Quantcast

ഫ്രാന്‍സിന് ലോകകിരീടം

തുടര്‍ച്ചയായി അപകടം വിതക്കുന്ന നീക്കങ്ങളുമായി ക്രൊയേഷ്യ കളം നിറഞ്ഞെങ്കിലും അവസരം കിട്ടുമ്പോള്‍ തിരിച്ചടിക്കുന്ന ഫ്രഞ്ച് തന്ത്രമായിരുന്നു മത്സരഫലം തീരുമാനിച്ചത്...

MediaOne Logo

Web Desk

  • Published:

    16 July 2018 1:35 AM GMT

ഫ്രാന്‍സിന് ലോകകിരീടം
X

അടിമുടി ആവേശവും ഗോളുകളും നിറഞ്ഞ കലാശപോരാട്ടത്തില്‍ 4-2ന്‍റെ വിജയത്തോടെ ഫ്രാന്‍സ് രണ്ടാമത്തെ ഫുട്‌ബോള്‍ ലോകകപ്പ് സ്വന്തമാക്കി. അവസരം കിട്ടുമ്പോള്‍ മാത്രം മുന്നേറുകയെന്ന ഫ്രഞ്ച് തന്ത്രം വിജയിച്ചപ്പോള്‍ കളം നിറഞ്ഞു കളിച്ച ക്രൊയേഷ്യ അന്തിമപോരാട്ടത്തില്‍ തോറ്റു. ഫ്രാന്‍സിന്റെ ഗോളുകള്‍ മാന്‍സൂക്കിച്ച്(18'സെല്‍ഫ് ഗോള്‍), ഗ്രീസ്മാന്‍(38'), പോഗ്ബ (59') എംബാപെ(65') എന്നിവര്‍ നേടിയപ്പോള്‍ പെരിസിച്ചും(28') മാന്‍സുക്കിച്ചും(69') ക്രൊയേഷ്യക്കായി ഗോളുകള്‍ നേടി.

പെനല്‍റ്റിയിലൂടെ ഗോള്‍ നേടുന്ന ഗ്രീസ്മാന്‍

സെമി ഫൈനല്‍ കളിച്ച ടീമില്‍ നിന്നും മാറ്റങ്ങളില്ലാതെയാണ് ഫ്രാന്‍സും ക്രൊയേഷ്യയും കലാശപോരാട്ടത്തിനിറങ്ങിയത്. മൂന്ന് നോക്കൗട്ട് മത്സരങ്ങളില്‍ 120 മിനുറ്റ് കളിച്ചതിന്റെ ക്ഷീണമില്ലാതെയായിരുന്നു ക്രൊയേഷ്യന്‍ സംഘം പന്തു തട്ടിയത്. മത്സരത്തിന്റെ ആദ്യ മിനുറ്റു‌ മുതല്‍ ക്രൊയേഷ്യയായിരുന്നു മത്സരം നിയന്ത്രിച്ചത്. പക്ഷേ കളിയുടെ ഗതിക്ക് വിപരീതമായി പതിനെട്ടാം മിനുറ്റില്‍ ഗോള്‍ വീണത് ക്രൊയേഷ്യയുടെ പോസ്റ്റില്‍. ഗ്രീസ്മാനെ ബ്രോസോവിച്ച് ഫൗള്‍ ചെയ്ത് വീഴ്ത്തിയതിന് ലഭിച്ച ഫ്രീകിക്കാണ് ക്രൊയേഷ്യക്ക് തിരിച്ചടിയായത്.

ഫ്രാന്‍സിന്റേയും സെറ്റ് പീസുകളുടേയും നായകനായ ഗ്രീസ്മാന്റെ മനോഹരമായ ഫ്രീകിക്ക് ക്രൊയേഷ്യന്‍ താരം മാന്‍സൂക്കിച്ചിന്റെ തലയിലുരുമ്മി സ്വന്തം പോസ്റ്റിലേക്ക് കയറുന്നത് നോക്കി നില്‍ക്കാനേ ഗോളി സുബാസിച്ചിന് കഴിഞ്ഞുള്ളൂ. ലോകകപ്പ് ഫൈനലില്‍ ആദ്യമായി സെല്‍ഫ് ഗോള്‍ നേടുന്ന താരമെന്ന ഓര്‍ക്കാനിഷ്ടപ്പെടാത്ത റെക്കോഡും ഇതോടെ മാന്‍സൂക്കിച്ചിന്റെ പേരില്‍ കുറിക്കപ്പെട്ടു.

