Top

സൌദിയില്‍ 2020ല്‍ നടപ്പിലാകുന്ന നിയമങ്ങളും മാറ്റങ്ങളും അറിയാം;പ്രതീക്ഷയും ആശങ്കയും നിറഞ്ഞ് പ്രവാസികള്‍

ടൂറിസം രംഗത്തെയും അടിസ്ഥാന സൌകര്യ വികസന മേഖലയിലേയും മാറ്റങ്ങള്‍ പുതിയ അവസരങ്ങള്‍ പുതുതലമുറക്ക് സൃഷ്ടിക്കും

MediaOne Logo
സൌദിയില്‍ 2020ല്‍ നടപ്പിലാകുന്ന നിയമങ്ങളും മാറ്റങ്ങളും അറിയാം;പ്രതീക്ഷയും ആശങ്കയും നിറഞ്ഞ് പ്രവാസികള്‍
X

സൌദി ഭരണാധികാരി സല്‍മാന്‍ രാജാവ് മകനും കിരീടാവകാശിയുമായ മുഹമ്മദ് ബിന്‍ സല്‍മാനൊപ്പം

സ്വദേശിവത്കരണം ശക്തമാണ് സൌദി അറേബ്യയില്‍. നിരവധി പ്രവാസികള്‍ മടങ്ങി. എന്നിട്ടും കഴിഞ്ഞ വര്‍ഷം, അതായത് 2019ല്‍ സൌദിയിലേക്ക് പുതിയ വിസകളില്‍ എത്തിയത് 12 ലക്ഷത്തിലേറെ പേരാണ്. അതു പുതിയ തൊഴിലുകളിലേക്ക്. ഓരോ വര്‍ഷവും പ്രതീക്ഷയോടെയാണ് പ്രവാസികള്‍ പുതുവര്‍ഷത്തെ വരവേല്‍ക്കാറ്.

2020ല്‍ പ്രവാസികള്‍ അറിഞ്ഞിരിക്കേണ്ട സൌദിയില്‍ പ്രാബ്യത്തിലാകാന്‍ പോകുന്ന പുതിയ നിയമങ്ങളും സംവിധാനങ്ങളും പരിചയപ്പെടാം.

1. രാപ്പകല്‍ ഭേദമന്യേ മുഴുസമയം കടകള്‍ തുറക്കും:

സൗദി അറേബ്യയില്‍ വാണിജ്യ സ്ഥാപനങ്ങളുടെ പ്രവര്‍ത്തന സമയം ഇരുപത്തിനാല് മണിക്കൂറായി ദീര്‍ഘിപ്പിക്കാനുള്ള തീരുമാനം ബുധനാഴ്ച മുതല്‍ പ്രാബല്യത്തിലാകും. രാജ്യത്തെ വ്യാപാര സ്ഥാപനങ്ങള്‍ക്ക് ഇടവേളകളില്ലാതെ മുഴു സമയം പ്രവര്‍ത്തിക്കുന്നതിന് നല്‍കിയ അനുമതി വഴി കടകളില്‍ ക്യാമറകള്‍ സ്ഥാപിച്ച് ഫീസടച്ചവര്‍ക്കാണ് മുഴുസമയം തുറന്ന് പ്രവര്‍ത്തിക്കാനാവുക. ജനുവരി ഒന്നു മുതല്‍ ഇത് പ്രാബല്യത്തിലാകും

2. രാത്രി ജോലി ചെയ്യുന്നവര്‍ക്ക് ആനുകൂല്യം ലഭിക്കും:

സൗദിയില്‍ രാത്രി ഷിഫ്റ്റുകളില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്കുള്ള പുതിയ ആനുകൂല്യങ്ങൾ ജനുവരി ഒന്ന് മുതൽ പ്രാബല്യത്തിലാകും. രാത്രി പതിനൊന്ന് മണി മുതല്‍ രാവിലെ ആറ് മണി വരെ ജോലി ചെയ്യുന്നവര്‍ക്കാണ് ആനൂകൂല്ല്യങ്ങള്‍ ലഭിക്കുക. ഭക്ഷണം പാചകം ചെയ്യാനുള്ള സംവിധാനവും അലവന്‍സും തൊഴിലുടമ നല്‍കണം.

