Quantcast

സൗദി തെരുവുകള്‍ ഭദ്രമാക്കി പൊലീസും പട്ടാളവും: കനത്ത പിഴ ചുമത്തിയതോടെ വിജനമായ തെരുവുകളിലെ കാഴ്ചകള്‍ 

ഒരോ ദിവസവും രാത്രി 7 മുതല്‍ രാവിലെ ആറ് വരെയാണ് കര്‍ഫ്യൂ

MediaOne Logo
സൗദി തെരുവുകള്‍ ഭദ്രമാക്കി പൊലീസും പട്ടാളവും: കനത്ത പിഴ ചുമത്തിയതോടെ വിജനമായ തെരുവുകളിലെ കാഴ്ചകള്‍ 
X
വൈകുന്നേരം മുതല്‍ തന്നെ തെരുവുകള്‍ വിജനമായി തുടങ്ങിയിരുന്നു. ബത്ഹയിലെ കാഴ്ച
രാത്രി ഏഴു മണിക്ക് ശേഷം ആശുപത്രിആവശ്യങ്ങള്‍ക്ക് വേണ്ടി പോകുന്നവരൊഴികെയുള്ളവര്‍ക്ക് ഇന്ന് പിഴ ചുമത്തി. ആദ്യം പതിനായിരം റിയാലാണ് പിഴ. തുടര്‍ന്നാല്‍ ഇരുപതിനായിരം. മൂന്നാം വട്ടവും ആവര്‍ത്തിച്ചാല്‍ ഇരുപത് ദിവസം തടവു ശിക്ഷയും ലഭിക്കും.
സൈനിക വിഭാഗങ്ങള്‍ കൂടി തെരുവുകളില്‍ കര്‍ഫ്യൂ ഫലപ്രദമായി നടപ്പാക്കാന്‍ ഇറങ്ങിയിട്ടുണ്ട്. ഏഴ് മണിയോടെ രാജ്യത്തെ ഭൂരിഭാഗം കടകളും ഇന്നടച്ചിട്ടുണ്ട്. ഫാര്‍മസികള്‍ മാത്രമാണ് കാര്യമായി തുറന്നിട്ടുള്ളത്. ഏഴ് മണിക്ക് ശേഷം ഭക്ഷണത്തിനിറങ്ങിയാല്‍ പോലും പതിനായിരം റിയാല്‍ പിഴ ചുമത്തുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞിരുന്നു
കര്‍ഫ്യൂ കര്‍ശനമായി നടപ്പാക്കി തുടങ്ങിതോടെ വിജനമായ റിയാദിലെ ഏറ്റവും തിരക്ക് പിടിച്ച കിങ് ഫഹദ് റോഡിന്റെ ദൃശ്യം. മണിക്കൂറുകളോളം ചില സമയങ്ങളില്‍ ബ്ലോക്കുണ്ടാകാറുള്ള റോഡാണിത്.
കൊറോണയെ പ്രതിരോധിക്കാനുള്ള സൌദി അറേബ്യയുടെ തീരുമാനത്തിന് പിന്നാലെ ആളൊഴിഞ്ഞ് പൊലീസ് കാവലില്‍ നില്‍ക്കുന്ന തെരുവിന്റെ ദൃശ്യം
മിന്നിത്തിളങ്ങുന്ന പൊലീസ് വെട്ടത്തില്‍ വരും ദിനങ്ങളില്‍ കര്‍ഫ്യൂ ഫലപ്രദമായി നടപ്പാകും. ഇതോടെ കൊറോണ വൈറസ് ഡിസീസ് 19 എന്ന മഹാമാരിയെ കെട്ടുകെട്ടിക്കാനാകുമെന്ന പ്രതീക്ഷയിലാണ് രാജ്യം
ഇന്ന് 51 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ രാജ്യത്ത് കോവിഡ് 19 രോഗികളുടെ എണ്ണം 550 കവിഞ്ഞു. ജിസിസിയില്‍ ഏറ്റവും കൂടുതല്‍ രോഗികള്‍ ഉള്ള രാജ്യം സൌദി അറേബ്യയാണ്. ജിസിസിയില്‍ ഏറ്റവും വലിപ്പമുള്ള രാജ്യവും ജനസംഖ്യ കൂടുതലുളളതും സൌദിയില്‍ തന്നെ. സൈനിക വിഭാഗങ്ങള്‍ കൂടി രംഗത്തിറങ്ങിയതോടെ കര്‍ശന നിയന്ത്രണത്തിലേക്ക് നീങ്ങുകയാണ് രാജ്യം
റിയാദ് കിങ് ഫഹദ് റോഡില്‍ നിന്നും രാത്രി എട്ടുമണിക്കുള്ള കാഴ്ച. ഈ സമയം ഉപയോഗപ്പെടുത്തി വിവിധ ഷോപ്പിങ് കോംപ്ലക്സുകളില്‍ അണു നശീകരണ പ്രവര്‍ത്തനവും നടക്കുന്നുണ്ട്
പുലര്‍ച്ചയോടെ രാജ്യത്തിന്റെ ഓരോ ഭാഗങ്ങളിലും കര്‍ഫ്യൂ സമയത്ത് പൂര്‍ണ അണുവിമുക്ത നടപടികള്‍ പൂര്‍ത്തിയാക്കുന്നുണ്ട്. അണുനശീകരണ ലായനികള്‍ ഉപയോഗിച്ചാണ് ഈ നടപടി. തെരുവുകളിലെ വിജനത ജനങ്ങളുടെ സഹകരണത്തിന്റെ കൂടി തെളിവാണ്
രാത്രിയില്‍ നിയമം ലംഘിച്ചും മതിയായ ക്രമീകരണങ്ങള്‍ നടത്താതെയും തുറന്ന സ്ഥാപനങ്ങള്‍ക്കും ഫൈന്‍ ഈടാക്കുന്നുണ്ട്. ഷോപ്പിങ് കോംപ്ലക്സുകളും സമാന സ്വഭാവത്തിലെ കുറ്റത്തിന് അടപ്പിക്കുന്നുണ്ട്
നിലവില്‍ അടപ്പിച്ച മത്സ്യ മാംസ മാര്‍ക്കറ്റുകളില്‍ ശാസ്ത്രീയമായ അണുവിമുക്ത നടപടി നടക്കുന്നുണ്ട്
മതിയായ സുരക്ഷാ ക്രമീകരണങ്ങളോടെ മുനിസിപ്പാലിറ്റി ജീവനക്കാര്‍ ഗാര്‍ബേജ് ബോക്സുകള്‍ വൃത്തിയാക്കുന്നു
കടകളും വൈകുന്നേരം ഏഴുമണിയോടെ അടക്കുന്നതാണ് സാഹചര്യം. രാത്രി 7ന് ശേഷം ആളുകള്‍ പുറത്തിറങ്ങാത്തതിനാലും വാഹനങ്ങള്‍ക്ക് പിഴ ഈടാക്കുന്നതിനാലും ബഖാലകള്‍ ഉള്‍പ്പെടെയുള്ളവയും ഈ സമയത്തോടെ അടക്കുകയാണ്.
പുറമെ നിന്നുള്ള എന്തും വീട്ടിലേക്ക് സ്വീകരിക്കുന്നതിന് മുന്നോടിയായി സ്റ്റെറിലൈസ് ലായനി കൈകളില്‍ പുരട്ടിവേണം സ്വീകരിക്കാന്‍. ഒന്നിച്ച് പരിശ്രമിച്ചാല്‍ അതിവേഗത്തില്‍ ഈ സാഹചര്യം മറികടക്കാനാകുമെന്ന് ഭരണകൂടവും ഓര്‍മിപ്പിക്കുന്നു

