Quantcast

പൊതുസ്ഥലത്തെ പുകവലിക്കെതിരെ സൌദിയില്‍ നിയമം നിലവില്‍ വന്നു

MediaOne Logo

admin

  • Published:

    17 May 2017 5:48 PM IST

പൊതുസ്ഥലത്തെ പുകവലിക്കെതിരെ സൌദിയില്‍ നിയമം നിലവില്‍ വന്നു
X

പൊതുസ്ഥലത്തെ പുകവലിക്കെതിരെ സൌദിയില്‍ നിയമം നിലവില്‍ വന്നു

പുകയില ഉല്‍പ്പന്നങ്ങളുടെ ഉപഭോഗവുമായി ബന്ധപ്പെട്ടും നിര്‍മ്മാണവും വില്‍പ്പനയുമായി ബന്ധപ്പെട്ടും നിയമം ലംഘിക്കുന്നവർക്ക് ഇരുന്നൂറ് മുതൽ ഇരുപതിനായിരം റിയാൽ വരെ പിഴ ചുമത്തും

പൊതു സ്ഥലങ്ങളില്‍ പുകവലിക്കുന്നവര്‍ക്ക് എതിരെ നടപടികളുമായി സൗദി അറേബ്യയിൽ പുതിയ നിയമം ഇന്നലെ മുതല്‍ പ്രാബല്യത്തില്‍ വന്നു. പുകയില ഉല്‍പ്പന്നങ്ങളുടെ ഉപഭോഗവുമായി ബന്ധപ്പെട്ടും നിര്‍മ്മാണവും വില്‍പ്പനയുമായി ബന്ധപ്പെട്ടും നിയമം ലംഘിക്കുന്നവർക്ക് ഇരുന്നൂറ് മുതൽ ഇരുപതിനായിരം റിയാൽ വരെ പിഴ ചുമത്തും. ഒരു വര്‍ഷം മുന്‍പ് പുറത്തിറക്കിയ സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നിയമം പ്രാബല്യത്തില്‍ വന്നത്.

പുകയില ഉല്‍പ്പന്നങ്ങളുടെ ഉപയോഗം, നിർമാണം, വിൽപ്പന എന്നിവ നിയന്ത്രിക്കുന്നതിനും ബോധവല്‍ക്കരണത്തിനുമായി കഴിഞ്ഞ വർഷമാണ് ഉത്തരവ് പുറപ്പെടുവിച്ചിരുന്നത്. നിയമം നടപ്പിൽ വരുത്തുന്നതിന് ഒരു വർഷം വരെ സമയം അനുവദിക്കണമെന്ന് ഉത്തരവില്‍ വ്യവസ്ഥ ചെയ്ത പ്രകാരം ഇന്നലെ മുതലാണ്‌ നിയമം കർശനമാക്കിയത്. ഇതനുസരിച്ച് പള്ളികൾ, വിദ്യഭ്യാസ, ആരോഗ്യ, കായിക സ്ഥാപനങ്ങള്‍, മറ്റു സാംസ്കാരിക, ധര്‍മ്മസ്ഥാപനങ്ങൾ എന്നിവയുടെ പരിസരത്തു നിന്നും പുക വലിക്കുന്നവര്‍ക്ക് 200 മുതല്‍ 5000 റിയാല്‍ വരെ പിഴ ഈടാക്കും.

പൊതു ഗതാഗത സംവിധാനങ്ങള്‍, ഭക്ഷണവും പാനീയങ്ങളും തയ്യാറാക്കുന്ന സ്ഥലങ്ങള്‍, എണ്ണ ഉല്‍പ്പാദിപ്പിക്കുന്ന സ്ഥലങ്ങള്‍, ജല വിതരണ കേന്ദ്രങ്ങള്‍, ലിഫ്റ്റുകൾ എന്നിവിടങ്ങള്‍ക്കും ഈ നിയമം ബാധകമാണ്. 18 വയസ്സിനു താഴെയുള്ളവര്‍ക്ക് പുകയില ഉൾപ്പന്നങ്ങള്‍ വില്‍പ്പന നടത്താൻ പാടില്ല. നിശ്ചയിച്ച വിലയെക്കാൾ കുറച്ച് ഇത്തരം ഉൽപ്പന്നങ്ങൾ വിൽക്കുന്നതും നിരോധിച്ചിട്ടുണ്ട്. കൂടാതെ വില്‍പ്പന വര്‍ധനവിനായി സിഗരറ്റുകള്‍ സൗജന്യമായി നല്‍കുക, കൂടുതല്‍ വാങ്ങുന്നവര്‍ക്ക് പ്രത്യേകം സമ്മാനങ്ങള്‍ നല്‍കുക എന്നിവയും നിരോധിച്ചിരിക്കുന്നു.

പുകയില ഉൽപ്പന്നങ്ങളുടെ പരസ്യങ്ങള്‍ അടങ്ങിയ വസ്തുക്കൾ രാജ്യത്തേക്കു ഇറക്കുമതി ചെയ്യാനും അവ വില്‍പ്പന നടത്താനും പാടില്ല. സിഗരറ്റിന്റെ രൂപത്തിലുള്ള കളിപ്പാട്ടങ്ങൾ, മിഠായികൾ എന്നിവയുടെ വില്‍പ്പനയും നിരോധിക്കപ്പെട്ടിരിക്കുന്നു. ഇത്തരം കുറ്റകൃത്യങ്ങള്‍ക്ക് 20,000 റിയാല്‍ വരെ പിഴ ശിക്ഷ ലഭിക്കും.

വിൽപ്പന യന്ത്രങ്ങളിലൂടെയോ പൊതു ഗതാഗത സംവിധാനങ്ങളിലൂടെയോ പുകയില ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നതും നിയമം കര്‍ശനമായി നിരോധിക്കുന്നുണ്ട്. വാണിജ്യ കേന്ദ്രങ്ങളിലെയും മറ്റും പുകവലിക്കായി പ്രത്യേകം നിഷ്കർഷിച്ചിട്ടില്ലാത്ത സ്ഥലങ്ങളില്‍ പുകവലിക്കുന്നവര്‍ക്ക് എതിരെയും നടപടികളുണ്ടാവും. ഇത്തരം നിയമലംഘകരിൽ നിന്നും ചുമത്തുന്ന പിഴ പുകയില ഉൽപ്പന്നങ്ങൾക്കെതിരെ ബോധവൽക്കരണത്തിനായാണ്‌ ഉപയോഗിക്കുകയെന്നും അധികൃതർ അറിയിച്ചു.

TAGS :

Next Story