Quantcast

അന്റോണിയോ ജെര്‍മ്മന്‍ ഗോകുലം കേരള എഫ്.സി വിട്ടു

ക്ലബില്‍ സന്തോഷകരമായ സാഹചര്യമായിരുന്നില്ല ഉണ്ടായിരുന്നതെന്ന് ജെര്‍മ്മന്‍ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ സൂചിപ്പിക്കുന്നുണ്ട്. പരിശീലകന്‍ ബിനോ ജോര്‍ജ്ജുമായും ജെര്‍മ്മന്റെ ബന്ധം ഊഷ്മളമല്ലായിരുന്നു.

MediaOne Logo

Web Desk

  • Published:

    6 Dec 2018 7:57 PM IST

അന്റോണിയോ ജെര്‍മ്മന്‍ ഗോകുലം കേരള എഫ്.സി വിട്ടു
X

ഐ ലീഗിലെ ഗോകുലം കേരള എഫ്.സിയുമായുള്ള കരാര്‍ മുന്നേറ്റതാരം അന്റോണിയോ ജെര്‍മ്മന്‍ അവസാനിപ്പിച്ചു. ക്ലബുമായുള്ള കരാര്‍ അവസാനിപ്പിക്കുന്ന വിവരം ജെര്‍മ്മന്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു. ഉഭയസമ്മതപ്രകാരമാണ് കരാര്‍ അവസാനിപ്പിച്ചതെന്ന് ക്ലബ് അധികൃതരും അറിയിച്ചിട്ടുണ്ട്.

ഗോകുലം കേരള എഫ്.സിക്കുവേണ്ടി സീസണില്‍ ആറ് മത്സരങ്ങളിലാണ് 26കാരനായ അന്റോണിയോ ജെര്‍മ്മന്‍ ഇറങ്ങിയത്. ഒരു പെനല്‍റ്റിയടക്കം രണ്ട് ഗോളുകളാണ് ജെര്‍മ്മന് നേടാനായത്. ക്ലബിലെ സാഹചര്യങ്ങളിലുള്ള അസംതൃപ്തിയാണ് കരാര്‍ അവസാനിപ്പിക്കാനുള്ള കാരണമെന്നാണ് സൂചന. പരിശീലകന്‍ ബിനോ ജോര്‍ജ്ജുമായും ജെര്‍മ്മന്റെ ബന്ധം ഊഷ്മളമല്ലായിരുന്നു. ചെന്നൈ സിറ്റി എഫ്.സിക്കെതിരായ മത്സരത്തില്‍ 56ആം മിനുറ്റില്‍ പിന്‍വലിച്ചപ്പോള്‍ ജെര്‍മ്മരന്‍ പരസ്യമായി അതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തു.

ഐ.എസ്.എല്ലില്‍ മുന്‍ കേരള ബ്ലാസ്റ്റേഴ്‌സ് താരമാണ് അന്റോണിയോ ജെര്‍മ്മന്‍. 2014-15 സീസണില്‍ ആറ് മത്സരങ്ങളില്‍ നിന്നും ഒമ്പത് ഗോളുകളോടെ ജെര്‍മ്മന്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ മിന്നും താരമായി മാറിയിരുന്നു. എന്നാല്‍ ഗോകുലം എഫ്.സിയിലേക്കുള്ള കൂടുമാറ്റം താരത്തെ പല കാരണങ്ങളാലും തൃപ്തിപ്പെടുത്തിയില്ല. ഇതാണ് ടീം വിടാന്‍ കാരണമായതെന്നാണ് സൂചന.

ഗോകുലം കേരള എഫ്.സിക്കെതിരെ മോശമായി ഒന്നും പറയില്ലെന്ന് പറഞ്ഞെങ്കിലും ക്ലബില്‍ സന്തോഷകരമായ സാഹചര്യമായിരുന്നില്ല ഉണ്ടായിരുന്നതെന്ന് ജെര്‍മ്മന്‍ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ സൂചിപ്പിക്കുന്നുണ്ട്. ആരാധകര്‍ക്ക് നന്ദിപറയുന്ന താരം ക്ലബിന് മികച്ച ഭാവിയും ആശംസിച്ചാണ് യു.കെയിലേക്ക് വണ്ടി കയറുന്നത്.

TAGS :

Next Story