Quantcast

ആയിരത്തിലേറെ കോവിഡ‍് കേസുകള്‍: സൗദിയിലെ ഇന്നത്തെ ഇതുവരെയുള്ള പത്ത് പ്രധാന വിവരങ്ങള്‍ ഒറ്റനോട്ടത്തില്‍ 

സൌദിയിലെ ഇന്നത്തെ പ്രധാനപ്പെട്ട സംഭവവികാസങ്ങള്‍ കാണാം

MediaOne Logo
ആയിരത്തിലേറെ കോവിഡ‍് കേസുകള്‍: സൗദിയിലെ  ഇന്നത്തെ ഇതുവരെയുള്ള പത്ത് പ്രധാന വിവരങ്ങള്‍ ഒറ്റനോട്ടത്തില്‍ 
X

ഇന്നലെ പെയ്ത മഴയില്‍ കോവിഡ് പ്രതിരോധത്തിന്‍റെ ഭാഗമായി സൌദിയില്‍ പ്രവിശ്യാ അതിര്‍ത്തികളില്‍ പരിശോധനക്ക് നില്‍ക്കുന്ന ഉദ്യോഗസ്ഥര്‍

1. സൗദിയില്‍ ആദ്യമായി ആയിരത്തിന് മുകളില്‍ കേസുകള്‍. ഇന്ന് 1132 കേസുകളാണ് സൌദിയില്‍ സ്ഥിരീകരിച്ചത്. 280 പേര്‍ക്ക് രോഗമുക്തിയും ലഭിച്ചു. ഇത്രയധികം രോഗസംഖ്യയും രോഗമുക്തിയും ഒന്നിച്ച് സ്ഥിരീകരിക്കുന്ന ദിവസമാണ് ഇന്ന്.

അതിര്‍ത്തികളില്‍ ചരക്കു വാഹനപരിശോധനക്ക് ആരോഗ്യ മന്ത്രാലയത്തിലെ പ്രത്യേക സംഘമുണ്ട്. പരിശോധനയില്‍ കോവിഡ് സംശയമുണ്ടായാല്‍ ആശുപത്രിയിലേക്ക് മാറ്റാന്‍ പ്രത്യേക സംഘം തന്നെ ഇവിടെയുണ്ട്.

2. രാജ്യത്ത് ആകെ മരണസംഖ്യ 92 ആയി. ഇന്ന് അഞ്ച് മരണം. ജിസാനില്‍ സൌദി പൌരനാണ് മരിച്ചത്. മക്കയില്‍ മൂന്നും ജിദ്ദയില്‍ ഒരു പ്രവാസിയും മരിച്ചു. 78 പേര്‍ ഇപ്പോഴും ഐസിയുവില്‍ കഴിയുന്നുണ്ട്. ആകെ കോവിഡ് കേസുകളുടെ എണ്ണം ഇതോടെ 8274 ആയി. ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 1329 ആണ്.

കിഴക്കന്‍ പ്രവിശ്യയിലെ അല്‍ ദാഇര്‍ മേഖല കഴിഞ്ഞ ദിവസം അടച്ചിരുന്നു

3.കേസുകളില്‍ ഭൂരിഭാഗവും ഫീല്‍ഡ് പരിശോധനയില്‍ നിന്ന്. സൌദിയില്‍ ഇന്ന് സ്ഥിരീകരിച്ച 1132 കേസുകളില്‍ മക്കയില്‍ മാത്രം ഇന്ന് 315 കേസുകള്‍ കൂടിയാണ് സ്ഥിരീകരിച്ചത്. ജിദ്ദയില്‍ 236 കേസുകളും, റിയാദില്‍ 225 കേസുകളും, മദീനയില്‍ 186 കേസുകളും ഇന്ന് പുതുതായി സ്ഥിരീകരിച്ചു. ഇന്ന് സ്ഥിരീകരിച്ച കേസുകളില്‍ അറുന്നൂറിലേറെ കേസുകള്‍ വീടുവീടാന്തരം കയറിയിറങ്ങിയുള്ള പരിശോധനയിലൂടെ കണ്ടെത്തിയതാണ്.

കഴിഞ്ഞ ദിവസം മക്കയില്‍ ആരംഭിച്ച പരിശോധന

4. ഇന്നത്തെ മാത്രം കേസുകളുടെ രീതി ഇങ്ങിനെയാണ്. 740 കോവിഡ് ബാധിതരെ കണ്ടെത്തിയത് മക്ക, മദീന, റിയാദ്, ദമ്മാം തുടങ്ങി പ്രധാന പ്രവിശ്യകളിലെ ഫീല്‍ഡ് സര്‍വേയിലൂടെയാണ്. 191 കേസുകള്‍ നേരത്തെ ക്വാറന്റൈനിലുള്ളവര്‍ക്കാണ് സ്ഥിരീകരിച്ചത്.

