സൗദി സര്‍ക്കാര്‍ ആശുപത്രിയില്‍ ഇനി വിദേശ ഡോക്ടര്‍മാരുടെ ജോലി കാലാവധി 15 വര്‍ഷം

സൗദി സര്‍ക്കാര്‍ ആശുപത്രിയില്‍ ഇനി വിദേശ ഡോക്ടര്‍മാരുടെ ജോലി കാലാവധി 15 വര്‍ഷം
സൗദി സര്‍ക്കാര്‍ ആശുപത്രികളിലെ വിദേശ ഡോക്ടര്‍മാരുടെ സേവനം പരമാവധി പതിനഞ്ച് വര്‍ഷമായി ചുരുക്കാന്‍ ആരോഗ്യ വകുപ്പ് തീരുമാനിച്ചതായി റിപ്പോര്‍ട്ട്.
സൗദി സര്‍ക്കാര്‍ ആശുപത്രികളിലെ വിദേശ ഡോക്ടര്‍മാരുടെ സേവനം പരമാവധി പതിനഞ്ച് വര്‍ഷമായി ചുരുക്കാന്‍ ആരോഗ്യ വകുപ്പ് തീരുമാനിച്ചതായി റിപ്പോര്‍ട്ട്. കാലാവധി പൂര്‍ത്തിയാകുന്ന ഡോക്ടര്‍മാരുടെ താമസ രേഖയും തൊഴില്‍ കരാറും പുതുക്കിനല്‍കില്ല. ആശുപത്രികളില്‍ പരമാവധി സ്വദേശി ഡോക്ടര്‍മാരെ നിയമിക്കണമെന്നുള്ള ആരോഗ്യ മന്ത്രി തൌഫീഖ് അല്‍ റബീഅയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി.
ആരോഗ്യമേഖലയില്‍ സമ്പൂര്‍ണ സ്വദേശിവല്‍ക്കരണം നടപ്പാക്കുന്നതിന്റെ ഭാഗമായാണ് വിദേശ ഡോക്ടര്‍മാര്‍ക്ക് പ്രവര്‍ത്തന പരിധി നിശ്ചയിക്കുന്നത്. ഉന്നത ഉദ്യോഗസ്ഥരുമായി മന്ത്രി തൌഫീഖ് അല്‍ റബീഅ നടത്തിയ ചര്‍ച്ചക്ക് ശേഷമാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. സ്വദേശികളുടെ ലഭ്യതയും മറ്റും പരിഗണിച്ച് പത്തു മുതല്‍ പതിനഞ്ചു വര്‍ഷം വരെ സര്‍ക്കാര്‍ സേവനത്തിലുള്ള വിദേശ ഡോക്ടര്‍മാരുടെ താമസ രേഖയും തൊഴില്‍ കരാറും മേലില്‍ പുതുക്കുകയില്ല. എന്നാല്‍ ഇവര്‍ക്ക് സ്വകാര്യ ആശുപത്രികളിലേക്ക് സ്‌പോണ്‍സര്‍ഷിപ്പ് മാറ്റം അനുവദിക്കുമോ എന്ന കാര്യത്തില്‍ ഇനിയും വ്യക്തത വന്നിട്ടില്ല. വിദേശികളെ ഒഴിവാക്കുന്നത് മൂലമുണ്ടാവുന്ന ഒഴിവുകളിലേക്ക് സ്വദേശി ഡോക്ടര്‍മാരെ നിയമിക്കാനുള്ള നടപടികള്‍ വേഗത്തില്‍ നടപ്പിലാക്കും. നിലവിലുള്ള സ്വദേശി ഡോക്ടര്‍മാരില്‍ സ്‌പെഷ്യലിസ്റ്റ് രംഗത്ത് പരിശീലനം ലഭിച്ചവരുടെ കുറവ് പരിഹരിക്കാനായി പരിശീലന കേന്ദ്രങ്ങളുടെ എണ്ണം കൂട്ടും.
കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടയില്‍ രാജ്യത്തെ 23 മെഡിക്കല്‍ കോളജുകളില്‍ നിന്നായി ഡോക്ടര്‍ ബിരുദം നേടിയ 6560 പേരില്‍ 2000 പേര്‍ക്ക് മാത്രമേ വിദഗ്ധ പരിശീലനം ലഭിച്ചിട്ടുള്ളുവെന്ന് മന്ത്രാലയത്തിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നു. എഴുപതോളം വിഭാഗങ്ങളില്‍ പ്രത്യേകം പരിശീലനം നല്‍കാന്‍ 1100 കേന്ദ്രങ്ങള്‍ കൂടി പുതുതായി ആരംഭിക്കാന്‍ മന്ത്രാലയം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ആശുപത്രികളുടെ സാങ്കേതിക, ഭരണനിര്‍വഹണ ജോലികളില്‍ അതാതു രംഗത്ത് വൈദഗ്ധ്യം ലഭിച്ചവരെ മാത്രമേ നിയമിക്കാവൂ എന്നും മന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Adjust Story Font
16