ക്രൊയേഷ്യക്കുവേണ്ടി പെരിസിച്ചിന്‍റെ ഗോള്‍

ഫ്രാന്‍സിന്റെ ഗോള്‍ ക്രൊയേഷ്യയെ നോവിച്ചുണര്‍ത്തുന്ന കാഴ്ച്ചയാണ് പിന്നീട് കണ്ടത്. പത്തു മിനുറ്റിനുള്ളില്‍ കൂട്ടായ പരിശ്രമത്തിലൂടെ ക്രൊയേഷ്യ ഗോള്‍ തിരിച്ചടിച്ചു. ഇത്തവണയും ഗോള്‍ പിറന്നത് ഫ്രീ കിക്കില്‍ നിന്നും. കാന്റെ പെരിസിച്ചിനെ വീഴ്ത്തിയതിന് ലഭിച്ച ഫ്രീ കിക്കാണ് ഗോളില്‍ കലാശിച്ചത്. ബോക്‌സിലെ കൂട്ടപ്പൊരിച്ചിലിനൊടുവില്‍ വിദ നല്‍കിയ പാസ് പെരിസിച്ച് വലംകാല്‍കൊണ്ട് സ്വീകരിച്ച് ഫ്രഞ്ച് പ്രതിരോധത്തിനിടയിലൂടെ തൊടുത്ത ഇടംകാല്‍ ഷോട്ട് വലയിലേക്ക് കയറി.

ക്രൊയേഷ്യ കളം നിറഞ്ഞ് കളിക്കുമ്പോള്‍ വീണ്ടും ഭാഗ്യത്തിന്റെ ആനുകൂല്യത്തില്‍ ഫ്രാന്‍സ് മുന്നിലെത്തുന്ന കാഴ്ച്ചയാണ് മുപ്പത്തിയെട്ടാം മിനുറ്റില്‍ കണ്ടത്. ആദ്യ ഗോള്‍ പിറന്ന് ഓരോ പത്തു മിനുറ്റ് കൂടുമ്പോഴും ഗോളുകള്‍ വരുന്ന(18, 28, 38) കാഴ്ച്ചയാണ് ആദ്യപകുതിയില്‍ കണ്ടത്. പെനല്‍റ്റി ബോക്‌സില്‍ വെച്ച് പന്ത് പെരിസിച്ചിന്റെ കയ്യില്‍ തട്ടിയതിനാണ് ഫ്രാന്‍സിന് അനുകൂലമായി പെനല്‍റ്റി വാര്‍ വിധിച്ചത്. വീണുകിട്ടിയ അവസരം ഗ്രീസ്മാന്‍ മുതലാക്കിയപ്പോള്‍ ഫ്രാന്‍സ് വീണ്ടും മുന്നിലെത്തി(2-1). ആദ്യ പകുതിയുടെ അവസാന മിനുറ്റുകളില്‍ ക്രൊയേഷ്യന്‍ താരങ്ങള്‍ ഇരമ്പിയെത്തിയപ്പോള്‍ ഉലഞ്ഞുപോയെങ്കിലും ഫ്രാന്‍സ് ഗോള്‍ വഴങ്ങിയില്ല.

അവസരം കിട്ടുമ്പോള്‍ മാത്രം ആക്രമിക്കുന്ന തന്ത്രം തന്നെയായിരുന്നു രണ്ടാം പകുതിയിലും ഫ്രാന്‍സ് സ്വീകരിച്ചത്. ആദ്യ പകുതിയെ അപേക്ഷിച്ച് ക്രൊയേഷ്യയുടെ വേഗത അല്‍പം കുറഞ്ഞപ്പോള്‍ അതിന്റെ ആനുകൂല്യം ഫ്രഞ്ച് താരങ്ങള്‍ മുതലാക്കുന്നതും രണ്ടാം പകുതിയില്‍ കണ്ടു. എംബാപെയുടെ പല അതിവേഗ ഓട്ടങ്ങളും ക്രൊയേഷ്യന്‍ പ്രതിരോധത്തെ ആശങ്കയിലാക്കി. അമ്പത്തിയൊമ്പതാം മിനുറ്റിലാണ് മത്സരം വരുതിയിലാക്കിയ ഗോള്‍ ഫ്രാന്‍സ് നേടിയത്.

