Quantcast

തടവുകാര്‍ക്ക് ജയിലില്‍ കുടുംബവീടൊരുക്കാന്‍ കുവൈത്ത്

MediaOne Logo

admin

  • Published:

    9 Nov 2017 7:33 AM GMT

തടവുകാര്‍ക്ക് ജയിലില്‍ കുടുംബവീടൊരുക്കാന്‍ കുവൈത്ത്
X

തടവുകാര്‍ക്ക് ജയിലില്‍ കുടുംബവീടൊരുക്കാന്‍ കുവൈത്ത്

തടവുകാര്‍ക്ക് ജയിലില്‍ കുടുംബവീടൊരുക്കാന്‍ പ്രത്യേക പദ്ധതിയുമായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം.

തടവുകാര്‍ക്ക് ജയിലില്‍ കുടുംബവീടൊരുക്കാന്‍ പ്രത്യേക പദ്ധതിയുമായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം. തെരഞ്ഞെടുക്കപ്പെടുന്ന തടവുകാര്‍ക്ക് ജയില്‍ കോമ്പൌണ്ടിലൊരുക്കിയ വീട്ടില്‍ കുടുംബസമേതം 72 മണിക്കൂര്‍ താമസിക്കാന്‍ നല്‍കുന്നതാണ് പദ്ധതി.

ജയിലില്‍നിന്ന് പുറത്തുവരുമ്പോഴേക്കും സമൂഹത്തെയും നാടിനെയും സേവിക്കുന്നവരാക്കി തടവുകാരെ മാറ്റുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്നു ആഭ്യന്തര മന്ത്രാലയം പറയുന്നു. സുലൈബിയയിലെ സെന്‍ട്രല്‍ ജയില്‍ കോമ്പൌണ്ടിലാണ് കുടുംബ വീടു ഒരുങ്ങുന്നത് . ജയിലിലെ പെരുമാറ്റവും നിയമങ്ങള്‍ പാലിക്കുന്നതിലെ കൃത്യതയും പരിഗണിച്ചാണ് തടവുകാരെ തെരഞ്ഞെടുക്കുക. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ജീവിത പങ്കാളി, മാതാപിതാക്കള്‍, മക്കള്‍, സഹോദരങ്ങള്‍ തുടങ്ങിയ കുടുംബാംഗങ്ങളുമൊത്ത് 72 മണിക്കൂര്‍ ഇവിടെ താമസിക്കാം. വീട്ടിലെ പോലെ എല്ലാ വിധ സൗകര്യങ്ങളും വിനോദോപാധികളും ഇവിടെ ലഭ്യമായിരിക്കും. സാമൂഹിക പ്രവര്‍ത്തകര്‍, മനോരോഗവിദഗ്ധര്‍, അക്കാദമിക വിദഗ്ധര്‍ എന്നിവരുടെ മേല്‍നോട്ടത്തിലാണ് കുടുംബവീട് പ്രവര്‍ത്തിക്കുക.

ഇസ്ലാമിക നിയമം, അന്താരാഷ്ട്ര ചട്ടങ്ങളും ചാര്‍ട്ടറുകളും കണ്‍വെന്‍ഷനുകളും എന്നിവയുടെ അടിസ്ഥാനത്തിലാണ് കുടുംബവീട് എന്ന ആശയത്തിന് രൂപംനല്‍കിയിരിക്കുന്നതെന്നു ആഭ്യന്തര മന്ത്രാലയത്തിലെ ജയില്‍ ആന്റ് കറക്ഷണല്‍ ഇന്‍സ്റ്റിറ്റ്യൂഷന്‍സ് മേധാവി മേജര്‍ ജനറല്‍ ഖാലിദ് അല്‍ദീന്‍ പറഞ്ഞു. 130 വനിതകളടക്കം 3,000 തടവുപുള്ളികളാണു നിലവില്‍ രാജ്യത്തെ ജയിലുകളില്‍ കഴിയുന്നത്. ഇവരില്‍ ആര്‍ക്കുവേണമെങ്കിലും പെരുമാറ്റവും അച്ചടക്കവും മെച്ചപ്പെടുത്തിയാല്‍ 'കുടുംബവീട്' സൗകര്യം അനുഭവിക്കാമെന്നു അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തടവുകാര്‍ സമൂഹത്തില്‍നിന്ന് മാറ്റിനിര്‍ത്തേണ്ടവര്‍ അല്ല എന്ന കാഴ്ചപ്പാടില്‍ നിന്നാണ് 'കുടുംബവീട്' പദ്ധതിയുടെ തുടക്കമെന്നു പ്രമുഖ മനശാസ്ത്രജ്ഞനും കുടുംബ കൗണ്‍സലറുമായ ഡോ. ഖാലിദ് അല്‍അത്‌റാഷ് പറഞ്ഞു. കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാന്‍ ലഭിക്കുന്ന അവസരം കുറ്റവാളികളില്‍ മാനസാന്തരമുണ്ടാക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അടുത്തമാസം തന്നെ പദ്ധതി ആരംഭിക്കുമെന്നാണ് അറിയുന്നത്.

TAGS :

Next Story