സൗദി പൗരന്മാരെ തിരിച്ചെത്തിച്ചു തുടങ്ങി: മാനുഷിക പരിഗണന വേണ്ട കേസുകളെങ്കിലും പരിഗണിക്കണമെന്ന് ഇന്ത്യന്‍ പ്രവാസികള്‍
വിദേശത്തു നിന്നെത്തുന്നവരെ നേരിട്ട് ക്വാറന്റൈനിലേക്ക് പ്രവേശിപ്പിക്കുകയാണ് ചെയ്യുന്നത്

സൌദി അറേബ്യ വിദേശത്ത് കുടുങ്ങിയ സ്വന്തം പൌരന്മാരെ നാട്ടിലെത്തിച്ച് തുടങ്ങി. ഇന്തോനേഷ്യയില്‍ കുടുങ്ങിയ 250 പേരെ ഇന്ന് റിയാദ് വിമാനത്താവളത്തില്‍ ഇറക്കി. 12 ഘട്ടങ്ങളായുള്ള മെഡിക്കല്‍ പരിശോധനയും നടപടിക്രമങ്ങളും പൂര്‍ത്തീകരിച്ചാണ് സ്വന്തം പൌരന്മാരെ സൌദി അറേബ്യ തിരിച്ചെത്തിക്കുന്നത്. വിദേശത്ത് നിന്ന് മടങ്ങിയെത്തുന്നവര്‍ക്കായി പതിനൊന്നായിരം വിശാലമായ ഹോട്ടല്‍ മുറികള്‍ രാജ്യത്ത് സജ്ജീകരിച്ചിട്ടുണ്ട്.
വിമാനത്താവളത്തില്‍ നിന്നും ഇവരെ നേരിട്ട് ഹോട്ടല്‍ മുറികളിലേക്ക് മാറ്റും. ഇവിടെ 14 ദിവസം നിരീക്ഷണത്തില്‍ തുടരും. ചികിത്സയില്‍ വിദേശത്ത് തുടരുന്നവരെ അസുഖം മാറുന്ന മുറക്കാണ് തിരിച്ചെത്തിക്കുക. വിദേശത്ത് നിന്ന് മടങ്ങിയെത്തുന്നവരില്‍ ആദ്യം പരിഗണന നല്‍കിയത് മാനുഷിക പരിഗണന അര്‍ഹിക്കുന്നവര്‍ക്കാണ്. ഗര്‍ഭിണികള്‍, പ്രായാധിക്യം ഉള്ളവര്‍, ഉറ്റവര്‍ മരണപ്പെട്ടവര്‍ എന്നിങ്ങിനെയുള്ള കേസുകളാണ് ആദ്യം പരിഗണിച്ചത്. ജിദ്ദ റിയാദ് ദമ്മാം എന്നീ വിമാനത്താവളങ്ങള്‍ വഴി നാളെ മുതല്‍ കൂടുതല്‍ പേരെത്തും
സമാന സ്വഭാവത്തില്‍ വിദേശത്ത് കുടുങ്ങിയ പ്രവാസികളെ തിരിച്ചെത്തിക്കണമെന്ന ആവശ്യം ഉയര്‍ന്നെങ്കിലും ആവശ്യം കേന്ദ്രം തള്ളിയിരുന്നു. സൌദിയില്‍ മാത്രം 30 ലക്ഷത്തിലേറെ ഇന്ത്യക്കാരുണ്ട്. ഇവരില്‍ അടിയന്തിര സാഹചര്യങ്ങളിലുള്ള നിരവധി പേരുണ്ട്. നഴ്സുമാരടക്കം ഗര്‍ഭിണികളായ ആളുകള്‍ നാട്ടിലേക്ക് മടങ്ങാനാകാതെ കുടുങ്ങിയിട്ടുണ്ട്. സൌദിയില്‍ പ്രസവം നടക്കുകയാണെങ്കില്‍ വന്‍തുക വേണ്ടി വരുമെന്നും ഇത് കയ്യിലില്ലെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. നേരത്തെ മക്കളുടെ അടുത്തേക്കായി ഗള്‍ഫിലേക്ക് വന്ന് കുടുങ്ങിയ പ്രായാധിക്യമുള്ളവരും കുടുങ്ങി നില്‍ക്കുകയാണ്.
