സൗദിയില്‍ എല്ലാ ഭാഗങ്ങളിലും രാവിലെ മുതല്‍ വൈകീട്ട് വരെ കര്‍ഫ്യൂ ഒഴിവാക്കി; മക്കയിലും ഐസൊലേറ്റ് ചെയ്ത മേഖലയിലും 24 മണിക്കൂര്‍ കര്‍ഫ്യൂ തുടരും
സൌദി ഭരണാധികാരിയുടെ ഉത്തരവ് ഇന്ന് മുതല്‍ പ്രാബല്യത്തിലാണ്

സൗദി അറേബ്യയില്‍ 24 മണിക്കൂര്‍ കര്‍ഫ്യൂ സമയം മക്കയിലും നേരത്തെ ഐസൊലേറ്റ് ചെയ്ത മേഖലകളിലും മാത്രമാക്കി ചുരുക്കി. മക്കയൊഴികെ രാജ്യത്തെ എല്ലാ ഭാഗങ്ങളിലും രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് അഞ്ച് വരെ കര്‍ഫ്യൂ ഉണ്ടാകില്ല. റമദാന്‍റെ ഭാഗമായുള്ള ഉത്തരവ് ഇന്ന് മുതല്‍ പ്രാബല്യത്തിലായി. റമദാന്‍ ഇരുപത് വരെ, അതായത് മെയ് 13 വരെ മാത്രമാണ് കര്‍ഫ്യൂ സമയം കുറച്ചത്. എപ്രില്‍ 29 മുതല്‍ വാണിജ്യ സ്ഥാപനങ്ങള്‍ക്ക് നിബന്ധനകളോടെ തുറക്കാനും അനുമതി നല്‍കിയിട്ടുണ്ട്.
ഉത്തരവിലെ പ്രധാന ഭാഗങ്ങള്‍ ഇവയാണ്:
1.മക്കയില്‍ 24 മണിക്കൂര്‍ കര്‍ഫ്യൂ തുടരും. നേരത്തെ ഐസൊലേറ്റ് ചെയ്ത വിവിധ പ്രവിശ്യകളിലെ ഹോട്ട്സ്പോട്ടുകളിലുളളവര്‍ക്കും 24 മണിക്കൂര്‍ കര്‍ഫ്യൂ ബാധകമാണ്. കോവിഡ് സാധ്യത കാരണ നിര്‍ബന്ധിത കര്‍ഫ്യൂ ഏര്‍പ്പെടുത്തിയ മേഖലകളാണിത്. ഇവിടെയുള്ള ജനങ്ങള്‍ പുറത്തിറങ്ങാതെ അകത്ത് തുടരണം. ബാക്കിയുള്ള എല്ലാ മേഖലകളിലും രാവിലെ 9 മുതല്‍ വൈകീട്ട് അഞ്ച് വരെ ജനങ്ങള്‍ക്ക് പുറത്ത് പോകാം. ബാക്കി സമയങ്ങളില്‍ കര്‍ഫ്യൂ തുടരും.
2.ഏപ്രില്‍ 29 മുതല്‍ മാളുകള്‍, ചെറുകിട, ഹോള്‍സെയില്‍ സ്ഥാപനങ്ങള്‍, കടകള്‍ എന്നിവക്കെല്ലാം തുറന്ന് പ്രവര്‍ത്തിക്കാം. മെയ് 13 വരെയാണ് സ്ഥാപനങ്ങള്‍ക്കും തുറന്ന് പ്രവര്‍ത്തിക്കാനുള്ള അനുമതി. കോവിഡ് പ്രതിരോധ പ്രവര്‍ത്തനം ഉറപ്പു വരുത്തി മാത്രമേ കടകള്‍ക്കും സ്ഥാപനങ്ങള്‍ക്കും പ്രവര്‍ത്തിക്കാനാകൂ. ലംഘിച്ചാല്‍ പിഴ ഈടാക്കി സ്ഥാപനം അടപ്പിക്കും.
