Quantcast

സൗദി അറേബ്യയിലെ കൂടുതൽ നഗരങ്ങളിലും മേഖലകളിലും 24 മണിക്കൂർ കർഫ്യൂ; ഇളവുള്ളത് ഈ പട്ടികയിലുള്ളവര്‍ക്ക് മാത്രം

ഭക്ഷ്യവസ്തുക്കള്‍ക്ക് തൊട്ടടുത്ത കടകളിലേക്ക് പോകാം

MediaOne Logo
സൗദി അറേബ്യയിലെ കൂടുതൽ നഗരങ്ങളിലും മേഖലകളിലും 24 മണിക്കൂർ കർഫ്യൂ; ഇളവുള്ളത് ഈ പട്ടികയിലുള്ളവര്‍ക്ക് മാത്രം
X

സൗദി അറേബ്യയിലെ കൂടുതൽ നഗരങ്ങളിലും മേഖലകളിലും 24 മണിക്കൂർ കർഫ്യൂ. റിയാദ്, ദമ്മാം, തബൂക്ക്, ദഹ്റാൻ, ഹുഫൂഫ്
എന്നീ നഗരങ്ങളിലും ജിദ്ദ, ത്വാഇഫ്, ഖത്വീഫ്, അൽഖോബാർ എന്നീ മേഖലകളിലുമാണ് നിരോധനാജ്ഞ 24 മണിക്കൂറായി ദീർഘിപ്പിച്ചത്. നിരോധനാജ്ഞ പ്രാബല്യത്തിലായി. അനിശ്ചിതകാലത്തേക്കാണ് കർഫ്യൂ എന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

നിരോധനാജ്ഞ ഉള്ള ഭാഗങ്ങളിൽ താമസിക്കുന്നവർ ആ പ്രദേശം വിട്ട്
സഞ്ചരിക്കാൻ പാടില്ല. പുറത്തുള്ളവർ അവിടങ്ങളിലേക്ക് കടക്കാനും പാടില്ല. ഭക്ഷണം, ആതുരശുശ്രൂഷ തുടങ്ങിയ അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ പുറത്തിറങ്ങാൻ പാടില്ല. അതും രാവിലെ ആറിനും ഉച്ചക്ക് മൂന്നിനും ഇടയിലാകണം. ഈ സമയത്ത് വാഹനത്തിൽ സഞ്ചരിക്കാം. പക്ഷേ, വാഹനത്തില്‍ ഡ്രൈവറും അധികമായി ഒരാളേയുമേ പരമാവധി അനുവദിക്കൂ.

ആശുപത്രികൾ, ഫാർമസികൾ, ഭക്ഷ്യവസ്തുക്കൾ വിൽക്കുന്ന സ്ഥാപനങ്ങൾ, പെട്രോൾ സ്റ്റേഷനുകൾ, ഗ്യാസ്, ബാങ്ക്, മെയിൻറനൻസ്
സർവിസസ്, പ്ലമ്പിങ്ടെക്നീഷ്യന്മാർ, എയർകണ്ടീഷൻ ടെക്നീഷ്യന്മാർ, ജലവിതരണം, മാലിന്യ നീക്കം തുടങ്ങിയ മേഖലയിലെ സ്ഥാപനങ്ങൾക്കും ജോലിക്കാർക്കും മാത്രം നിരോധനാജ്ഞ ബാധകമാകില്ല. ഏതൊക്കെ സ്ഥാപനങ്ങളെ ഒഴിവാക്കണമെന്നത് പ്രത്യേക സമിതി ചേര്‍ന്ന് അതത് സമയത്ത് തീരുമാനിക്കും.

വീടുകളില്‍ നിന്ന് പുറത്തിറങ്ങാന്‍ മുതിര്‍ന്നവര്‍ക്ക് മാത്രമേ അനുവാദമുള്ളൂ. പകര്‍ച്ച വ്യാധി സാധ്യതയുള്ളതിനാല്‍ കുട്ടികളെ പുറത്തുവിടരുത്. ഭക്ഷ്യസാധനങ്ങളും മരുന്നുമടക്കം അത്യാവശ്യ സാധനങ്ങള്‍ക്ക് ഓണ്‍ലൈന്‍ ഡെലിവറി സേവനം ഉപയോഗപ്പെടുത്തണം. ആഭ്യന്തരമന്ത്രാലയം സ്ഥിതിഗതികൾ നിരന്തരം നിരീക്ഷിക്കും. അതനുസരിച്ച് തീരുമാനങ്ങളിൽ മാറ്റം വേണമെങ്കിൽ ആലോചിക്കും. എല്ലാവരും വീടുകളിൽ ഇരിക്കണം. കൂട്ടം കൂടരുത്. എല്ലാവരും ക്വാറൻറീൻ ഇരിക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.

Next Story