യു.എ.ഇയിൽ മൂടൽമഞ്ഞ് തുടരും; വിമാനയാത്രക്കാരുടെ ദുരിതത്തിന് അറുതിയായില്ല

യു.എ.ഇയിൽ മൂടൽമഞ്ഞ് തുടരും; വിമാനയാത്രക്കാരുടെ ദുരിതത്തിന് അറുതിയായില്ല
താളം തെറ്റിയ വിമാന സർവീസുകൾ സാധാരണ നിലയിലാക്കാൻ കൊണ്ടുപിടിച്ച നീക്കത്തിലാണ് അബൂദബി, ദുബൈ വിമാനത്താവള അധികൃതർ
മൂടൽമഞ്ഞ് മൂലമുള്ള കെടുതികളിൽ നിന്ന് യുഎഇയിലെ വിമാന യാത്രക്കാർ ഇനിയും മോചിതരായില്ല. താളം തെറ്റിയ വിമാന സർവീസുകൾ സാധാരണ നിലയിലാക്കാൻ കൊണ്ടുപിടിച്ച നീക്കത്തിലാണ് അബൂദബി, ദുബൈ വിമാനത്താവള അധികൃതർ. എന്നാൽ പ്രതികൂല കാലാവസ്ഥ ദിവസങ്ങൾ തുടർന്നേക്കുമെന്നണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
രാത്രിയും പുലർ കാലങ്ങളിലുമായി പെയ്തിറങ്ങുന്ന കോടമഞ്ഞ് ദുബൈയിലും അബൂദബിയിലും ഏറ്റവും കൂടുതൽ പ്രയാസം സൃഷ്ടിച്ചത് വിമാന യാത്രക്കാർക്കു തന്നെയാണ്. നിരവധി സർവീസുകളാണ് നിർത്തി വെക്കേണ്ടി വന്നത്. ഒട്ടേറെ സർവീസുകൾ പുന:ക്രമീകരിക്കേണ്ടതായും വന്നു. അബൂദബി വിമാനത്താവളത്തെയാണ് പ്രതിസന്ധി കൂടുതൽ ബാധിച്ചത്.
വെള്ളിയാഴ്ച വരെ മൂടൽമഞ്ഞിന്റെ സാഹചര്യം തുടർന്നേക്കും. ഇതു കാരണം യാത്രക്കാരിൽ പലരും പകൽ നേരത്തുള്ള വിമാന സർവീസുകൾ തെരഞ്ഞെടുക്കുകയാണ്. റോഡ് ഗതാഗതത്തെയും മൂടൽമഞ്ഞ് ബാധിച്ചു. പിന്നിട്ട രണ്ടു ദിവസങ്ങളിലായി ദുബൈയിലും അബൂദബിയിലും നിരവധി വാഹനാപകടങ്ങളാണുണ്ടായത്. ദൃശ്യപരിധി കുറഞ്ഞതിനാൽ നിശ്ചിതം അകലം പാലിച്ചു വേണം വാഹനം ഓടിക്കാനെന്ന് അധികൃതർ ആവർത്തിച്ച് ആവശ്യപ്പെട്ടു. മൂടൽ മഞ്ഞ് വേളയിൽ നിയമം ലംഘിക്കുന്ന വാഹന ഡ്രൈവർമാരിൽ നിന്ന് 500 ദിർഹം ഫൈൻ ഈടാക്കാനാണ് അബൂദബിയുടെ തീരുമാനം.
Adjust Story Font
16

