Quantcast

'ഇനി നമ്മുടെ ജീവിതം പഴയത് പോലാകില്ലല്ലോ അമ്മേ', ആ ദിവസം മകൻ പറഞ്ഞ വേദന; പത്താണ്ടിന്റെ ഓർമ്മയിൽ ടി.പി

ഇന്നും ടിപിയുടെ ഫോൺ നമ്പരാണ് ഔദ്യോഗിക നമ്പരായി കെ.കെ രമ ഉപയോഗിക്കുന്നത്. കൂടാതെ ടി.പിയുടെ ബൈക്കിന്റെ കെ.എൽ 18 എ 6395 എന്ന നമ്പരും കളയാതെ ഉപയോഗിക്കുന്നുണ്ട്.

MediaOne Logo

Web Desk

  • Updated:

    2022-05-04 06:12:35.0

Published:

4 May 2022 6:05 AM GMT

ഇനി നമ്മുടെ ജീവിതം പഴയത് പോലാകില്ലല്ലോ അമ്മേ, ആ ദിവസം മകൻ പറഞ്ഞ വേദന; പത്താണ്ടിന്റെ ഓർമ്മയിൽ ടി.പി
X

കേരള രാഷ്ട്രീയത്തിൽ ഏറെ കോളിളക്കം സൃഷ്ടിച്ച ആർ.എം.പി നേതാവ് ടി.പി ചന്ദ്രശേഖരന്റെ കൊലപാതകത്തിന് ഇന്ന് പത്ത് വർഷം തികയുന്നു. ടി.പിയുടെ പത്താം രക്തസാക്ഷി ദിനം അനുസ്മരണ സമ്മേളനം അടക്കം വിവിധ പരിപാടികളോടെ ആർ.എം.പി.ഐ വിപുലമായി ആചരിക്കുകയാണ്. ടി.പി കൊല്ലപ്പെട്ട ദിവസത്തെ മകൻ അഭിനന്ദ് പറഞ്ഞ വേദന നിറഞ്ഞ വാക്കുകളിലൂടെയാണ് ഭാര്യയും വടകര എം.എൽ.എയുമായ കെ.കെ രമ ഓർമ്മിക്കുന്നത്.

അച്ഛൻ കൊല്ലപ്പെട്ടു എന്നറിഞ്ഞു തളർന്നിരുന്ന 17 വയസുകാരൻ മകൻ പറഞ്ഞൊരു വേദനയുണ്ട്, ഇനി നമ്മുടെ ജീവിതം പഴയത് പോലാകില്ലല്ലോ അമ്മേ... അന്ന് മെഡിക്കൽ കോളെജിൽ നിന്ന് വിലാപയാത്രയായിട്ടാണ് ടിപിയെ വീട്ടിലേക്ക് കൊണ്ടുവന്നത്. അമ്മേ, നമുക്കും അച്ഛന്റെ ഒപ്പം ഇരിക്കാം, ഇനി ഒരിക്കലും നമുക്ക് അച്ഛനൊപ്പം യാത്ര ചെയ്യാനാകില്ലല്ലോ എന്ന് അഭിനന്ദ് പറഞ്ഞു. പക്ഷേ ആ സമയത്ത് എനിക്ക് പോകാൻ കഴിഞ്ഞില്ല. മകൻ പയ്യോളിയിൽ നിന്നും അച്ഛനൊപ്പം കയറി. ചിതയിൽ വയ്ക്കുന്നതിന് മുൻപ് ചന്ദ്രേട്ടന്റെ കാൽക്കൽ മകൻ നമസ്‌കരിക്കുന്ന കാഴ്ചയുണ്ട്. ഇന്നും അതോർക്കുമ്പോൾ ഞാൻ പൊളളിപ്പിടയും. അസുഖം വന്നിട്ടു മരിച്ചതല്ലല്ലോ, മനഃപൂർവം ഇല്ലാതാക്കിയതല്ലേ, ആ നീറ്റൽ അവന്റെ ഉളളിൽ നിന്ന് പോകുമോ ?പിന്നീട് ഞാനവനെ അളവറ്റ സന്തോഷത്തിൽ കണ്ടിട്ടില്ല. ഞാൻ രാഷ്ട്രീയത്തിൽ ഇറങ്ങണമെന്നും അവന് നിർബന്ധമുണ്ടായിരുന്നു. ഇലക്ഷൻ സമയത്ത് എനിക്ക് നേരെ നടന്ന കയ്യേറ്റം അവനെ ഭയപ്പെടുത്തി. അമ്മാ, സൂക്ഷിക്കണമെന്ന് അകൂടെക്കൂടെ ഓർമ്മിപ്പിച്ചിരുന്നു.

ഇന്നും ടിപിയുടെ ഫോൺ നമ്പരാണ് ഔദ്യോഗിക നമ്പരായി കെ.കെ രമ ഉപയോഗിക്കുന്നത്. കൂടാതെ ടി.പിയുടെ ബൈക്കിന്റെ കെ.എൽ 18 എ 6395 എന്ന നമ്പരും കളയാതെ ഉപയോഗിക്കുന്നുണ്ട്. ആ നമ്പർ കളയരുതെന്ന തീരുമാനം മകൻ അഭിനന്ദിന്റേത് കൂടിയാണ്. വളളിക്കാട് അങ്ങാടിയിലെ വഴിയരികിൽ വച്ച് ബൈക്കിൽ പോകുന്ന ടി.പിയെ വെട്ടി വീഴ്ത്തിയവർക്കുളള താക്കീത് കൂടിയാണ് അതെന്നും കെ.കെ രമ പറയുന്നു. വനിതയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു കെ.കെ രമയുടെ ഇക്കാര്യങ്ങള്‍ ഓര്‍മ്മിക്കുന്നത്.

നിലവിൽ ടി.പി വധക്കേസിൽ വിചാരണക്കോടതി വെറുതെവിട്ട സി.പി.എം നേതാക്കൾക്കെതിരെ കെ.കെ രമ ഹൈക്കോടതിയിൽ അപ്പീൽ നൽകിയിട്ടുണ്ട്. വെറുതെ വിട്ടവരെ ശിക്ഷിക്കുക, ജീവപര്യന്തം തടവുശിക്ഷ വിധിച്ചവർക്ക് വധശിക്ഷ നൽകുക എന്നി ആവശ്യങ്ങൾ ഉന്നയിച്ചാണ് അപ്പീൽ നൽകിയത്. സർക്കാരും കേസിൽ അപ്പീൽ നൽകിയിട്ടുണ്ട്. കൂടാതെ പ്രതികളും വെറുതെ വിടണമെന്ന ആവശ്യവുമായി അപ്പീൽ നൽകിയിട്ടുണ്ട്. ഈ അപ്പീലുകൾ ഉടൻ പരിഗണിച്ചേക്കും.

TAGS :

Next Story