോസരി ഗോള്‍ നേടിയത്. സൗദി അറേബ്യയുമായുള്ള തോല്‍വിയോടെ ഈജിപ്ത് മൂന്ന് മത്സരവും തോറ്റാണ് റഷ്യയില്‍ നിന്നും മടങ്ങുന്നത്.

TAGS :

Next Story