തുടര്‍ ചികിത്സ ലഭിക്കാത്തതും നാട്ടില്‍ തുടര്‍ന്നിരുന്ന മരുന്ന് ലഭിക്കാത്തതും ഇവരുടെ ജീവിതം പ്രയാസത്തിലാക്കുന്നു. ഉറ്റവര്‍ മരണപ്പെട്ടവരടക്കം ഗള്‍ഫിലുണ്ട്. മക്കള്‍ മരിച്ച മാതാപിതാക്കളും രക്ഷിതാക്കള്‍ മരണപ്പെട്ടവരും ഇക്കൂട്ടത്തിലുണ്ട്. ഇത്തരം മാനുഷിക പരിഗണന അര്‍ഹിക്കുന്ന കേസുകളെങ്കിലും പരിഗണിക്കണമെന്നതാണ് പ്രവാസികളുടെ ആവശ്യം. എന്നാല്‍ മെയ് മാസം വരെ കാത്തിരിക്കണമെന്നതാണ് കേന്ദ്രത്തിന്റെ നിലപാട്. സൌദിയില്‍ നിന്ന് മടങ്ങുന്നവര്‍ക്ക് കോവിഡ് പരിശോധനയും മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും ഉള്‍പ്പെടെയേ തിരിച്ചു ഇന്ത്യയിലേക്ക് പോകാനാകൂ. നിലവില്‍ സൌദി കമ്പനികളില്‍ നിന്ന് നാട്ടിലേക്കയക്കേണ്ടവരുടെ പട്ടിക വിവിധ കമ്പനികള്‍ തയ്യാറാക്കുന്നുണ്ട്. കോവിഡ് ഇല്ലെന്ന് ഉറപ്പു വരുത്തിയേ ഇവരെ നാട്ടിലേക്കയക്കൂ. ഇതിനെല്ലാം സൌദി ഭരണകൂടം തയ്യാറായിട്ടും ലോക്ഡൌണ്‍ തീര്‍ന്നിട്ടേ വിമാന സര്‍വീസ് തുടങ്ങൂ എന്ന നിലപാടിലാണ് കേന്ദ്രം.
സൌദിയില്‍ 24 മണിക്കൂര്‍ കനത്ത കര്‍ഫ്യൂ തുടരുന്പോളാണ് വിദേശത്ത് നിന്നും മാനുഷിക പരിഗണന നല്‍കി ആളുകളെ തിരിച്ചെത്തിക്കുന്നത്. സൌദിയുടെ വിവിധ ഭാഗങ്ങളില്‍ മലയാളികള്‍ക്കിടയില്‍ കോവിഡ് സ്ഥിരീകരിക്കുകയും ചികിത്സയില്‍ കഴിയുകയും ചെയ്യുന്നുണ്ട്. പ്രായാധിക്യമുള്ളവരെയെങ്കിലും നാട്ടിലെത്തിക്കാനാകുമോ എന്നാണ് പ്രവാസികളുടെ ചോദ്യം. മാനുഷിക പരിഗണന വേണ്ട കേസുകള്‍ കുറവായിരിക്കും എന്നതിനാല്‍ ഗള്‍ഫില്‍ നിന്ന് മടങ്ങിയെത്തുന്നവരെ നേരിട്ട് ക്വാറന്റൈനിലേക്ക് പ്രവേശിപ്പിച്ച് നിരീക്ഷണത്തില്‍ നിര്‍ത്തിയാല്‍ പോരേ എന്ന ചോദ്യവും പ്രവാസികള്‍ ഉയര്‍ത്തുന്നു. നിലവില്‍ സൌദി കോണ്‍സുലേറ്റിലും എംബസിയിലും നാട്ടിലേക്ക് അടിയന്തിരമായി പോകാന്‍ ആഗ്രഹിക്കുന്നവര്‍ നാട്ടിലെത്തിക്കണമെന്ന അപേക്ഷ നല്‍കുന്നുണ്ട്. എന്നാല്‍ വിമാന സര്‍വീസ് തുടങ്ങിയാലേ ഇവരെ തിരിച്ചയക്കാനാകൂ എന്ന് എംബസി കോണ്‍സുലേറ്റ് വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.
Adjust Story Font
16