3. വിമാനത്താവളങ്ങളില്‍ പത്ത് റിയാല്‍ ഫീസ്:

സൌദിയിലെ ആഭ്യന്തര വിമാനയാത്രക്കാരിൽ നിന്ന് പത്ത് റിയാൽ ഫീസ് ജനുവരി ഒന്നു മുതല്‍ ഈടാക്കും. സിവിൽ ഏവിയേഷൻ അതോറിറ്റിയാണ് വിമാനക്കന്പനികള്‍ വഴി തുക ഈടാക്കുക. ചുരുക്കത്തില്‍ ടിക്കറ്റുകളില്‍ എല്ലാത്തിലും പത്ത് റിയാലിന്റെ വര്‍ധനവുണ്ടാകും. എയർപോർട്ട് ലോഞ്ചുകളും അനുബന്ധ സൗകര്യങ്ങളും ഉപയോഗിക്കുന്നതിനുള്ള ഫീസാണിത്.

4. ഹൈഡ്രോജനേറ്റ് ചെയ്ത ഭക്ഷണം നിരോധിക്കും:

ഹൈഡ്രോജനേറ്റ് ചെയ്ത ഓയില്‍ ഭാഗികമായി അടങ്ങിയ ഭക്ഷ്യ വസ്തുക്കള്‍ ജനുവരി ഒന്നു മുതല്‍ സൌദിയില്‍ നിരോധിക്കും. സൌദി ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ചീത്ത കൊളസ്ട്രോള്‍ ഇത്തരം ഓയില്‍ വര്‍ധിപ്പിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. സ്ഥാപനങ്ങള്‍ക്കും ഇറക്കുമതിക്കാര്‍ക്കും ഇത് സംബന്ധിച്ച ഉത്തരവ് നല്‍കിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

5. റിയാദ് മെട്രോ ഓടിത്തുടങ്ങും:

സൌദി തലസ്ഥാനത്ത് പൂര്‍ത്തിയാകുന്ന റിയാദ് മെട്രോ ഈ വര്‍ഷം പരീക്ഷണ ഓട്ടം പൂര്‍ത്തീകരിച്ച് ഓടിത്തുടങ്ങും. നൂറ്റി മുപ്പത്തിനാല് കിമീ ദൈര്‍ഘ്യത്തില്‍ ലോകത്തിലെ ഏറ്റവും വലിയ മെട്രോ പദ്ധതിയാണ് പൂര്‍ത്തിയാകുന്നത്. തൊണ്ണൂറ് ശതമാനത്തിലേറെ ജോലികള്‍ പൂര്‍ത്തിയായി. പാലങ്ങളില്‍ സൌന്ദര്യവത്കരണ ജോലികള്‍ പുരോഗമിക്കുന്നുണ്ട്. മെട്രോയില്‍ ജോലി ചെയ്യുന്നവരില്‍ ഭൂരിഭാഗവും വിദേശികളാണ്. വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു കഴിഞ്ഞു.

6. മെട്രോ ബസ്സുകളും ഓടിത്തുടങ്ങും:

മുവ്വായിരത്തിലേറെ വരുന്ന ബസ്സുകളില്‍‌ ആദ്യ ഘട്ടത്തില്‍ 319 എണ്ണമാണ് ഈ വര്‍ഷം സര്‍വീസിന്. എല്ലാം തലസ്ഥാനത്ത് എത്തിക്കഴിഞ്ഞു. പ്രാഥമിക പരീക്ഷണയോട്ടവും തുടങ്ങി. മേഴ്സിഡസ്, മാന്‍ കന്പനികള്‍ നിര്‍മിച്ച അത്യാധുനിക ബസ്സുകള്‍ റിയാദിന്റെ ചിത്രം മാറ്റും. മെട്രോ ബസ് ജീവനക്കാരില്‍ ഭൂരിഭാഗവും വിദേശികളാണ്. വിവിധ ജോലികളും ഈ മേഖലയില്‍ ഉണ്ടാകും.

7. കഅ്ബയുടെ മുറ്റത്തും ഹറം മുറ്റത്തും കുടകള്‍:

മക്കയിലെ മസ്ജിദുല്‍ ഹറമിന്റെ വിവിത മുറ്റങ്ങളില്‍ തണൽ കുടകൾ ഉടന്‍ സ്ഥാപിക്കും. ലോകത്തെ ഏറ്റവും വലിയ തണല്‍ കുടകള്‍ മഴയും വെയിലും തടയാനാണ് ഉപയോഗിക്കുക. റമദാന് മുന്നോടിയായി ഇത് പൂര്‍ത്തിയാക്കാണ് ശ്രമം. ഇതിനുള്ള പദ്ധതി കരാര്‍ കമ്പനി തുടങ്ങിയിട്ടുണ്ട്.