കര്‍ഫ്യൂ സമയത്ത് തുറക്കുന്ന സര്‍ക്കാര്‍ ഓഫീസുകള്‍ ഓരോ ദിവസവും അണുമുക്തമാക്കുന്നുണ്ട്. സ്വകാര്യ സ്ഥാപനങ്ങള്‍ക്കും ഈ നിര്‍ദേശമുണ്ട്.
നിബന്ധനകള്‍ പാലിക്കാതെ തുറക്കുന്ന സ്ഥാപനങ്ങള്‍ക്ക് പിഴ ഈടാക്കുന്നുണ്ട്. റിയാദില്‍ മാത്രം മുന്നൂറിലേറെ സ്ഥാപനങ്ങള്‍ ഇത്തരത്തില്‍ അടപ്പിച്ചു.

201 പേര്‍ക്ക് കോവിഡ് ബാധിച്ചവരുമായുള്ള സമ്പര്‍ക്കത്തിലൂടെയാണ് അസുഖം ബാധിച്ചത്. ആകെ അസുഖം സ്ഥിരീകരിച്ചവരില്‍ എണ്ണൂറിലേറെ പേരും പ്രവാസികളാണ്. 21 ശതമാനം മാത്രമാണ് സ്വദേശികള്‍.

പരിശോധന വ്യാപകമാക്കിയത് രോഗപ്പടര്‍ച്ച അമര്‍ച്ച ചെയ്യാനാകുമെന്ന പ്രതീക്ഷയിലാണ് മന്ത്രാലയം

5.ലേബര്‍ ക്യാമ്പുകളിലുള്ളവരെ മാറ്റിപ്പാര്‍പ്പിക്കല്‍ പകുതിയായി തൊഴില്‍, മുനിസിപ്പല്‍, ആരോഗ്യ മന്ത്രാലയങ്ങള്‍ സംയുക്തമായാണ് ലേബര്‍ ക്യാമ്പുകളില്‍ പരിശോധന നടത്തി വരുന്നത്.

ശോചനീയാവസ്ഥയിലുള്ളതും ജനസാന്ദ്രത കൂടിയതുമായ ക്യാമ്പുകളിലെ തൊഴിലാളികളെയാണ് താല്‍ക്കാലിക കേന്ദ്രങ്ങളിലേക്ക് മാറ്റിപാര്‍പ്പിക്കുന്നത്. ഇത്തരത്തില്‍ ഒരു ലക്ഷത്തോളം പേരെ ഇതിനകം മാറ്റി പാര്‍പ്പിച്ചതായി മന്ത്രാലയ അതികൃതര്‍ അറിയിച്ചു. ആകെ രണ്ടര ലക്ഷം പേരെയാണ് മാറ്റിപ്പാര്‍പ്പിക്കാന്‍ ഉള്ളത്. അറുപതിനായിരം സ്കൂള്‍ കെട്ടിടങ്ങളാണ് ഇതിനായി സജ്ജീകരിച്ചത്

സ്കൂളുകളിലേക്ക് മാറ്റിപ്പാര്‍പ്പിക്കുന്നവര്‍ക്ക് അസുഖങ്ങളില്ല എന്ന് ഉറപ്പു വരുത്തുണ്ട്.

6. കര്‍ഫ്യു നിയന്ത്രണം വീണ്ടും ശക്തിപ്പെടുത്തി. കിഴക്കന്‍ പ്രവിശ്യയിലെ അല്‍ഹസ്സ ഗവര്‍ണറേറ്റിന് കീഴിലുള്ള അല്‍ ഫൈസലിയ്യ, അല്‍ഫാദിലിയ്യ പ്രദേശങ്ങള്‍ ഇരുപത്തിനാല് മണിക്കൂര്‍ കര്‍ഫ്യു പരിധിയില്‍ ഉള്‍പ്പെടുത്തി.

കര്‍ഫ്യൂ കനത്തതോടെ ആളൊഴിഞ്ഞ മദീനയിലെ പ്രവാചകന്‍റെ പള്ളിയിലേക്കുള്ള വഴി

ഇവിടങ്ങളില്‍ താമസിക്കുന്നവര്‍ക്ക് പുറത്തേക്ക് കടക്കുവാനോ പുറത്ത് നിന്നുള്ളവര്‍ക്ക് ഇവിടുത്തേക്ക് പ്രവേശിക്കുവാനോ അനുവാദമുണ്ടാകില്ല. ദമ്മാമിലെ അല്‍ അഥീര്‍ മേഖലയിലും ദിവസങ്ങള്‍ക്ക് മുമ്പ് മുഴുസമയ കര്‍ഫ്യു നിലവില്‍ വന്നിരുന്നു.

