Quantcast

യുഎഇയില്‍ പ്രധാന റോഡുകളില്‍ പരാമവധി വേഗത കുറക്കാന്‍ നിര്‍ദേശം

MediaOne Logo

admin

  • Published:

    22 Dec 2016 1:46 AM IST

യുഎഇയില്‍ പ്രധാന റോഡുകളില്‍ പരാമവധി വേഗത കുറക്കാന്‍ നിര്‍ദേശം
X

യുഎഇയില്‍ പ്രധാന റോഡുകളില്‍ പരാമവധി വേഗത കുറക്കാന്‍ നിര്‍ദേശം

രാജ്യത്തെ പ്രധാന റോഡുകളില്‍ നിലവിലുള്ള പരാമവധി വേഗത കുറക്കാനും കുറഞ്ഞ വേഗത ഉയര്‍ത്താനും യുഎഇ ഫെഡറല്‍ നാഷനല്‍ കൗണ്‍സിലിന്‍റെ നിര്‍ദേശം

രാജ്യത്തെ പ്രധാന റോഡുകളില്‍ നിലവിലുള്ള പരാമവധി വേഗത കുറക്കാനും കുറഞ്ഞ വേഗത ഉയര്‍ത്താനും യുഎഇ ഫെഡറല്‍ നാഷനല്‍ കൗണ്‍സിലിന്‍റെ നിര്‍ദേശം. പരമാവധി വേഗത കുറക്കുന്നതിനൊപ്പം ബഫര്‍ പരിധി ഒഴിവാക്കാനുള്ള നിര്‍ദേശവും കൗണ്‍സില്‍ മുന്നോട്ടുവെച്ചിട്ടുണ്ട്.

നിലവില്‍ യുഎഇയിലെ പ്രധാന റോഡുകളില്‍ പരമാവധി വേഗത 120 കി.മീ ആണ്. 20 കി.മീ ബഫറും കൂടി ലഭിക്കുന്നതിനാല്‍ 140 കിലോമീറ്റര്‍ വരെ വേഗതയില്‍ വാഹനമോടിക്കാന്‍ സാധിക്കും. ഈ ബഫര്‍ പരിധി എടുത്തുകളയുകയും പരമാവധി വേഗത 130 കിലോമീറ്റര്‍ ആയി നിശ്ചയിക്കുകയും വേണമെന്നാണ് നിര്‍ദേശം ഉയര്‍ന്നിരിക്കുന്നതെന്ന് കൗണ്‍സില്‍ മേധാവി മേജര്‍ ജനറല്‍ മുഹമ്മദ് അല്‍ സഫീന്‍ പറഞ്ഞു. അതേസമയം പ്രധാന റോഡുകളിലെ ഗതാഗത കുരുക്കുകള്‍ ഒഴിവാക്കുന്നതിന് കുറഞ്ഞ വേഗത 60 കി.മീറ്ററില്‍ നിന്ന് 100 കിലോമീറ്റര്‍ ആയി ഉയര്‍ത്തണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. ഇതിലൂടെ വാഹനങ്ങള്‍ പിന്നില്‍ ഇടിക്കുന്നത് ഒഴിവാക്കാനും സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് സൈഫ് ബിന്‍ സായിദ് ആല്‍ നഹ്യാന്‍റെ നേതൃത്വത്തിലുള്ള കമ്മിറ്റിക്കാണ് വേഗതാ പുനര്‍നിര്‍ണയം സംബന്ധിച്ച നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചത്. കുറഞ്ഞതും കൂടിയതുമായ വേഗതകള്‍ സംബന്ധിച്ച് വലിയ വ്യത്യാസങ്ങള്‍ നിലനില്‍ക്കുന്നത് അപകടങ്ങള്‍ക്ക് കാരണമാകും എന്നതിനാലാണ് പരമാവധി വേഗത കുറക്കുന്നതിനൊപ്പം കുറഞ്ഞ വേഗത ഉയര്‍ത്താനും നിര്‍ദേശിച്ചതെന്ന് മേജര്‍ ജനറല്‍ മുഹമ്മദ് അല്‍ സഫീന്‍ പറഞ്ഞു. 60 കി.മീ വേഗതയില്‍ പോകുന്ന വാഹനത്തിന്‍റെ പിന്നില്‍ 120 കി.മീ വേഗത്തില്‍ പോകുന്ന വാഹനം സഞ്ചരിക്കുന്നത് അപകട സാധ്യത ഉയര്‍ത്തും.

TAGS :

Next Story