3. കോഫി ഷോപ്പുകള്‍, ഇരുന്ന് ഭക്ഷണം കഴിക്കുന്ന റസ്റ്റൊറന്റുകള്‍ ബാര്‍ബര്‍ ഷോപ്പുകള്‍, സലൂണുകള്‍, ജിം, പാര്‍ക്കുകള്‍, സിനിമ, എന്നിങ്ങിനെ രോഗപ്പടര്‍ച്ചക്ക് സാധ്യതയുള്ള മേഖലകളില്‍ വിലക്ക് തുടരും. കോണ്‍ട്രാക്ടിങ് സ്ഥാപനങ്ങള്‍ക്ക് മുഴുസമയം ഏപ്രില്‍ 29 മുതല്‍ പ്രവര്‍ത്തിക്കാം. ഹോട്ടലുകളില്‍ നിന്നും ഭക്ഷ്യ സ്ഥാപനങ്ങളില്‍ നിന്നും പാര്‍സല്‍ നല്‍കുന്നത് തുടരാം.
4. ഫാക്ടറികള്‍ക്കും കോണ്‍ട്രാക്ടിങ് സ്ഥാപനങ്ങള്‍ക്കും മുഴുസമയം പ്രവര്‍ത്തിക്കാം. കോവിഡ് പ്രതിരോധ നടപടി ഉറപ്പു വരുത്തി വേണം സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കാന്‍. ഇവര്‍ക്കും മെയ് 13 വരെ മാത്രമാണ് പ്രവര്‍ത്തിക്കാന്‍ അനുമതി. വിപണയിലെ ആവശ്യങ്ങള്‍ നികത്താന്‍ വേണ്ടി കൂടിയാണിത്.
5. അഞ്ചില്‍ കൂടുതല്‍ പേര്‍ ചേരുന്ന എല്ലാ പരിപാടികള്‍ക്കുമുള്ള നിരോധനം തുടരും. വിവാഹം പോലുള്ള ഒരു സംഗമങ്ങളും അനുവദിക്കില്ല. പാര്‍ക്കുകളിലും പൊതു സ്ഥലങ്ങളിലും കൂടാന്‍ പാടില്ല. ശ്രദ്ധയില്‍ പെട്ടാല്‍ നടപടിയുണ്ടാകും.
6. ബന്ധപ്പെട്ട വകുപ്പുകളും വിഭാഗങ്ങളും കര്‍ശന പരിശോധന തുടരും. കോവിഡ് പ്രതിരോധ നടപടികള്‍ ലംഘിക്കുന്ന സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും എതിരെ നിയമാനുസൃത നടപടികള്‍ ഉണ്ടാകും. ഓരോ ദിവസവും വിവിധ മന്ത്രാലയങ്ങള്‍ റിപ്പോര്‍ട്ട് കൈമാറണം. സ്ഥിതിഗതിക്ക് അനുസരിച്ച് നിലവിലെ ഉത്തരവ് തുടരണമോ വേണ്ടയോ എന്ന് തീരുമാനിക്കും.
7. മുകളിലെ ഉത്തരവുകളില്‍ ലംഘനമുണ്ടായതായി കണ്ടാല്‍ നിയമാനുസൃതമായ പരമാവധി പിഴ ഈടാക്കി സ്ഥാപനം അടപ്പിക്കും.
പുതിയ ഉത്തരവോടെ രാവിലെ 9 മുതല്‍ വൈകീട്ട് 5 വരെ ആളുകള്‍ക്ക് വാഹനവുമായി പുറത്തിറങ്ങാം. എന്നാല്‍ നേരത്തെയുള്ള വിവിധ വിലക്കുകള്‍ മാറ്റമില്ലാതെ തുടരും. ഇത് സംബന്ധിച്ച് ഉത്തരവില്‍ ഒന്നും പറയുന്നില്ല. കോവിഡ് പ്രതിരോധത്തിന് വ്യക്തികള്‍ക്ക് നല്‍കിയ നിര്‍ദേശങ്ങള്‍ പാലിച്ചാകണം പുറത്തിറങ്ങേണ്ടത്. മാസ്കും ഗ്ലൌസുകളും ധരിക്കാതെ പുറത്തിറങ്ങിയാല്‍ കോവിഡ് പടരാന്‍ സാധ്യതയേറെയാണ്. പുതിയ ഉത്തരവ് പ്രാബല്യത്തിലാകുമ്പോഴുള്ള സ്ഥിതിക്കനുസരിച്ചാകും തുടര്‍ തീരുമാനങ്ങള്‍. അപ്പോഴും, വ്യക്തിപരമായുള്ള ഉത്തരവാദിത്തം ഓരോരുത്തരും സൂക്ഷിക്കണമെന്നും ഉത്തരവ് ചൂണ്ടിക്കാട്ടുന്നു.
Adjust Story Font
16

