Quantcast

സൌദി അറേബ്യയിലെ ചില നഗരങ്ങളില്‍ സ്വദേശികളേക്കാള്‍ കൂടുതല്‍ വിദേശികള്‍

MediaOne Logo

admin

  • Published:

    13 April 2018 6:51 AM GMT

സൌദി അറേബ്യയിലെ ചില നഗരങ്ങളില്‍ സ്വദേശികളേക്കാള്‍ കൂടുതല്‍ വിദേശികള്‍
X

സൌദി അറേബ്യയിലെ ചില നഗരങ്ങളില്‍ സ്വദേശികളേക്കാള്‍ കൂടുതല്‍ വിദേശികള്‍

ജിദ്ദയില്‍ സ്ഥിരതാമസക്കാരായ വിദേശികള്‍ 21.3 ലക്ഷമാണ്. ഇവിടെ സ്വദേശി പൗരന്‍മാരുടെ ജനംസഖ്യ 19 ലക്ഷം മാത്രമാണ്. ജുബൈലിലും ഇതുതന്നെയാണ് അവസ്ഥ. 2,43,000 വിദേശികള്‍ ഉള്ളയിടത്ത് 2,05,000 പൗരന്‍മാര്‍ മാത്രം.

സൌദി അറേബ്യയിലെ ചില നഗരങ്ങളില്‍ സ്വദേശികളേക്കാള്‍ കൂടുതല്‍ വിദേശികളുണ്ടെന്ന് റിപ്പോര്‍ട്ട്. ഏറ്റവും ഒടുവിലെ കണക്കുകള്‍ അനുസരിച്ച് ജിദ്ദ, ജുബൈല്‍ നഗരങ്ങളിലാണ് വിദേശികള്‍ കൂടുതലായുള്ളത്. ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്സിനെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമമാണ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്.

സൗദി അറേബ്യയിലെ കിഴക്കും പടിഞ്ഞാറുമുള്ള രണ്ട് തീരദേശ നഗരങ്ങളിലും സ്വദേശി-വിദേശി അനുപാതത്തില്‍ വന്‍ അന്തരമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ജിദ്ദയില്‍ സ്ഥിരതാമസക്കാരായ വിദേശികള്‍ 21.3 ലക്ഷമാണ്. ഇവിടെ സ്വദേശി പൗരന്‍മാരുടെ ജനംസഖ്യ 19 ലക്ഷം മാത്രമാണ്. ജുബൈലിലും ഇതുതന്നെയാണ് അവസ്ഥ. 2,43,000 വിദേശികള്‍ ഉള്ളയിടത്ത് 2,05,000 പൗരന്‍മാര്‍ മാത്രം. സ്വദേശി-വിദേശി അനുപാതത്തില്‍ തലസ്ഥാനമായ റിയാദിലെ അല്‍ഗാത് ഗ്രാമമാണ് തൊട്ടടുത്തുള്ളത്. 8,800 സ്വദേശികളുള്ള ഇവിടെ 8,158 വിദേശികള്‍ താമസിക്കുന്നുണ്ട്.

ഏറ്റവും പുതിയ കണക്കനുസിരിച്ച് രാജ്യത്തെ ആകെ ജനസംഖ്യ മൂന്ന് കോടി പതിനഞ്ച് ലക്ഷമാണ്. 2.11 കോടി സ്വദേശികളും, 1.04 കോടി വിദേശികളുമാണ് സൌദിയിലുള്ളത്. കഴിഞ്ഞ വര്‍ഷത്തെ കണക്ക് പ്രകാരം രാജ്യത്തെ ആകെ ജനസംഖ്യയുടെ 33 ശതമാനം വിദേശികളാണ്. ജിദ്ദയിലും ജുബൈലിലും വിദേശികളുടെ സംഖ്യ വര്‍ധിച്ചത് ആശങ്കാജനകമാണെന്ന് ഈതര്‍ ഫോറം ഫോര്‍ സോഷ്യല്‍ സ്റ്റഡീസ് ആന്‍ഡ് റിസര്‍ച്ച് തലവന്‍ മുഹമ്മദ് അല്‍ സുബഇ പറഞ്ഞു.

ഒരു നഗരത്തില്‍ സ്വദേശികളെക്കാളേറെ വിദേശികള്‍ ഉണ്ടാകുന്നത് സാമൂഹിക, സാമ്പത്തിക, സാംസ്കാരിക രംഗങ്ങളില്‍ പ്രത്യാഘാതം സൃഷ്ടിക്കും. ചില പ്രത്യേക പ്രവാസി സമൂഹങ്ങള്‍ ഇപ്പോള്‍ തന്നെ ജുബൈലില്‍ ആധിപത്യം പുലര്‍ത്തുന്നുണ്ട്. വസ്ത്രധാരണത്തിലും ഭക്ഷണ വൈവിധ്യത്തിലും ഇത് പ്രകടമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നഗരങ്ങളില്‍ വിദേശികളുടെ പെരുപ്പം കുറയ്ക്കാനുള്ള നടപടികള്‍ വിഷന്‍ 2030ന്‍റെ ഭാഗമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

TAGS :

Next Story