കര്‍ഫ്യൂ സമയത്ത് തബൂക്കില്‍ ശുചീകരണത്തില്‍ ഏര്‍പ്പെട്ട തൊഴിലാളികള്‍. അണുമുക്തമാക്കുകയാണ് ഓരോ തെരുവുകളും.

7. ഭക്ഷണ വിതരണം സൌജന്യമായി തുടരുന്നു. കര്‍ഫ്യൂ പ്രഖ്യാപിച്ച് വീടുകളില്‍ നിന്നു പോലും പുറത്തിറങ്ങാന്‍ രാജ്യത്തെ പല മേഖലകളിലും വിലക്കുണ്ട്. ഈ പ്രദേശങ്ങളില്‍ കഴിയുന്നവര്‍ക്ക് സര്‍ക്കാര്‍ ഏജന്‍സികള്‍ നേരിട്ടാണ് ഭക്ഷണ കിറ്റുകള്‍ എത്തിക്കുന്നത്. ഇതിനായി ഒരോ ദിവസവും വാഹനങ്ങള്‍ മേഖലയില്‍ എത്തുന്നു

സര്‍ക്കാര്‍ പദ്ധതിക്ക് കീഴില്‍ ലോക്ക്ഡൌണ്‍ മേഖലകളിലേക്ക് ഭക്ഷ്യവസ്തുക്കളുമായി വാഹനങ്ങള്‍ പുറപ്പെടുന്നു

8. രാജ്യവ്യാപകമായി ഏകീകൃത കർഫ്യൂ പാസ് നിർബന്ധമാക്കി. 13ാം തിയതി റിയാദിലാണ് പുതിയ ഏകീകൃത കര്‍ഫ്യൂ പാസ് ആദ്യമായി പ്രാബല്യത്തിലായത്. തൊട്ടുടത്ത ദിവസം മുതല്‍ മക്ക, മദീന എന്നീ നഗരങ്ങളിലും ഇത് നിര്‍ബന്ധമാക്കി.

കര്‍ഫ്യൂ പ്രാബല്യത്തിലുള്ള ജിദ്ദയിലെ റോഡുകളിലെ രാത്രി ദൃശ്യം

അടുത്ത ചൊവ്വാഴ്ച മുതല്‍ രാജ്യത്തുടനീളം പുതിയ പാസ് നിര്‍ബന്ധമാണെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കര്‍ഫ്യൂ സമയങ്ങളില്‍ വാഹനമോടിക്കുന്നവരുടെ എണ്ണം വര്‍ധിച്ചതാണ് പഴയ പാസുകള്‍ റദ്ധാക്കി പുതിയ പാസ് നിര്‍ബന്ധമാക്കുവാന്‍ മന്ത്രാലയത്തെ പ്രേരിപ്പിച്ചത്.

കര്‍ഫ്യൂ തുടരുന്ന മദീനയില്‍ ഹറം പള്ളിക്കരികിലെ റോഡരികില്‍ നമസ്കരിക്കുന്ന സുരക്ഷാ വിഭാഗം ഉദ്യോഗസ്ഥന്‍

ചൊവ്വാഴ്ച മുതൽ പഴയ പാസ് സ്വീകരിക്കപെടുകയില്ല. ഏത് മന്ത്രാലയത്തിന് പരിധിയിലാണോ ജോലി ചെയ്യുന്നത്, പ്രസ്തുത മന്ത്രാലയത്തിന്റേയും ആഭ്യന്തര മന്ത്രാലയത്തിന്റേയും സീലുകള്‍ പുതിയ പാസില്‍ നിര്‍ബന്ധമാണ്.

ആളൊഴിഞ്ഞ പ്രവാചക നഗരിയുടെ ദൃശ്യം

പാസില്ലാതെ വാഹനത്തില്‍ യാത്ര ചെയ്ത് പിടിക്കപ്പെട്ടാല്‍ പതിനായിരം റിയാല്‍ പിഴ ചുമത്തും. ഒരു പാസില്‍ ഒന്നില്‍ കൂടുതല്‍ ആളുകള്‍ക്ക് സഞ്ചരിക്കുവാനും അനുമതിയില്ല. പാസില്‍ രേഖപ്പെടുത്തിയിരിക്കുന്ന റൂട്ടിലൂടെ മാത്രമേ വാഹനം ഓടിക്കുവാന്‍ അനുവാദമുളളൂ.

