ജിദ്ദ കിംഗ് അബ്ദുൽ അസീസ് അന്താരാഷ്‌ട്ര വിമാനത്താവളത്തിന്റെ ഉദ്ഘാടനം അടുത്ത വർഷം

ജിദ്ദ കിംഗ് അബ്ദുൽ അസീസ് അന്താരാഷ്‌ട്ര വിമാനത്താവളത്തിന്റെ ഉദ്ഘാടനം അടുത്ത വർഷം
നൂറ്റി അഞ്ചു കിലോമീറ്റർ ചുറ്റളവിലുള്ള വിമാനത്താവളം തുറക്കുന്നതോടെ വർഷത്തിൽ പത്തു കോടി വരെ യാത്രക്കാരെ ഉൾക്കൊള്ളാൻ കഴിയും
നിർമാണത്തിലിരിക്കുന്ന പുതിയ ജിദ്ദ കിംഗ് അബ്ദുൽ അസീസ് അന്താരാഷ്‌ട്ര വിമാനത്താവളം അടുത്ത വർഷം മധ്യത്തോടെ ഉദ്ഘാടനം ചെയ്യുമെന്ന് സൗദി സിവിൽ ഏവിയേഷൻ അധികൃതർ അറിയിച്ചു. നൂറ്റി അഞ്ചു കിലോമീറ്റർ ചുറ്റളവിലുള്ള വിമാനത്താവളം തുറക്കുന്നതോടെ വർഷത്തിൽ പത്തു കോടി വരെ യാത്രക്കാരെ ഉൾക്കൊള്ളാൻ കഴിയും. ആദ്യ ഇരുപത് വർഷങ്ങളിൽ സിംഗപ്പൂര്‍ കമ്പനിയായ ചാംഗി എയര്‍പോര്‍ട്ട് ഗ്രൂപ്പിനായിരിക്കും പുതിയ വിമാനത്താവളത്തിന്റെ നടത്തിപ്പ് ചുമതല.
മാറുന്ന ജിദ്ദ നഗരത്തിന്റെ സാംസ്കാരിക അടയാളങ്ങളിൽ പ്രധാനപ്പെട്ട പദ്ധതിയാണ് പുതുതായി നിർമാണം പൂർത്തിയാവുന്ന കിംഗ് അബ്ദുൽ അസീസ് അന്താരാഷ്‌ട്ര വിമാനത്താവളം. വികസനത്തിന്റെ ഒന്നാം ഘട്ടമാണ് ഇപ്പോൾ പൂർത്തിയായി വരുന്നത്. അടുത്ത വർഷം മധ്യത്തോടെ വിമാനത്താവളം യാത്രക്കാർക്കായി തുറന്നുകൊടുക്കാനാണ് പദ്ധതി. ഇതോടെ ജിദ്ദ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വർഷത്തിൽ 3 കോടി യാത്രക്കാരെ ഉൾക്കൊള്ളാൻ കഴിയും. പദ്ധതിയുടെ രണ്ടും മൂന്നും ഘട്ടങ്ങൾ പൂർത്തിയാകുന്നതോടെ 10 കോടി യാത്രക്കാർക്ക് പ്രതിവർഷം വിമാനത്താവളം ഉപയോഗപ്പെടുത്താൻ സാധിക്കും. ലഗ്ഗേജ് പരിശോധനക്കായി 32 എക്സ്റേ മെഷീനുകൾ. നീക്കം ചെയ്യാനായി 33 കിലോമീറ്റർ നീളത്തിലുള്ള കൺവെയർ ബെൽറ്റുകൾ. പുതുതായി 132 ലിഫ്റ്റുകൾ, 220 എമിഗ്രേഷന്‍ കൗണ്ടറുകള്‍, 80 സെല്‍ഫ് സര്‍വ്വീസ് മെഷീനുകള്‍, 96 എയ്‌റോ ബ്രിഡ്ജുകൾ, അന്താരാഷ്ട്ര യാത്രക്കാര്‍ക്കുള്ള ഓട്ടോമാറ്റിക് ട്രെയിന്‍, ഒരേസമയം 70 വിമാനങ്ങളില്‍ യാത്രക്കാരെ കയറ്റാനും ഇറക്കാനുമുള്ള സൗകര്യം, മൂവായിരം പേര്‍ക്ക് പ്രാര്‍ഥിക്കാന്‍ സൗകര്യമുളള മസ്ജിദ് തുടങ്ങിയവയാണ് പുതിയ വിമാനത്താവളത്തിൽ ഒരുക്കിയിരിക്കുന്നത്.
ടെര്‍മിനലുകളിലേക്ക് യാത്രക്കാര്‍ക്ക് സഞ്ചരിക്കുന്നതിന് ഇലക്ട്രിക് ബസുകളും സജ്ജീകരിക്കും. 8200 വാഹനങ്ങള്‍ക്കു ഒരേസമയം പാര്‍ക്ക് ചെയ്യാന്‍ ഇവിടെ സൗകര്യമുണ്ടാവും. 136 മീറ്റർ ഉയരത്തിൽ ലോകത്തെ ഏറ്റവും ഉയരം കൂടിയ എയര്‍ ട്രാഫിക് കണ്‍ട്രോള്‍ ടവറും ജിദ്ദ എയര്‍പോര്‍ട്ടിൽ നിർമാണത്തിലാണ്. ലോകത്തെ ഏറ്റവും തിരക്കുപിടിച്ച വിമാനത്താവളങ്ങളുടെ പട്ടികയില്‍പെട്ടതാണ് ജിദ്ദ കിംഗ് അബ്ദുല്‍ അസിസ് അന്താരാഷ്ട്ര വിമാനത്താവളം. സൗദിയിലെ പുണ്യ നഗരങ്ങളില്‍ ആരാധനക്കെത്തുന്ന തീര്‍ത്ഥാടകര്‍ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നതും ജിദ്ദ വിമാനത്താവളത്തെയാണ്. തിരക്ക് കുറക്കാനും യാത്രക്കാർക്ക് കൂടുതൽ സൗകര്യമേർപ്പെടുത്താനും ഏകദേശം മൂന്നു വർഷം മുമ്പാണ് പുതിയ വിമാനത്താവള പദ്ധതി ആരംഭിച്ചത്.
Adjust Story Font
16

