ദുബൈ ത്രിദിന വാര്‍ഷിക നിക്ഷേപക സംഗമം ഇന്ന് അവസാനിക്കും

ദുബൈ ത്രിദിന വാര്‍ഷിക നിക്ഷേപക സംഗമം ഇന്ന് അവസാനിക്കും
ഇന്ത്യ ഉള്‍പ്പെടെ ലോകത്തെ പ്രധാന രാജ്യങ്ങളില്‍ നിന്നുള്ള മന്ത്രിമാരും പ്രതിനിധികളും സംഗമത്തില്‍ പങ്കെടുക്കുന്നുണ്ട്...
വിദേശ നിക്ഷേപം ആകര്‍ഷിക്കുന്നതിനുള്ള ലോകത്തെ തന്നെ പ്രമുഖ വേദികളിലൊന്നായ ത്രിദിന വാര്‍ഷിക നിക്ഷേപക സംഗമം ഇന്ന് ദുബൈയില്‍ അവസാനിക്കും. ഇന്ത്യ ഉള്‍പ്പെടെ ലോകത്തെ പ്രധാന രാജ്യങ്ങളില്‍ നിന്നുള്ള മന്ത്രിമാരും പ്രതിനിധികളും സംഗമത്തില്‍ പങ്കെടുക്കുന്നുണ്ട്.
യു.എ.ഇ സാമ്പത്തിക മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തിലാണ് സംഗമം. തങ്ങളുടെ രാജ്യങ്ങളിലെ നിക്ഷേപ സാധ്യതകള്‍ പരിചയപ്പെടുത്താനും പദ്ധതികള്‍ അവതരിപ്പിക്കാനുള്ള മികച്ച അവസരം കൂടിയാണ് ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് സംഗമത്തിലൂടെ ലഭിച്ചിരിക്കുന്നത്. 'മേക് ഇന്‍ ഇന്ത്യ' പവലിയനുമായി ഇന്ത്യയും സംഗമത്തില്‍ സജീവമാണ്. ഇതാദ്യമായാണ് ഇന്ത്യ മേളയില്‍ വിപുലമായ രീതിയില്‍ സാന്നിധ്യമറിയിക്കുന്നതും. രാജ്യത്തെ നിക്ഷേപ സാധ്യതകള്‍ അവതരിപ്പിക്കാനായി ഇന്ത്യന്‍ വാണിജ്യ വ്യവസായ മന്ത്രാലയം, ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി (ഫികി) പ്രതിനിധികളാണ് എത്തിയത്.
റോഡ്, റെയില്‍ ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യമേഖലക്കും ഉത്പാദന മേഖലക്കും ഊന്നല്‍ നല്‍കിയാണ് ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ വിദേശ നിക്ഷേപം ആകര്‍ഷിക്കുന്നത്. അടിസ്ഥാന സൗകര്യമേഖലയില്‍ 32 തുറമുഖങ്ങളുടെ ശൃംഖല തീര്‍ക്കുന്ന സാഗര്‍മാല പദ്ധതിക്ക് മികച്ച പ്രതികരണം ലഭിച്ചതായി ഫികി പ്രതിനിധികള്‍ വ്യക്തമാക്കി. എണ്ണ വില തകര്‍ച്ചയെ തുടര്‍ന്ന് സാമ്പത്തിക രംഗത്തെ വൈവിധ്യവത്കരണം ആഗ്രഹിക്കുന്ന ഗള്‍ഫ് രാജ്യങ്ങള്‍ നിക്ഷേപത്തിനുള്ള പുതിയ സാധ്യതകള്‍ താല്‍പര്യപൂര്‍വമാണ് ഉറ്റുനോക്കുന്നത്.
Adjust Story Font
16

