ചാമ്പ്യൻസ് ലീഗ്; ലിവർപൂൾ അത്ഭുതങ്ങള്‍ ആവര്‍ത്തിക്കുമോ?
എന്നാല്‍, ക്ലോപ്പിനും കൂട്ടര്‍ക്കും ജയിച്ചാല്‍ മാത്രം പോര. ഗോള്‍ ശരാശരിയിലും മുന്നിലെത്തണം

യൂറോപ്യന്‍ പോരാട്ടത്തില്‍ റയല്‍ മഡ്രിഡിനെതിരെ കഴിഞ്ഞ സീസണില്‍ കൊമ്പുകോര്‍ത്ത ഫൈനലിസ്റ്റുകള്‍ക്ക് ഇത്തവണ ആദ്യ റൗണ്ടു പോലും കടക്കാതെ മടങ്ങേണ്ടിവരുമോ? ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ ഒന്നാം സ്ഥാനക്കാരായ ലിവര്‍പൂളിന്റെ വിധി ഏതായാലും ഇന്നറിയും. ചാമ്പ്യന്‍സ് ലീഗിലെ ഗ്രൂപ് തല അവസാന റൗണ്ട് പോരാട്ടങ്ങള്‍ ഇന്നും നാളെയുമായി നടക്കുേമ്പാള്‍, ഗ്രൂപ് 'സി'യിലെ ക്ലൈമാക്സിനുവേണ്ടി കാത്തിരിക്കുകയാണ് ആരാധകര്‍.
ഒന്നാമതുള്ള നാപോളിയും (ഒമ്പത് പോയന്റ്), മൂന്നാമതുള്ള ലിവര്‍പൂളും (ആറ്) തമ്മിലാണ് വീറും വാശിയുമേറെയുള്ള പോരാട്ടം. ഇറ്റാലിയന്‍ സംഘത്തിന് നോക്കൗട്ടുറപ്പിക്കാന്‍ തോല്‍ക്കാതിരുന്നാല്‍ മതിയാവും. എന്നാല്‍, ക്ലോപ്പിനും കൂട്ടര്‍ക്കും ജയിച്ചാല്‍ മാത്രം പോര. ഗോള്‍ ശരാശരിയിലും മുന്നിലെത്തണം. രണ്ടു ഗോള്‍ വ്യത്യാസത്തില്‍ ജയിച്ചാല്‍ മാത്രമേ ലിവര്‍പൂളിന് പ്രീ ക്വാര്‍ട്ടര്‍ സ്വപ്നം കണേണ്ടതുള്ളൂ. പ്രതിരോധത്തിന് പേരുകേട്ട നാപോളിയോട് അത് സാധ്യമാവുമോയെന്ന് കാത്തിരുന്ന് കാണണം.
ലിവര്‍പൂളിന്റെ തിരിച്ചുവരവില്‍ സംശയം പ്രകടിപ്പിക്കുന്നവരോട് യുറുഗന്‍ ക്ലോപ്പിന് ഒന്നേ പറയാനുള്ളൂ. ''ആന്‍ഫീല്‍ഡ് ഞങ്ങളെ ചതിക്കാത്ത മണ്ണാണ്. എന്നും അത്ഭുതങ്ങള്‍ വിരിയിച്ച ഈ പച്ചപുല്ലില്‍ ചെമ്പട ഉയിര്ത്തെഴുന്നേല്ക്കും.'' ക്ലോപ്പ് വാഗ്ദാനം ചെയ്ത ആ സ്വപ്നം യാഥാര്‍ഥ്യമാവാന്‍ പ്രാര്‍ഥനയോടെ കാത്തിരിക്കുകയാണ് ആരാധകര്‍. അതിന് ചരിത്രത്തിന്റെ പിന്‍ബലവുമുണ്ട്. 2004/05 സീസണില്‍, ഒളിമ്പിയാകോസിനെതിരെ ഗ്രൂപിലെ അവസാന മത്സരത്തില്‍ രണ്ടു ഗോള്‍ വ്യത്യാസത്തില്‍ ലിവര്‍പൂളിന് ജയിക്കേണ്ടിയിരുന്നു. റിവാള്‍ഡോയുടെ ഗോളില്‍ ആദ്യ പകുതിയില്‍ മുന്നിട്ടുനിന്ന ഗ്രീക്ക് ക്ലബിനെതിരെ, അതിമനോഹരമായി ലിവര്‍പൂള്‍ തിരിച്ചുവന്നു.

ക്ലബിന്റെ ഇതിഹാസ നായകന് സീറ്റീവന് ജെറാഡിന്റെ മികവിലായിരുന്നു 3-1ന്റെ ഉയിര്ത്തെഴുന്നേല്പ്. പതിറ്റാണ്ടുകള്‍ക്കിപ്പുറം മറ്റൊരു ജെറാഡിലൂടെ ഒരു തിരിച്ചുവരവുണ്ടാവുമെന്നാണ് ആന്ഫീല്ഡുകാരുടെ പ്രതീക്ഷ. ഇതേ ഗ്രൂപ്പിലെ രണ്ടാം മത്സരത്തില്‍ പി.എസ്.ജി(എട്ട് പോയന്റ്) ദുര്‍ബലരായ റെഡ് സ്റ്റാര്‍ ബല്‍ഗ്രേഡിനെ നേരിടും. അനായാസം കളിജയിച്ച് മറ്റു സാധ്യതകള്‍ക്ക് കാത്തിരിക്കാതെ പ്രീ ക്വാര്‍ട്ടര്‍ ഉറപ്പിക്കാനാണ് നെയ്മറും സംഘവും ഇറങ്ങുന്നത്.
ടോട്ടന്‍ഹാമിനും ജയിക്കണം

ബാഴ്സയുടെ മണ്ണില്‍ പകരം ചോദിക്കാനാണ് ടോട്ടന്‍ഹാം എത്തുന്നത്. ഗ്രൂപ് 'ബി'യില്‍ ക്വാര്‍ട്ടറുറപ്പിച്ച ബാഴ്സക്ക് ആശങ്കകളില്ല. രണ്ടാം സ്ഥാനക്കാര്‍ക്കുള്ള അടിപിടി ടോട്ടന്‍ഹാമും ഇന്ററും തമ്മിലാണ്. ഇരുവര്‍ക്കും ഏഴ് പോയന്റ് വീതം. ബാഴ്സലോണ-ടോട്ടന്‍ഹാം, ഇന്റര്‍-പി.എസ്.വി മത്സരത്തില്‍ വന്‍ മാര്‍ജിനില്‍ ജയിക്കുന്നവര്‍ക്ക് രണ്ടാമതായി നോക്കൗട്ടില്‍ കയറാം. മറ്റു ഗ്രൂപ്പുകളില്‍ നോക്കൗട്ടുകാരുടെ കാര്യത്തില്‍ തീരുമാനമായിട്ടുണ്ട്.
Adjust Story Font
16

