Quantcast

ഭിന്നശേഷിക്കാരുടെ പാര്‍ക്കിംങ് ഏരിയയില്‍ വാഹനം നിര്‍ത്തുന്നത് കുവൈത്തില്‍ ഇനി കുറ്റകൃത്യം

MediaOne Logo

Subin

  • Published:

    31 March 2018 5:29 PM IST

ഭിന്നശേഷിക്കാരുടെ പാര്‍ക്കിംങ് ഏരിയയില്‍ വാഹനം നിര്‍ത്തുന്നത് കുവൈത്തില്‍ ഇനി കുറ്റകൃത്യം
X

ഭിന്നശേഷിക്കാരുടെ പാര്‍ക്കിംങ് ഏരിയയില്‍ വാഹനം നിര്‍ത്തുന്നത് കുവൈത്തില്‍ ഇനി കുറ്റകൃത്യം

കോടതി വിചാരണയില്‍ നിയമലംഘനം തെളിഞ്ഞാല്‍ ഒരു മാസം തടവോ 100 ദീനാര്‍ പിഴയോ അല്ലെങ്കില്‍ രണ്ടും ഒരുമിച്ചോ ലഭിക്കാവുന്ന കുറ്റകൃത്യമായി അവ മാറും. കൂടാതെ പാര്‍ക്കിംഗ് സ്ഥലം കയ്യേറുന്നവരെ ബ്‌ളാക് ലിസ്റ്റ് ചെയ്യാനും വകുപ്പുണ്ട്

കുവൈത്തില്‍ ഭിന്നശേഷിക്കാരുടെ പാര്‍ക്കിംഗ് ഏരിയകളില്‍ വാഹനം നിര്‍ത്തിയിടുന്നത് ഇനിമുതല്‍ സിവില്‍ കുറ്റകൃത്യമായി പരിഗണിക്കും. നേരത്തെ ട്രാഫിക് നിയമലംഘനമായി മാത്രം കണക്കാക്കിയിരുന്ന തെറ്റിന് പുതിയ തീരുമാനപ്രകാരം ഒരു മാസം തടവും 100 ദീനാര്‍ പിഴയും ആണ് ശിക്ഷ.

ഭിന്നശേഷിക്കാര്‍ക്ക് വേണ്ടി സംവരണം ചെയ്തിട്ടുള്ള പാര്‍ക്കിങ് ഏരിയകളില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നവരെ ഇനി സിവില്‍ കേസ് പ്രതികളായാണ് പരിഗണിക്കുക. സിവില്‍ കുറ്റകൃത്യമായി മാറ്റിയതോടെ ഇത്തരം നിയമലംഘനങ്ങള്‍ ജനറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ടുമെന്റിന്റെ പരിധിയിലാണ് വരിക. നിയമലംഘനം കണ്ടെത്തിയാല്‍ ആദ്യം തെളിവെടുപ്പ് വിഭാഗത്തിലേക്കും തുടര്‍ന്ന് കോടതി നടപടികള്‍ക്കായി ജനറല്‍ പ്രോസിക്യൂഷനും കേസ് കൈമാറും. ഇത് സംബന്ധിച്ച് ട്രാഫിക് ഡിപ്പാര്‍ട്ടുമെന്റും ജനറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ടുമെന്റും ധാരണയിലെത്തിയിട്ടുണ്ട്.

കോടതി വിചാരണയില്‍ നിയമലംഘനം തെളിഞ്ഞാല്‍ ഒരു മാസം തടവോ 100 ദീനാര്‍ പിഴയോ അല്ലെങ്കില്‍ രണ്ടും ഒരുമിച്ചോ ലഭിക്കാവുന്ന കുറ്റകൃത്യമായി അവ മാറും. കൂടാതെ പാര്‍ക്കിംഗ് സ്ഥലം കയ്യേറുന്നവരെ ബ്‌ളാക് ലിസ്റ്റ് ചെയ്യാനും വകുപ്പുണ്ട് ബഌക്ക് ലിസ്റ്റ് ചെയ്യപ്പെടുന്നവര്‍ക്ക് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്‌മെന്റില്‍ നിന്നുള്ള അനുമതി പത്രം കോടതിയില്‍ നല്‍കിയാലല്ലാതെ പാസ്‌പോര്‍ട്ട്, ലൈസന്‍സ്, വാഹന ഇന്‍ഷൂറന്‍സ്, ഇഖാമ എന്നിവ പുതുക്കാന്‍ സാധിക്കില്ല. ഇതിനുള്ള നടപടിക്രമങ്ങള്‍ക്ക് രണ്ടാഴ്ചവരെ സമയം എടുക്കുമെന്നും പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. നേരെത്തെ ഭിന്നശേഷിക്കാരുടെ പാര്‍ക്കിങ് കയ്യേറുന്നവര്‍ക്കു ട്രാഫിക് ഡിപ്പാര്‍ട്ടുമെന്റ് ഈടാക്കിയിരുന്ന 50 ദീനാര്‍ പിഴ മാത്രമായിരുന്നു ശിക്ഷ.

TAGS :

Next Story