8. ലെവിയുടെ പ്രത്യാഘാത പഠന റിപ്പോര്‍ട്ട്:

സ്വകാര്യ മേഖലയില്‍ ലെവിയുണ്ടാക്കിയ പ്രത്യാഘാതത്തിന്റെ പഠന റിപ്പോര്‍ട്ട് പ്രത്യേക സംഘം തയ്യാറാക്കുന്നുണ്ട്. ഇത് സാമ്പത്തിക, തൊഴില്‍ മന്ത്രാലയങ്ങള്‍ക്ക് ഈ വര്‍ഷം സമര്‍പ്പിച്ചേക്കും. സാന്പത്തിക മേഖലയില്‍ ഇനി ചുമത്താന്‍ പോകുന്ന ഏത് ഫീസുകള്‍ക്കും മുന്നോടിയായി പ്രത്യാഘാത പഠനം നടത്തണമെന്ന നിര്‍ദേശം പ്രാബല്യത്തിലായി. ഈ വര്‍ഷം മുതല്‍ എന്ത് ഫീസ് നടപ്പാക്കണമെങ്കിലും അതിന്റെ പ്രത്യാഘാതം പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ച് അംഗീകാരം നേടല്‍ നിര്‍ബന്ധമാണ്.

9. സ്വകാര്യ മേഖലയില്‍ ശമ്പള വര്‍ധന:

സൌദിയിലെ സ്വകാര്യ മേഖലയില്‍ ശമ്പള വര്‍ധന ഈ വര്‍ഷമുണ്ടാകും. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് മിക്ക സ്ഥാപനങ്ങള്‍ക്കും വിവിധ കാരണങ്ങളാല്‍ തടഞ്ഞുവെക്കപ്പെട്ട പണം ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ സ്വകാര്യ സ്ഥാപനങ്ങള്‍ ശമ്പളം ഉയര്‍ത്തുമെന്ന് ബ്ലൂംബര്‍ഗ് ഉള്‍പ്പെടെയുള്ള സാമ്പത്തിക മാധ്യമങ്ങള്‍ വന്‍കിട സ്വകാര്യ സൌദി കമ്പനികളെ ഉദ്ദരിച്ച് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സൌദിയില്‍ സര്‍ക്കാര്‍ പദ്ധതികള്‍ നടപ്പിലാക്കിയ നിര്‍‌മാണ കന്പനികള്‍ക്കുള്ള കുടിശ്ശിക വേഗത്തില്‍ അടച്ചു തീര്‍ക്കാന്‍ സല്‍മാന്‍ രാജാവിന്റെ ഉത്തരവിട്ടിട്ടുണ്ട്.

10. ജി ട്വന്റി ഉച്ചകോടി സൌദിയില്‍ നടക്കും:

സൌദി തലസ്ഥാനമായ റിയാദില്‍ വെച്ചാണ് ജി-ട്വന്റി ഉച്ചകോടി നടക്കുന്നത്. നവമ്പറില്‍ നടക്കുന്ന ഉച്ചകോടിക്ക് മുന്നോടിയായി റിയാദ് വിമാനത്താവളത്തില്‍ പ്രത്യേക കൌണ്ടര്‍ തുറന്നു. വിവിധ പദ്ധതികള്‍ ആസൂത്രണം ചെയ്തു വരുന്നു. വിവിധ ജോലികള്‍ ഇതിന്റെ ഭാഗമായി സൃഷ്ടിക്കപ്പെടുന്നുണ്ട്.

11. ഹോട്ടലുകളിലും പെട്രോള്‍ പമ്പുകളിലും വില ഡിസ്പ്ലേ:

ഹോട്ടലുകളില്‍ ഭക്ഷണത്തില്‍ അടങ്ങിയ കലോറി പ്രദര്‍ശിപ്പിക്കല്‍ നിര്‍ബന്ധമാണ്. അതില്ലാത്ത സ്ഥാപനങ്ങള്‍ക്കെതിരെ ശിക്ഷാ നടപടിയെടുത്തു തുടങ്ങിയിട്ടുണ്ട്. പെട്രോള്‍ വില നിശ്ചിത ഇടവേളകളില്‍ പുതുക്കുന്നതിനാല്‍ ഓരോ പെട്രോള്‍ പന്പും വില പ്രദര്‍ശിപ്പിക്കണം. അടിസ്ഥാന സൌകര്യമില്ലാത്ത പെട്രോള്‍ പന്പുകള്‍ അടച്ചു പൂട്ടിയിട്ടുണ്ട്. അവര്‍ക്ക് മികച്ച സൌകര്യം ഉറപ്പാക്കി അനുമതിയോടെ തുറക്കാം.

