Quantcast

ജനങ്ങള്‍ പുറത്തിറങ്ങുന്നത് വര്‍ധിച്ചു; റിയാദില്‍ കോവിഡ് രോഗികള്‍ കുത്തനെ കൂടി

കഴിഞ്ഞ ദിവസങ്ങളില്‍ തലസ്ഥാനത്ത് നടന്ന വിവിധ പരിശോധനകളുടെ ഫലങ്ങള്‍ക്ക് പിന്നാലെയാണ് റിയാദില്‍ രോഗികളുടെ എണ്ണം വര്‍ധിച്ചത്

MediaOne Logo
ജനങ്ങള്‍ പുറത്തിറങ്ങുന്നത് വര്‍ധിച്ചു; റിയാദില്‍ കോവിഡ് രോഗികള്‍ കുത്തനെ കൂടി
X

സൌദിയില്‍ വ്യാഴാഴ്ച അഞ്ചുപേര്‍ കൂടി കോവി‍ഡ് ബാധിച്ച് മരിച്ചു. ഇതോടെ മരണ സംഖ്യ 162 ആയി. 1351 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗികള്‍ 22753 ആയി ഉയര്‍ന്നു. 210 പേര്‍ക്ക് കൂടി വ്യാഴാഴ്ച രോഗമുക്തി ലഭിച്ചു. ആകെ 3163 പേര്‍ക്ക് ഇതുവരെ രോഗമുക്തി ലഭിച്ചിട്ടുണ്ട്. 123 പേര്‍ ഗുരുതരാവസ്ഥയില്‍ തുടരുകയാണ്. വ്യാഴാഴ്ച അസുഖം സ്ഥിരീകരിച്ചവരില്‍ 1130 പേര്‍ പ്രവാസികളാണ്.

സൌദിയില്‍ രോഗികളുടെ എണ്ണം വര്‍ധിക്കുന്ന രീതി. തീയതി തിരിച്ച്.

അസുഖം സ്ഥിരീകരിച്ചവരില്‍ നാന്നൂറ്റി നാല്‍പത് പേര്‍ റിയാദിലാണ്. കഴിഞ്ഞ ദിവസങ്ങളില്‍ തലസ്ഥാനത്ത് നടന്ന വിവിധ പരിശോധനകളുടെ ഫലങ്ങള്‍ക്ക് പിന്നാലെയാണ് റിയാദില്‍ രോഗികളുടെ എണ്ണം വര്‍ധിച്ചത്. ഇതോടെ റിയാദില്‍ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 4239 ആയി. 893 പേര്‍ക്ക് റിയാദില്‍ രോഗമുക്തി ലഭിച്ചുവെന്നതും നേട്ടമാണ്. ഏഴ് മരണങ്ങള്‍ മാത്രമാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളൂ. ലോക്ക് ഡൌണിലെ ഇളവ് ഉപയോഗപ്പെടുത്തി ജനങ്ങള്‍ കൂട്ടത്തോടെ പുറത്തിറങ്ങുന്നതും മന്ത്രാലയത്തിന്റെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. സ്ഥാപനങ്ങള്‍ക്ക് മുന്നില്‍‌ സാമൂഹിക അകലം പാലിക്കാതെ കൂട്ടം കൂടി നില്‍ക്കുന്നത് കണ്ടാല്‍ കടകള്‍ തന്നെ അടപ്പിക്കും.

രോഗമുക്തി നേടുന്നവരുടെ എണ്ണം ഓരോ പ്രവിശ്യയിലും കൂടിയും കുറഞ്ഞും വരുന്നു

മക്കയിലാണ് നിലവില്‍ ഗുരുതര സാഹചര്യമുള്ളത്. മക്കയില്‍ രോഗികളുടെ എണ്ണം 5552 ആയിട്ടുണ്ട്. ഇതില്‍ 554 പേര്‍ക്ക് രോഗമുക്തിയും ലഭിച്ചു. 69 മരണങ്ങള്‍ മക്കയിലാണ് സംഭവിച്ചത്. രാജ്യത്തുള്ള മരണത്തില്‍ ഭൂരിഭാഗവും മക്കയിലാണ്. ഇവിടെ 24 മണിക്കൂര്‍ കര്‍ഫ്യൂ തുടരുന്നതും പരിശോധന വ്യാപകമാക്കിയതും കൂടുതല്‍ രോഗികളെ കണ്ടെത്താന്‍‌ സഹായിച്ചു. ആയിരക്കണക്കിന് ഹോട്ടലുകളും അത്യാധുനിക ആശുപത്രി സൌകര്യങ്ങളുമുള്ളതിനാല്‍ മക്കയിലെ സ്ഥിതിഗതികള്‍ സാധാരണ നിലയിലേക്ക് വേഗത്തിലെത്തുമെന്നാണ് പ്രതീക്ഷ.

മരണസംഖ്യയില്‍ ഇരട്ടിപ്പുണ്ടാകുന്നില്ല. ഗുരുതരാവസ്ഥയിലുള്ളവരും നേരത്തെ ആരോഗ്യ പ്രയാസമുള്ളവരുമാണ് മരണപ്പെട്ടവരില്‍ ഭൂരിഭാഗവും

മദീനയില്‍ രോഗമുക്തി നേടുന്നവരുടെ എണ്ണം വര്‍ധിക്കുന്നുണ്ട്. 258 പേര്‍ക്കാണ് ഇതുവരെ രോഗമുക്തി. മദീനയിലാണ് രാജ്യത്ത് ഏറ്റവുമൊടുവില്‍ കേസുകള്‍ സ്ഥിരീകരിച്ചത്. ഇതിന് പിന്നാലെ നൂറുകണക്കിന് പേര്‍ക്ക് അസുഖം സ്ഥിരീകരിച്ചു. ഇതുവരെ മദീനയില്‍ 3866 പേര്‍ക്ക് അസുഖം സ്ഥിരീകരിച്ചിട്ടുണ്ട്.

മദീനയിലെ പ്രവാചകന്‍റെ പള്ളിയില്‍ സാമൂഹിക അകലം പാലിച്ചുള്ള നമസ്കാരം

32 മരണങ്ങളാണ് ഇവിടെ സ്ഥിരീകരിച്ചത്. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ പുതിയ മരണങ്ങള്‍ ഉണ്ടായിട്ടില്ല എന്നതും നേട്ടമാണ്. ഇവിടെ രോഗപ്പടര്‍ച്ച കണ്ടെത്തിയ സ്ഥലങ്ങള്‍ പൂര്‍ണമായും ഐസൊലേറ്റ് ചെയ്തിരിക്കുകയാണ്. ലേബര്‍ ക്യാമ്പുകളില്‍‌ തിങ്ങിപ്പാര്‍ക്കുന്നതായി കണ്ടെത്തിയ അയ്യായിരത്തോളം പേരെ ഹോട്ടലുകളിലേക്ക് മാറ്റിയിട്ടുണ്ട്.

Next Story