ജംഷെഡ്പൂരിനെ അവസാന നിമിഷം സമനിലയില്‍ പിടിച്ച് നോര്‍ത്ത് ഈസ്റ്റ്
സ്വന്തം മൈതാനത്ത് നടന്ന മത്സരം സമനിലയിലായതോടെ പോയിന്റ് നിലയില്‍ എ.ടി.കെയെ മറികടക്കാനുള്ള അവസരവും ജംഷെഡ്പൂരിന് നഷ്ടമായി

ജംഷെഡ്പൂര്‍ എഫ്.സിയെ അവസാന നിമിഷം സമനിലയില്‍ പിടിച്ച് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്. ജംഷെഡ്പൂരിനുവേണ്ടി സെര്‍ജിയോ കാസ്റ്റലും നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനായി 90ആം മിനുറ്റില്‍ പനെഗിയോട്ടിസ് ട്രിയാഡിസുമാണ് ഗോള്‍ നേടിയത്. സമനിലയോടെ പോയിന്റ് ടേബിളില്‍ ഒന്നാമതെത്താനുള്ള അവസരമാണ് ജംഷെഡ്പൂരിന് നഷ്ടമായത്.
ജെ.ആര്‍.ഡി സ്‌പോര്‍ട്‌സ് കോംപ്ലക്‌സില്‍ നന്ന മത്സരത്തില്‍ ജംഷെഡ്പൂര്‍ എഫ്.സിക്ക് തന്നെയായിരുന്നു എല്ലാ മേഖലയിലും മുന്‍തൂക്കം. ആദ്യപകുതിയില്‍ തന്നെ അവര്‍ ഗോള്‍ നേടുകയും ചെയ്തു. മത്സരത്തിന്റെ 28ാം മിനിറ്റിലായിരുന്നു ഗോളിന് വഴിയൊരുങ്ങിയത്. എയ്റ്റര്‍ മോണ്‍റോയ് നീട്ടിനല്‍കിയ പാസ് സ്വീകരിച്ച് ഫാറൂഖ് ചൗധരി മുന്നേറി. ഒടുവില്‍ ബോക്‌സിലേക്ക് മറിച്ചു നല്‍കിയ പന്ത് കാസ്റ്റെല്‍ നെഞ്ചില്‍ നിയന്ത്രിച്ച് വലയിലേക്ക് ഷോട്ടുതിര്‍ത്തു.
രണ്ടാം പകുതിയിലും ജംഷെഡ്പൂര്‍ മികച്ച മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ഗോള്‍ നേടാനായില്ല. എന്നാല്‍, 78ആം മിനുറ്റില്‍ കാസ്‌റ്റെല്‍ പരിക്കേറ്റ പുറത്തായത് അവര്‍ക്ക് തിരിച്ചടിയായി. മത്സരത്തിന്റെ 90ാം മിനിറ്റിലാണ് നോര്‍ത്ത് ഈസ്റ്റിന്റെ സമനില ഗോള്‍ വരുന്നത്. അസമോവ ഗ്യാന്‍ ഹെഡ് ചെയ്ത് നല്‍കിയ പന്ത് പനെഗിയോട്ടിസ് ട്രിയാഡിസ് ജംഷെഡ്പൂരിന്റെ വലയിലെത്തിച്ചു.
ആറു മത്സരങ്ങളില്‍ നിന്ന് 11 പോയന്റുള്ള ജംഷെഡ്പൂര്‍ രണ്ടാം സ്ഥാനത്താണ്. ഇത്രയും മത്സരങ്ങളില്‍ നിന്ന് 10 പോയന്റുമായി നോര്‍ത്ത് ഈസ്റ്റ് നാലാം സ്ഥാനത്താണ്.
Adjust Story Font
16