12. അഴിമതി വിരുദ്ധ നിയമം പ്രാബല്യത്തില്‍:

അഴിമതിക്കാരെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് സന്പൂര്‍ണ സംരക്ഷണം നല്‍കുന്ന സുപ്രധാന നിയമം സൌദിയില്‍ ശൂറ കൌണ്‍സില്‍ പാസാക്കി. രഹസ്യം വിവരം നല്‍കുന്നവര്‍ക്ക് പുറമെ ഇരകളേയും സാക്ഷികളേയും സംരക്ഷിക്കുന്നതാണ് നിയമം. അഴിമതി നിര്‍മാര്‍ജന പദ്ധതിയുടെ ഭാഗമായാണ് നീക്കം. ഇതു പ്രകാരം അഴിമതിക്ക് ശ്രമിച്ചവരെ രാജ്യത്ത് നിന്ന് അറസ്റ്റ് ചെയ്തു തുടങ്ങിയിട്ടുണ്ട്. ഉദ്യോഗസ്ഥ തലത്തിലെ അഴിമതി ഇല്ലാതാക്കലാണ് ലക്ഷ്യം.

13. ഉംറക്കാര്‍ക്ക് ഇന്‍ഷൂറന്‍സ് നിര്‍ബന്ധം:

സൗദിയിലെത്തുന്ന വിദേശികളായ ഉംറ തീര്‍ത്ഥാടകര്‍ക്ക് സമഗ്ര ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതി പ്രാബല്യത്തിലായി. ഹജ്ജ് ഉംറ മന്ത്രാലയം, തവുനിയ ഇന്‍ഷൂറന്‍സ് കമ്പനിയുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. ആരോഗ്യ സേവനങ്ങൾക്ക് പുറമെ വിമാനതാവളങ്ങളിൽ നേരിടേണ്ടി വരുന്ന വിവിധ യാത്ര പ്രശ്നങ്ങൾക്കും ഇൻഷൂറൻസ് ആനുകൂല്യം ലഭിക്കും. ഒരു മാസത്തെ പോളിസിക്ക് 189 റിയാലാണ് ഓരോ തീർത്ഥാടകനും ഇതിനായി അടക്കേണ്ടത്. ഇത് വഴി ഒരു ലക്ഷം റിയാല്‍ വരെയുള്ള ചികിത്സാ സേവനങ്ങൾ ലഭിക്കും.

14. പ്രവാസികള്‍ക്ക് ചികിത്സക്ക് ഇഖാമ കാണിച്ചാല്‍ മതി;

സൗദിയില്‍ മെഡിക്കല്‍ സേവനങ്ങള്‍ക്ക് ഇനി ഇന്‍ഷൂറന്‍സ് കാര്‍ഡ് നിര്‍ബന്ധമില്ല. മെഡിക്കല്‍ ഇന്‍ഷൂറന്‍സ് പോളിസിയുള്ളവര്‍ക്ക് ആശുപത്രികളിലും ക്ലിനിക്കുകളിലും സേവനം ലഭിക്കുന്നതിന് സ്വദേശി തിരിച്ചറിയല്‍ കാര്‍ഡും, വിദേശികളുടെ താമസ രേഖയും സമര്‍പ്പിച്ചാല്‍ മതി. താമസ രേഖാ നമ്പര്‍ നല്‍കുന്നതിലൂടെ ഇന്‍ഷൂറന്‍സ് പോളിസിയെടുത്ത വ്യക്തികള്‍ക്ക് വിവരങ്ങള്‍ ഉറപ്പ് വരുത്തുവാനും സാധിക്കും.

15. സൌദിയില്‍ വിദേശ സര്‍വകലാശാലകള്‍;

രാജ്യത്തെ ഓരോ സര്‍വകലാശാലകള്‍ക്കും സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കുന്നതാണ് സൌദിയിലെ പരിഷ്‌കരിച്ച നിയമം. മന്ത്രാലയത്തിന് കീഴിലുള്ള ട്രസ്റ്റ് ബോര്‍ഡുകള്‍ക്കാണ് ഓരോ സര്‍വകലാശാലകളുടെയും ഭരണ ചുമതല. ‌പുതിയ നിയമ മനുസരിച്ച് തദ്ദേശ സര്‍വകലാശാലകള്‍ക്ക് രാജ്യത്തിന് പുറത്ത് ശാഖകള്‍ ആരംഭിക്കാന്‍ സാധിക്കും ഒപ്പം വിദേശ സര്‍വകലാശാലകള്‍ക്ക് രാജ്യത്തും ശാഖകള്‍ ആരംഭിക്കാന്‍ അനുമതി നല്‍കുന്നുണ്ട്.