സൌദിയില്‍ ഖുബ്ബൂസിനായി (സൌദിയില്‍ ഒരു രിയാല്‍ മാത്രം വിലയുള്ള ഭക്ഷണം) ഒരാള്‍ രാത്രി ഏഴ് മണിക്ക് പുറത്തിറങ്ങിയാല്‍ എന്തെങ്കിലും പ്രശ്നമുണ്ടോയെന്ന് അല്‍ അറബിയ ചാനല്‍ പ്രതിനിധി സുരക്ഷാ വിഭാഗത്തിലെ ഉദ്യോഗസ്ഥനോട് ചോദിക്കുന്ന വീഡിയോ ഇതിനകം വൈറലാണ്.

ചോദ്യത്തിനുള്ള മറുപടി സുരക്ഷാ ഉദ്യോഗസ്ഥന്‍ നല്‍കിയത് ഇങ്ങിനെയായിരുന്നു: ‘’ആ ഖുബ്ബൂസിന്‍റെ വില പതിനായിരം റിയാലായിരിക്കും ‘’. രാജ്യത്തെ കടുത്ത നിയന്ത്രണങ്ങളോട് സഹകരിക്കുകയാണ് പ്രവാസികളും. മലയാളികളടക്കം രാജ്യത്ത് നിലവില്‍ നിരീക്ഷണത്തില്‍ കഴിയുന്നതിനാല്‍ ജാഗ്രത പാലിക്കുകയാണ് ജനം.

Next Story