Quantcast

ആശ്വാസകരം; സൗദി പ്രവാസികൾക്കായി പ്രഖ്യാപിച്ച ലെവി ഇളവുകൾ പ്രാബല്യത്തിൽ

ഇന്നലെ രാത്രി മുതല്‍ രാജ്യത്തെ പ്രവാസികള്‍ക്ക് ഇഖാമ പുതുക്കിയതായി സന്ദേശങ്ങള്‍ ലഭിച്ചു

MediaOne Logo
ആശ്വാസകരം; സൗദി പ്രവാസികൾക്കായി പ്രഖ്യാപിച്ച ലെവി ഇളവുകൾ പ്രാബല്യത്തിൽ
X

കോവിഡ് പശ്ചാത്തലത്തില്‍ സൌദി അറേബ്യയിലെ പ്രവാസികള്‍ക്ക് ഭരണകൂടം പ്രഖ്യാപിച്ച ലെവി ഇളവുകള്‍ പ്രാബല്യത്തിലായി. ഇന്നലെ രാത്രി മുതല്‍ രാജ്യത്തെ പ്രവാസികള്‍ക്കും ആശ്രിതര്‍ക്കും ഇഖാമ കാലാവധി മൂന്ന് മാസത്തേക്ക് സൌജന്യമായി നീട്ടി. ജൂണ്‍ 30നകം ഇഖാമ കാലാവധി അവസാനിക്കുന്നവര്‍ക്കാണ് മൂന്ന് മാസത്തേക്ക് ഓട്ടോമാറ്റിക് ആയി ഇഖാമ കാലാവധി ജവാസാത്ത് വിഭാഗം നീട്ടി നല്‍കുന്നത്. ഭൂരിഭാഗം പേര്‍ക്കും ഇതിനകം ഇത് സംബന്ധിച്ച എസ്എംഎസ് ലഭിച്ചു കഴിഞ്ഞു. നാട്ടില്‍ അവധിക്ക് പോയി കുടുങ്ങിയവരുടേയും ഇഖാമ പുതുക്കി ലഭിച്ചിട്ടുണ്ട്.

നിലവില്‍ എക്സിറ്റ് എന്‍ട്രി കരസ്ഥമാക്കിയവര്‍ക്കും ഇഖാമ കാലാവധി നീട്ടി ലഭിച്ചിട്ടുണ്ട്. അബ്ഷീര്‍ വഴി പരിശോധിച്ചാല്‍ ഇഖാമയുടെ പുതുക്കിയ കാലാവധി അറിയാനാകും. ഈ കാലാവധിക്ക് ശേഷം മാത്രം ലെവി അടച്ചാല്‍ മതി. ആശ്രിതകര്‍ക്കും ഇളവ് ലഭിച്ചത് വലിയ നേട്ടമായാണ് പ്രവാസികള്‍ കാണുന്നത്. എന്നാല്‍ ആശ്രിത വിസയിലുള്ളവരുടെ തുക മൂന്ന് മാസത്തിന് ശേഷം അടക്കണം. അതായത് ഇനി ലെവി തുക അടക്കുമ്പോള്‍ പതിനഞ്ച് മാസത്തേക്ക് അടക്കണമെന്ന് ചുരുക്കം.

ഇതിനകം പുതുക്കി ലഭിക്കാത്തവര്‍ക്കും നേട്ടം വരും മണിക്കൂറുകളില്‍ ലഭിക്കുമെന്നാണ് പ്രതീക്ഷ. മാര്‍ച്ച് 18നും ജൂണ്‍ മുപ്പതിനും ഇടയില്‍ ഇഖാമ കാലാവധി അവസാനിക്കുന്നവര്‍ക്കാണ് ഇഖാമ സൌജന്യമായി നീട്ടി ലഭിക്കുന്നത്. ചിലര്‍ ലെവി അടക്കുന്നതിനായി പണം അബ്ഷീറില്‍ അടച്ചിരുന്നെങ്കിലും ഈ തുക നഷ്ടമായിട്ടില്ല.

നിലവില്‍ ഇഖാമ തുക അടച്ചവര്‍ക്കും മൂന്ന് മാസം അധികമായി കാലാവധി ലഭിച്ചിട്ടുണ്ട്. നിലവില്‍ എക്സിറ്റ് അടിച്ചവര്‍ക്ക് കാലാവധി അവസാനിക്കാറായിട്ടുണ്ടെങ്കില്‍ അത് റദ്ദാക്കണമെന്ന് ജവാസാത്ത് ഡയറക്ടറേറ്റ് നിര്‍ദേശിച്ചു. ആയിരം റിയാലാണ് എക്സിറ്റ് കാലാവധി കഴിഞ്ഞാലുള്ള പിഴ. ഇവര്‍ക്ക് വിമാന സര്‍വീസ് തുടങ്ങുന്ന മുറക്ക് എക്സിറ്റി വിസ സ്വന്തമാക്കുകയും ചെയ്യാം.

Next Story