16. പുതിയ സകാത്ത് നിയമം വിദേശികള്‍ക്കില്ല:

സൌദിയില്‍ നിക്ഷേപം നടത്തുന്ന വിദേശ കന്പനികള്‍ക്ക് സകാത്ത് നിയമം ബാധകമാവില്ല. അതേ സമയം വിദേശ കന്പനിയുടെ സൌദിയിലെ ഉടമ സ്വദേശിയാണെങ്കില്‍ സകാത്ത് നല്‍കാന്‍ ബാധ്യസ്തനാകും. ഗള്‍ഫ് കന്പനികളും ഗള്‍ഫ് നിക്ഷേപകരും സ്വദേശികളും സകാത്ത് നല്‍കേണ്ടി വരും. വിദേശികളായ നിക്ഷേപകര്‌ക്ക് മാത്രമാണ് ജനുവരി മുതല്‍ നിയമത്തില്‍ ഇളവ്.

17. ടാക്സി ജോലികളുടെ സ്വദേശിവത്കരണം:

ഊബര്‍, കരീം ഉള്‍പ്പെടെയുള്ളവയില്‍ സ്വദേശിവത്കരണ ശ്രമങ്ങള്‍ ഈ വര്‍ഷം തുടങ്ങും. സൌദിയിലെ മുഴുവന്‍ ടാക്സികളും ഓണ്‍ലൈന്‍ വഴി ബന്ധിപ്പിക്കുന്നതും ഈ വര്‍ഷം പൂര്‍ത്തിയാകും. ഉപഭോക്താക്കളോട് പെരുമാറുന്നതുള്‍പ്പെടെ, ടാക്സി ജീവനക്കാര്‍ക്കുള്ള പരിശീലനം പുരോഗമിക്കുകയാണ്.

18. തുര്‍ക്കിയിലേക്ക് യാത്രക്ക് നിബന്ധന:

സൌദി സ്വദേശികള്‍ക്ക് തുര്‍ക്കിയിലേക്ക് പ്രവേശിക്കണമെങ്കില്‍ എംബസി വഴിയുള്ള വിസ നേടണം. നേരത്തെ വെബ്സൈറ്റ് വഴി ഇത് സൌദികള്‍ക്ക് ലഭ്യമായിരുന്നു.

19. പ്രീമിയം ഇഖാമക്കാര്‍ക്ക് സ്ഥിര താമസം:

സൌദിയില്‍ പ്രീമിയം ഇഖാമ സ്വന്തമാക്കിയവര്‍ക്ക് ഈ വര്‍ഷം മുതല്‍ സൌദി സ്വദേശികളുടെ ഭൂരിഭാഗം ആനുകൂല്യങ്ങളോടെ സൌദിയില്‍ താമസിക്കാം. സ്പോണ്‍സറുടെ ആവശ്യമില്ലാത്ത പ്രത്യേക താമസരേഖയാണ് പുതുതായി പ്രഖ്യാപിച്ച പ്രവിലേജ് ഇഖാമകള്‍. അപക്ഷ അംഗീകരിച്ച് പ്രത്യേക അഭിമുഖത്തിന് ശേഷമാണ് സ്ഥിര താമസ രേഖ അഥവാ പ്രീമിയം റെസിഡന്‍സ് കാര്‍ഡ് നല്‍കുന്നത്. ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ പ്രീമിയം റസിഡന്‍സി സെന്ററിന് കീഴിലാണ് പദ്ധതി. സ്ഥിര താമസ ഇഖാമക്ക് എട്ട് ലക്ഷം റിയാലാണ് ഫീസ്. ലെവിയോ മറ്റു ഫീസുകളോ വേറെയുണ്ടാകില്ല. ഓരോ വര്‍ഷവും പുതുക്കുന്ന താല്‍ക്കാലിക ഇഖാമക്ക് ഒരു ലക്ഷം റിയാലാണ് തുക.

20. പുതിയ സന്ദര്‍ശക വിസകള്‍:

നേരത്തെ ടൂറിസം വിസയുടെ ഭാഗമായി കുറഞ്ഞ രാജ്യങ്ങള്‍ക്കാണ് ഇ-വിസ ലഭ്യമാക്കിയത്. ഇത് കൂടുതല്‍ രാജ്യങ്ങള്‍ക്ക് ഘട്ടം ഘട്ടമായി ഈ വര്‍ഷം അനുവദിക്കും. ടൂറിസം മന്ത്രാലയത്തിന് കീഴിലുള്ള ഈ വിസകളില്‍ നിശ്ചിത ദിവസം മാത്രമാണ് സൌദിയില്‍ തങ്ങാനാവുക.

Next Story