ഇത്തവണയും പന്ത് പെനല്‍റ്റി ബോക്‌സിലെത്തിച്ചത് അതിവേഗക്കാരനായ എംബാപെ. എംബാപെ ബോക്‌സില്‍ തന്നെയുള്ള ഫ്രഞ്ച് കളിയുടെ സൂത്രധാരന്‍ ഗ്രീസ്മാന് നല്‍കുന്നു. സമ്മര്‍ദ്ദമില്ലാതെ ഗ്രീസ്മാന്‍ ബാക്ക് പാസിലൂടെ പന്ത് പോഗ്ബയിലേക്ക്. ശൂന്യതയില്‍ നിന്നും അവതരിച്ചപോലെ പോഗ്ബയുടെ ആദ്യ ഷോട്ട് ക്രൊയേഷ്യന്‍ പ്രതിരോധത്തില്‍ തട്ടി തിരിച്ചുവന്നു. രണ്ടാം അവസരത്തില്‍ പോഗ്‌ബെയുടെ വലം കാല്‍ ഷോട്ട് ക്രൊയേഷ്യന്‍ വലയിലെത്തി. ഇതോടെയാണ് കളി ഫ്രഞ്ച് അധീനതയിലായത്.

ഫൈനലില്‍ ഫ്രാന്‍സിന്റെ നാലാമത്തെ ഗോള്‍ പിറന്നത് കൗമാര വിസ്മയം കെയ്‌ലിയന്‍ എംബാപെയുടെ കാലില്‍ നിന്നായിരുന്നു. ലോകകപ്പിലെ തന്റെ നാലാം ഗോള്‍ കലാശപോരാട്ടത്തിന്റെ 65ആം മിനുറ്റിലാണ് എംബാപെ നേടിയത്. ഇടതു കോര്‍ണറില്‍ നിന്നുള്ള വലം കാലനടി സുബാസിച്ചിനെ കാഴ്ച്ചക്കാരനാക്കി വീണ്ടും ക്രൊയേഷ്യന്‍ വലയിലേക്ക്. സ്‌കോര്‍ ഫ്രാന്‍സ് 4 ക്രൊയേഷ്യ 1.

നാല് ഗോള്‍ നേടിയതിന്റെ ആലസ്യം ഫ്രഞ്ച് ടീമിനെ ബാധിച്ചതിന് ക്രൊയേഷ്യക്ക് ലഭിച്ച സമ്മാനമായിരുന്നു രണ്ടാം ഗോള്‍. ലോകകപ്പിലെ മികച്ച ഗോളിയെന്ന വിശേഷണമുള്ള ഫ്രഞ്ച് ഗോളി ഹ്യൂഗോ ലോറിസിന്റേതായിരുന്നു 69ആം മിനുറ്റിലെ തിരുത്താനാവാത്ത പിഴവ്. പ്രതിരോധക്കാരനില്‍ നിന്നും ലഭിച്ച മൈനസ് പാസ് സ്വീകരിച്ച ലോറിസ് ക്രൊയേഷ്യന്‍ താരം മാന്‍സൂക്കിച്ച് ഓടി വരുന്നത് കണ്ടെങ്കിലും ഡ്രിബിള്‍ ചെയ്യാന്‍ ശ്രമിക്കുന്നു. മാന്‍സൂക്കിച്ചിന്റെ നീട്ടിയ കാലില്‍ തട്ടി പന്ത് ഫ്രഞ്ച് വലയിലേക്ക്. സെല്‍ഫ് ഗോള്‍ പിഴവിന് കഠിനാധ്വാനത്തിലൂടെ മാന്‍സൂക്കിച്ചിന്‍റെ തന്നെ മറുപടി.

ഇതോടെ വീണ്ടും ആവേശത്തിന്റെ ഉന്നതിയിലേക്ക് ഫ്രാന്‍സ് ക്രൊയേഷ്യ പോരാട്ടം(4-2) മാറി. തുടരെ രണ്ട് ഗോളിന്‍റെ കടം വീട്ടാന്‍ ക്രൊയേഷ്യ ശ്രമിച്ചെങ്കിലും എല്ലാം ഫ്രഞ്ച് പ്രതിരോധത്തില്‍ തട്ടി തകര്‍ന്നു. എങ്കിലും അവസാന വിസില്‍ വരെ മനോഹരമായ കളി പുറത്തെടുത്ത ക്രൊയേഷ്യ തലയുയര്‍ത്തി തന്നെയാണ് റഷ്യയില്‍ നിന്നും മടങ്ങുന്നത്. സ്വന്തം കഴിവും പോരായ്മയും തിരിച്ചറിഞ്ഞുകൊണ്ടുള്ള ബുദ്ധിപൂര്‍വ്വമായ കളിയാണ് ഫ്രാന്‍സിന് കിരീടം സമ്മാനിച്ചത്.

TAGS :

Next Story