Quantcast

ഇവന്‍ മെസിക്കും ക്രിസ്റ്റിയാനോക്കും മേലെ

കണക്കുകളിലും ഗോളുകളിലും ക്രിസ്റ്റിയാനോ റൊണാള്‍ഡോയേക്കാളും ലയണല്‍ മെസിയേക്കാളും ഏറെ മുന്നിലാണ് ബല്‍ജിയത്തിന്റെ ഈ സൂപ്പര്‍ സ്‌ട്രൈക്കര്‍.

MediaOne Logo

Web Desk

  • Published:

    30 Jun 2018 1:45 PM GMT

ഇവന്‍ മെസിക്കും ക്രിസ്റ്റിയാനോക്കും മേലെ
X

ക്ലബിനുവേണ്ടി കളിക്കുമ്പോള്‍ അതിഗംഭീര പ്രകടനം നടത്തുന്ന പല സൂപ്പര്‍ താരങ്ങളും രാജ്യത്തിനുവേണ്ടി കളിക്കുമ്പോള്‍ നിറം മങ്ങിപോകുന്നത് കാണാറുണ്ട്. എന്തായാലും ആ കൂട്ടത്തിലുള്ള താരമല്ലെന്നു മാത്രമല്ല, ബെല്‍ജിയം ജേഴ്‌സിയിലെത്തുമ്പോള്‍ അവിശ്വസനീയമായ ഫിനിഷിംങ് റെക്കോഡുകള്‍ സ്വന്തമായുള്ള താരമാണ് റൊമേലു ലുകാക്കു. കണക്കുകളിലും ഗോളുകളിലും ക്രിസ്റ്റിയാനോ റൊണാള്‍ഡോയേക്കാളും ലയണല്‍ മെസിയേക്കാളും ഏറെ മുന്നിലാണ് ബല്‍ജിയത്തിന്റെ ഈ സൂപ്പര്‍ സ്‌ട്രൈക്കര്‍.

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരമായ ലുകാക്കു കഴിഞ്ഞ സീസണില്‍ 16 ഗോളുകളാണ് നേടിയത്. മുന്‍ വര്‍ഷത്തേക്കാള്‍ ഒമ്പത് ഗോളുകള്‍ കുറവ്. അപ്പോഴും ആ ഗോളുകളുടെ എണ്ണം അത്ര കുറവല്ലെന്ന് ഓര്‍ക്കണം. എന്നാല്‍ റഷ്യന്‍ ലോകകപ്പിലും ബെല്‍ജിയന്‍ ജേഴ്‌സിയിലും എത്തുന്നതോടെ ലുകാക്കുവിന്റെ കണക്കുകളും കളിയും മാറും. ഇതുവരെ രണ്ട് കളിയില്‍ നിന്നും നാല് ഗോളാണ് ലുകാക്കു അടിച്ചു കൂട്ടിയത്. പാനമക്കും ടുണീഷ്യക്കുമെതിരെ രണ്ട് വീതം.

അര്‍ജന്റീനയുടെ ഫുട്‌ബോള്‍ ഇതിഹാസം മാറഡോണക്ക് ശേഷം ലോകകപ്പില്‍ തുടര്‍ച്ചയായ മത്സരങ്ങളില്‍ രണ്ടോ അതില്‍ കൂടുതലോ ഗോളുകള്‍ നേടുന്ന താരമായി ഇതോടെ ലുകാക്കു. പിന്നീട് ഇംഗ്ലണ്ടിന്റെ ഹാരി കെയ്‌നും 1986ലെ മാറഡോണയുടെ നേട്ടത്തിനൊപ്പമെത്തി. ബെല്‍ജിയത്തിന് വേണ്ടി കളിച്ച 71 കളികളില്‍ 40 ഗോളുകളാണ് ലുകാക്കു അടിച്ചത്. 25കാരനായ ലുകാക്കു ഇപ്പോള്‍ തന്നെ ബെല്‍ജിയത്തിനുവേണ്ടി ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയ താരമാണ്.

