Quantcast

കോവിഡ്, മടക്കയാത്ര, മക്കയിലെ വെടിവെപ്പ്.. ഇന്നത്തെ പ്രധാന സൗദി വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ 

വ്യാജവാര്‍ത്തകള്‍ക്കെതിരെയും മന്ത്രാലയം മുന്നറിയിപ്പ് നല്‍കി

MediaOne Logo
കോവിഡ്, മടക്കയാത്ര, മക്കയിലെ വെടിവെപ്പ്.. ഇന്നത്തെ പ്രധാന സൗദി വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ 
X

സൌദിയിലെ ഇന്നത്തെ പ്രധാന പത്ത് വാര്‍ത്തകള്‍ അറിയാം.

1. സൌദിയില്‍ ഇന്ന് അഞ്ച് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ മരണ സംഖ്യ 52 ആയി. ഇന്ന് 382 പുതിയ കോവിഡ് കേസുകളും സ്ഥിരീകരിച്ചു. ആകെ രോഗികളുടെ എണ്ണം 4033 ആയി. ഇന്ന് 35 പേര്‍ക്കാണ് രോഗമുക്തി. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 720 ആയി. മരിച്ചവരില്‍ മൂന്ന് പേര്‍ വിദേശികളാണ്. രണ്ട് പേര്‍ ജിദ്ദയിലും ഒരാള്‍ മക്കയിലും.

2. ലേബര്‍ ക്യാമ്പുകളില്‍ മാറ്റിത്താമസിപ്പിക്കല്‍: സൗദിയില്‍ കോവിഡ് വ്യാപനം തുടരുന്ന പശ്ചാതലത്തില്‍ മതിയായ സൗകര്യങ്ങളില്ലാത്ത ലേബര്‍ ക്യാമ്പുകളില്‍ കഴിയുന്നവരെ താല്‍ക്കാലിക കേന്ദ്രങ്ങളിലേക്ക് മാറ്റി തുടങ്ങി. കിഴക്കന്‍ പ്രവിശ്യയിലെ പതിനഞ്ച് സ്‌കൂളുകളെ മതിയായ സൗകര്യങ്ങളോടെ സജ്ജീകരിച്ചതായും അതികൃതര്‍ അറിയിച്ചു. വിവിധ ക്യാമ്പുകളിലായി കഴിയുന്ന എണ്‍പത് ശതമാനം തൊഴിലാളികളെ ഇവിടങ്ങളിലേക്ക് മാറ്റി പാര്‍പ്പിക്കാനാണ് തീരുമാനം.

3. റമദാനിലും വീട്ടില്‍ തുടരേണ്ടി വന്നേക്കും: സൗദിയിലെ പള്ളികളില്‍ ഈ വര്‍ഷം റമദാനിലും നമസ്‌കാരങ്ങളുണ്ടാകില്ലെന്ന് ഇസ്ലാമിക കാര്യ മന്ത്രി. റമദാന് പതിനാല് ദിവസം മാത്രം ബാക്കി നില്‍ക്കെ കോവിഡ് പ്രതിസന്ധി പരിഹരിക്കപ്പെടുമെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

4. വിദേശികള്‍ക്കും സന്നദ്ധ സേവകരാകാം: സൗദി ആരോഗ്യ മന്ത്രാലയം കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ വിദേശികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് സന്നദ്ധ സേവനത്തിന് അവസരമൊരുക്കുന്നു. മന്ത്രാലയത്തിന്റെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ വഴി പേര്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്കാണ് സേവനത്തിന് അനുമതി ലഭിക്കുക.

5. മഴ വരുന്നുണ്ട്.. ആരോഗ്യം സൂക്ഷിക്കണം: സൗദിയില്‍ പരക്കെ മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതായി കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്കി. കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായി ആരോഗ്യ പ്രയാസങ്ങള്‍ക്ക് സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണം.

6. മദീനയില്‍ വ്യാപക പരിശോധന: മദീനയില്‍ സമ്പൂര്‍ണ ലോക്ക് ഡൌണ്‍ പ്രഖ്യാപിച്ച് മേഖലകളില്‍ ഉള്ളവരുടെ സാമ്പിളുകള്‍ ആരോഗ്യ മന്ത്രാലയം ശേഖരിച്ചു തുടങ്ങി. കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് നടപടി. കോവിഡ് കര്‍ഫ്യൂ ലംഘിച്ചത് പിടിക്കാതിരിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി കൊടുക്കാന്‍ ശ്രമിച്ചവരും അറസ്റ്റിലായി

7. സൌദി പൌരന്മാരുടെ മടങ്ങിവരവ് തുടരുന്നു: വാഷിങ്ടണ്‍, ക്വലാലംപൂര്‍, ഇന്തോനേഷ്യ തുടങ്ങി വിവിധ രാജ്യങ്ങളില്‍ നിന്നും സ്വന്തം പൌരന്മാരെ സൌദി അറേബ്യ തിരിച്ചെത്തിച്ചു തുടങ്ങി. റിയാദിലും ജിദ്ദയിലും ദമ്മാമിലുമാണ് സൌദികള്‍ വന്നിറങ്ങുന്നത്. ഇവരെ നേരിട്ട് ഹോട്ടലുകളിലേക്ക് മാറ്റുകയാണ്.

8.മക്കയില്‍ വെടിവെപ്പ്: മക്കയില്‍ വെടിവെപ്പ് നടത്തിയ നിരവധി പേര്‍ പിടിയിലായി. വ്യക്തിപരമായ തര്‍ക്കത്തിനിടെ എതിരാളിയെ വെടിവെച്ചതായി പൊലീസ് സ്ഥിരീകരിച്ചു. പിടികൂടിയവരെ നിയമനടപടിക്കായി കൈമാറി.

9. ജി 20 ഉച്ചകോടി തീരുമാനം: കൊറോണയെ പ്രതിരോധിക്കാന്‍ ഒറ്റക്കെട്ടായി ശ്രമിക്കുമെന്ന് റിയാദില്‍ ഓണ്‍ലൈന്‍ വഴി ചേര്‍ന്ന ജി20 അംഗ രാഷ്ട്രങ്ങളിലെ ഊര്‍ജ മന്ത്രാലയങ്ങളുടെ തീരുമാനം. എണ്ണ വില സ്ഥിരതക്ക് ഒറ്റക്കെട്ടായി ശ്രമിക്കുവാനും യോഗത്തില്‍ ധാരണയായി.

10. വ്യാജവാര്‍ത്തകള്‍ക്ക് വലിയ വിലകൊടുക്കേണ്ടി വരും: സൌദിയില്‍ നിന്ന് പ്രവാസികളെ ആറ് മാസത്തേക്ക് ലീവിന് പറഞ്ഞയക്കാന്‍ തീരുമാനിച്ചതായി വ്യാജ വാര്‍ത്ത സൃഷ്ടിച്ച് പ്രചരിപ്പിക്കുന്നു. മന്ത്രാലയം ഇതുവരെ ഇത്തരം പ്രഖ്യാപനങ്ങളൊന്നും നടത്തിയിട്ടില്ല. വിദേശികളെ നാട്ടിലേക്ക് പറഞ്ഞയക്കുമെന്നും രാജാവിന്റെ പേരില്‍ വാര്‍ത്ത പ്രചരിച്ചിരുന്നു. വന്‍തുക പിഴയും ജയില്‍ ശിക്ഷയുമാണ് വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതിനും ഷെയര്‍ ചെയ്യുന്നതിനും ഫോര്‍വേഡ് ചെയ്യുന്നതിനും ലഭിക്കുക.

Next Story