Quantcast

ഇത്തവണ ഹജ്ജില്‍ പങ്കെടുക്കുക പരമാവധി പതിനായിരം പേര്‍

ഇത്തവണ ഹജ്ജില്‍ പങ്കെടുക്കുക ആകെ പതിനായിരം പേര്‍ മാത്രമെന്ന് സൌദി ഹജ്ജ് മന്ത്രി മുഹമ്മദ് സാലിഹ് ബന്ദന്‍

MediaOne Logo
ഇത്തവണ ഹജ്ജില്‍ പങ്കെടുക്കുക പരമാവധി പതിനായിരം പേര്‍
X

ഇത്തവണ ഹജ്ജില്‍ പങ്കെടുക്കുക ആകെ പതിനായിരം പേര്‍ മാത്രമെന്ന് സൌദി ഹജ്ജ് മന്ത്രി മുഹമ്മദ് സാലിഹ് ബന്ദന്‍. റിയാദില്‍ വാര്‍ത്താ സമ്മേളനത്തിലാണ് ഹജ്ജിന്റെ കോവിഡ് പ്രോട്ടോകോള്‍ മന്ത്രി വിശദീകരിച്ചത്. ഓരോ രാജ്യത്തിന്റേയും എംബസികളുമായി ബന്ധപ്പെട്ട് സെലക്ഷന്‍ പൂര്‍ത്തിയാക്കും. എല്ലാ രാജ്യക്കാര്‍ക്കും അവസരമുണ്ടാകും. സൌദിക്കകത്തുള്ള സ്വദേശികള്‍ക്കും വിദേശികള്‍ക്കും മാത്രമാണ് അവസരം. കോവിഡ് പരിശോധനയില്‍ നെഗറ്റീവായവര്‍ക്ക് മാത്രമേ അനുമതി ലഭിക്കൂ.

എല്ലാ ദിവസവും ഹാജിമാരുടെ ആരോഗ്യ നില പരിശോധിക്കാന്‍ സംവിധാനമുണ്ടാകും. ഹജ്ജ് പൂര്‍ത്തിയാകുന്നതോടെ പതിനായിരം പേരും ഹോം ക്വാറന്റൈനില്‍ തുടരണം. സമ്പര്‍ക്കം ഒഴിവാക്കിയുള്ള ക്രമീകരണങ്ങളാകും ഇത്തവണ ഹജ്ജിലുണ്ടാവുക. അറുപത്തിയഞ്ച് വയസ്സിന് മുകളിലുള്ളവര്‍ക്ക് അവസരമുണ്ടാകില്ല. എല്ലാ പുണ്യ കേന്ദ്രങ്ങളിലും ആശുപത്രികള്‍ തമ്മില്‍‌‍ കേന്ദ്രീക‍ൃത സജ്ജീകരണമുണ്ടാവും. ചടങ്ങുകളില്‍ ഹാജിമാരെ മെഡിക്കല്‍ സംഘം അനുഗമിക്കുകയും ചെയ്യും.

സൌദിയിലെ ഹജ്ജ് ഉംറ മന്ത്രാലയമാണ് സുപ്രധാന തീരുമാനം എടുത്തത്. അന്താരാഷ്ട്ര വിമാന വിലക്ക് നിലനില്‍ക്കുന്നതിനാലും കോവിഡ് സാഹചര്യത്തിലും വിദേശത്ത് നിന്നും തീര്‍ഥാടകര്‍ക്ക് ഇത്തവണ ഹജ്ജിന് അവസരമുണ്ടാകില്ല. എന്നാല്‍‌‍ സൌദിക്കകത്തെ സ്വദേശികള്‍ക്കും വിദേശികള്‍ക്കും ഹജ്ജില്‍ പങ്കെടുക്കാം. നിശ്ചിത എണ്ണം പേര്‍ക്കായിരിക്കും ഹജ്ജില്‍ പങ്കെടുക്കാന്‍ അനുമതി.

മക്ക, മിന, മുസ്ദലിഫ, അറഫ എന്നിവിടങ്ങളിലാണ് ഹജ്ജ് കര്‍മങ്ങള്‍ നടക്കാറ്. ഈ ഓരോയിടങ്ങളിലും മുപ്പത് ലക്ഷത്തിലേറെ പേര്‍ക്ക് സംഗമിക്കാവുന്ന സൌകര്യമുണ്ട്. ഇതിനാല്‍ നിശ്ചിത എണ്ണം ഹാജിമാര്‍ എത്തുന്ന ചടങ്ങിന് രോഗപ്രതിരോധ സാഹചര്യങ്ങളോടെ ക്രമീകരണം എളുപ്പമാണ്. പുറമെ ആരോഗ്യ പ്രവര്‍ത്തകരുടെ ക്രമീകരണമുണ്ടാകും. ഹജ്ജിന്റെ ആത്മാവ് നഷ്ടപ്പെടാതെയുള്ള കര്‍മങ്ങളാകും ഇത്തവണയും ഉണ്ടാവുക എന്ന് മന്ത്രാലയം അറിയിച്ചിട്ടുണ്ട്.

TAGS :

Next Story