ലുകാക്കുവിന്റെ പ്രായത്തില്‍ ക്രിസ്റ്റ്യാനോ 69 മത്സരങ്ങളില്‍ നിന്നും പോര്‍ച്ചുഗലിനുവേണ്ടി 22 ഗോളുകളാണ് നേടിയിരുന്നത്. മെസിയാകട്ടെ 70 മത്സരങ്ങളില്‍ അര്‍ജന്റീനക്കുവേണ്ടി 26 തവണ വല കുലുക്കി. ലോകകപ്പ് യോഗ്യതയില്‍ അസാധ്യ ഫോമിലായിരുന്നു ലുകാക്കു. 10 യോഗ്യതാ മത്സരങ്ങളില്‍ നിന്ന് നേടിയത് 15 ഗോളുകള്‍. റഷ്യയിലെത്തിയപ്പോള്‍ ആ ഫോം വീണ്ടും ഉയര്‍ന്നിരിക്കുകയാണ്. ലഭിച്ച 80 ശതമാനം അവസരങ്ങളും അയാള്‍ റഷ്യയില്‍ ഗോളാക്കി മാറ്റി. മറ്റൊരു താരത്തിനും അവകാശപ്പെടാനാവാത്ത നേട്ടം.

ടീമില്‍ നിന്നും ലഭിക്കുന്ന പിന്തുണ തന്നെയാണ് ലുകാക്കുവിനെ ബെല്‍ജിയം മുന്നേറ്റത്തിന്റെ കുന്തമുനയാക്കുന്നത്. ക്യാപ്റ്റന്‍ ഈഡന്‍ ഹസാര്‍ഡ്, കെവിന്‍ ഡി ബ്രൂയിന്‍, മെര്‍ട്ടന്‍സ് തുടങ്ങി ഒരുപിടി താരങ്ങള്‍ ലുകാക്കുവിന് നിരന്തരം പന്തെത്തിക്കുന്നു. ലഭിക്കുന്ന അവസരങ്ങളെ ഗോളാക്കി മാറ്റി ലുകാക്കു ഉദിച്ചുയരുകയും ചെയ്യുന്ന കാഴ്ച്ചയാണ് റഷ്യയില്‍ ഇതുവരെ കണ്ടത്.

ഏത് നിമിഷവും എതിര്‍ ബോക്‌സിലേക്ക് കുതിച്ചുപാഞ്ഞ് ഗോള്‍ നേടുന്ന ലക്ഷണമൊത്ത ഒമ്പതാം നമ്പര്‍ താരമാണ് ലുകാക്കുവെന്ന് തെളിയിക്കുന്ന പ്രകടനമാണ് അദ്ദേഹം ലോകകപ്പില്‍ നടത്തുന്നത്. പാനമക്കെതിരെ നേടിയ ഒരു ഗോള്‍ ഹെഡ്ഡറിലൂടെയും മറ്റൊന്ന് മനോഹരമായി ഗോളിക്ക് മുകളിലൂടെ ചിപ്പ് ചെയ്തുമായിരുന്നു. അപ്രതീക്ഷിത വേഗത്തിലൂടെ പ്രതിരോധക്കാരെയും ഗോളിയേയും കബളിപ്പിച്ച് രണ്ട് ഗോളുകള്‍ ടുണീഷ്യക്കെതിരെയും ലുകാക്കു നേടി. ആദ്യ പകുതിയില്‍ തന്നെ രണ്ട് ഗോളുകള്‍ നേടിയ ലുകാക്കുവിനെ ആ മത്സരത്തില്‍ 59ആം മിനുറ്റില്‍ തന്നെ ബെല്‍ജിയം കോച്ച് പിന്‍വലിച്ചിരുന്നു. മൂന്നാം മത്സരത്തില്‍ ലുകാക്കുവിന് വിശ്രമമായിരുന്നു. നോക്കൗട്ട് മത്സരങ്ങളില്‍ ബെല്‍ജിയം നിരയില്‍ എതിരാളികള്‍ ഏറ്റവും പേടിക്കുന്ന താരമായി ലുകാക്കു വളര്‍ന്നു കഴിഞ്ഞു.

TAGS :

Next Story