Quantcast

സൗദിയില്‍ പ്രവിശ്യകളും ചില നഗരപരിധികളും വിട്ടു പോകുന്നതിന് വിലക്ക് തുടരും; ലംഘിച്ചാല്‍ പിഴയും ശിക്ഷയുമെന്ന് ആഭ്യന്തര മന്ത്രാലയം

ഇന്ന് പ്രഖ്യാപിച്ച കര്‍ഫ്യൂ മാറ്റത്തിലും പ്രവിശ്യകള്‍ വിട്ടു പോകാന്‍ അനുമതിയില്ല

MediaOne Logo
സൗദിയില്‍ പ്രവിശ്യകളും ചില നഗരപരിധികളും വിട്ടു പോകുന്നതിന് വിലക്ക് തുടരും; ലംഘിച്ചാല്‍ പിഴയും ശിക്ഷയുമെന്ന് ആഭ്യന്തര മന്ത്രാലയം
X

സൗദിയില്‍ രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് അഞ്ച് വരെ കര്‍ഫ്യൂ ഒഴിവാക്കിയിരുന്നു. ഈ സമയത്ത് സ്വന്തം പ്രവിശ്യയില്‍ എവിടെയും സഞ്ചരിക്കാം. എന്നാല്‍ റിയാദ്, മക്ക, മദീന, തബൂക്ക്, ദമ്മാം, ദഹ്റാന്‍, ഹൊഫൂഫ് എന്നീ നഗരങ്ങളിലുള്ളവര്‍ക്ക് നേരത്തേ നിശ്ചയിച്ച നഗര പരിധി വിട്ടു പോകാന്‍ പാടില്ല. ജിദ്ദ, താഇഫ്, ഖതീഫ്, ഖോബാര്‍, സാമ്ത, ദാഇര്‍ എന്നീ ഗവര്‍ണറേറ്റുകളിലുള്ളവരും അവരുടെ ഗവര്‍ണറേറ്റ് പരിധി വിട്ടു പോകാന്‍ പാടില്ല. ഈ നഗരങ്ങള്‍ക്കും ഗവര്‍ണറേറ്റ് പരിധിക്കും പുറത്തുള്ളവര്‍ക്ക് പ്രവിശ്യ വിട്ടു പോകുന്നതിനുള്ള വിലക്കും തുടരും.

ആഭ്യന്തര മന്ത്രാലയമാണിത് വിശദീകരിച്ചത്. മക്കയില്‍ 24 മണിക്കൂര്‍ കര്‍ഫ്യൂ തുടരും. ഇതോടൊപ്പം നേരത്തെ 24 മണിക്കൂര്‍ ഐസൊലേഷന്‍ പ്രഖ്യാപിച്ച മേഖലകളായ ജിദ്ദയിലെ കിലോ 14 നോര്‍ത്ത്, കിലോ 14 സൌത്ത്, കൊറിയാത്, പെട്രോമിന്‍, കിലോ 13 ഗുലൈല്‍, മഹജര്‍, മദീനയിലെ ശുറൈബാത്ത്, ബനീ ദഫര്‍, ഖുര്‍ബാന്‍, അല്‍ജുമുഅ, ഇസ്കാന്‍റെ ചില ഭാഗങ്ങള്‍, ബനീ ഖുദ്ര, ജിസാനിലെ സാംത, അല്‍ദായര്‍, ദമാമിലെ അല്‍ അതീര്‍ എന്നീ മേഖലകളിലും 24 മണിക്കൂര്‍ കര്‍ഫ്യൂ തുടരും. ഇവിടേക്ക് പ്രവേശിക്കാനോ ഇവിടെയുള്ളവര്‍ പുറത്ത് പോകാനോ പാടില്ല.

24 മണിക്കൂര്‍ കര്‍ഫ്യൂ പിന്‍വലിച്ച് 16 മണിക്കൂറാണിപ്പോള്‍ കര്‍ഫ്യൂ സമയം. രാവിലെ 9 മുതല്‍ വൈകീട്ട് അഞ്ച് വരെ കര്‍ഫ്യൂ ഇല്ല. ഈ സമയത്ത് പാസൊന്നും കൂടാതെ പുറത്തിറങ്ങാം. ഈ സമയം കഴിഞ്ഞാല്‍ സഞ്ചരിക്കാന്‍ പാസും വേണം. ഇല്ലെങ്കില്‍ പിഴ ലഭിക്കും. കര്‍ഫ്യൂ ഇല്ലാത്ത സമയങ്ങളില്‍ കൂട്ടം കൂടി നിന്നാലും നടപടിയുണ്ടാകും. പതിനായിരം റിയാലാണ് പിഴ.

സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും തുറക്കാന്‍ അനുമതിയില്ല. എന്നാല്‍ നിലവില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നവര്‍ക്ക് അത് തുടരാം. കോവി‍ഡ് പ്രതിരോധത്തിന്‍റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന മേഖലക്കും പഴയത് പോലെ തുടരാം. കര്‍ഫ്യൂ അവശ്യ സേവനങ്ങള്‍ ഉപയോഗപ്പെടുത്താനാണ്. വ്യക്തികള്‍ സ്വന്തം ഉത്തരവാദിത്തം പാലിച്ചു വേണം പുറത്തിറങ്ങാനെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി

Next Story