എല്ലാ ഭാഗങ്ങളിലും മന്ത്രാലയം പരിശോധനയിലൂടെ ഭക്ഷ്യ വസ്തുക്കള്‍ ഉറപ്പു വരുത്തുണ്ട്

9.രാജ്യത്ത് ആവശ്യത്തിന് ഭക്ഷ്യവസ്തുക്കള്‍ ലഭ്യം. സൌദിയുടെ എല്ലാ ഭാഗങ്ങളിലും സമൃദ്ധമായി ഭക്ഷ്യവസ്തുക്കള്‍ ലഭ്യമാണെന്ന് മന്ത്രാലയം അറിയിച്ചു. എല്ലാ ഭാഗങ്ങളിലും മന്ത്രാലയം പരിശോധനയിലൂടെ ഭക്ഷ്യ വസ്തുക്കള്‍ ഉറപ്പു വരുത്തുണ്ട്.

എല്ലായിടങ്ങളിലും മതിയായ രീതിയില്‍ ഉണ്ടെന്ന് ഉറപ്പു വരുത്താന്‍ മന്ത്രാലയത്തിന്റെ കീഴില്‍ പ്രത്യേക സംഘം പരിശോധനക്കുണ്ട്

കാലാവധി കഴിഞ്ഞ ഭക്ഷ്യ വസ്തുക്കള്‍ വില്‍ക്കുന്നതും പരിശോധിക്കുന്നുണ്ട്. ആവശ്യത്തിന് ഭക്ഷ്യ വസ്തുക്കള്‍ എല്ലായിടങ്ങളിലും മതിയായ രീതിയില്‍ ഉണ്ടെന്ന് ഉറപ്പു വരുത്താന്‍ മന്ത്രാലയത്തിന്റെ കീഴില്‍ പ്രത്യേക സംഘം പരിശോധനക്കുണ്ട്.

വിവിധ പ്രവിശ്യകളിലുള്ളവര്‍ ഇകര പ്രവിശ്യകളിലേക്കും ഗവര്‍ണറേറ്റുകളിലേക്കും സഞ്ചരിക്കുമ്പോള്‍ വഴിയില്‍ വെച്ചു തന്നെ പരിശോധന നടത്തുന്നുണ്ട്

10.സൌദിയില്‍ നിന്നും വിദേശത്തേക്കുള്ള വിമാന സര്‍വീസുകള്‍ ഇതില്‍ ഇതുവരെയും തീരുമാനം ആയിട്ടില്ല. എന്നാല്‍ സൌദി സ്വന്തം പൌരന്മാരെ വിദേശത്ത് നിന്നെത്തിച്ച് ക്വാറന്റൈന്‍ ചെയ്യുന്നുണ്ട്. വിവിധ യൂറോപ്യന്‍ രാജ്യങ്ങളും ചില ഏഷ്യന്‍ രാജ്യങ്ങളുമെല്ലാം സ്വന്തം പൌരന്മാരില്‍ അടിയന്തിര പ്രാധാന്യമുള്ളവരെ തിരികെ കൊണ്ടു പോകുന്നുണ്ട്.

റിയാദ് വിമാനത്താവളത്തില്‍ വിദേശത്ത് നിന്നെത്തുന്നവരേയും രാജ്യത്ത് നിന്ന് മടക്കിക്കൊണ്ട് പോകുന്നവരേയും നിരീക്ഷിക്കാന്‍ പ്രത്യേക ട്രെയിനിങ് ലഭിച്ചവരാണ് സേവനത്തിന് ഉള്ളത്

ഇന്ത്യന്‍ എംബസിയിലും കോണ്‍സുലേറ്റിലും ബന്ധപ്പെടുന്ന അത്യാവശ്യമായി നാട്ടിലെത്തേണ്ടവരുടെ പരാതികള്‍ നാട്ടിലേക്ക് അയക്കുന്നുണ്ട്.

വിദേശത്ത് നിന്നും മടങ്ങിയെത്തുന്ന സ്വന്തം പൌരന്മാരെ സ്നേഹപൂര്‍വ്വം സ്വീകരിക്കുകയാണ് സൌദി അറേബ്യ

എയര്‍ഇന്ത്യ അടക്കം ഇന്ത്യന്‍ വിമാനക്കമ്പനികള്‍ അടുത്ത മാസാവസാനം വരെ സര്‍വീസ് നടത്തില്ല. ജൂണ്‍ ഒന്നു മുതല്‍ എയര്‍ഇന്ത്യ ബുക്കിങ് ആരംഭിച്ചെങ്കിലും ഇത് നിര്‍ത്തിവെക്കാന്‍ കേന്ദ്രം നിര്‍ദേശിച്ചിട്ടുണ്ട്.

Next Story