Quantcast

ഇന്ത്യന്‍ കമ്മ്യൂണിറ്റി ബെനവലന്റ് ഫോറം സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു

MediaOne Logo

Jaisy

  • Published:

    28 April 2018 8:26 AM GMT

ഇന്ത്യന്‍ കമ്മ്യൂണിറ്റി ബെനവലന്റ് ഫോറം സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു
X

ഇന്ത്യന്‍ കമ്മ്യൂണിറ്റി ബെനവലന്റ് ഫോറം സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു

ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയവുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന ക്യാമ്പ് , ഏപ്രില്‍ 27 വെള്ളിയാഴ്ച അബൂ ഹമൂറിലെ മെഡിക്കല്‍ കമ്മീഷന്‍ ആസ്ഥാനത്ത് നടക്കും

ഖത്തറിലെ ഇന്ത്യന്‍ എംബസിക്കു കീഴിലെ ഇന്ത്യന്‍ കമ്മ്യൂണിറ്റി ബെനവലന്റ് ഫോറം , താഴ്ന്ന വരുമാനക്കാരായ തൊഴിലാളികള്‍ക്കായി ദോഹയില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയവുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന ക്യാമ്പ് , ഏപ്രില്‍ 27 വെള്ളിയാഴ്ച അബൂ ഹമൂറിലെ മെഡിക്കല്‍ കമ്മീഷന്‍ ആസ്ഥാനത്ത് നടക്കും.

ഖത്തറിലെ വിവിധ ലേബര്‍ ക്യാമ്പുകളിലെ തൊഴിലാളികളെ ലക്ഷ്യമിട്ട് ഇന്ത്യന്‍ എംബസിക്കു കീഴിലെ ഐ സി ബി എഫ് സംഘടിപ്പിക്കുന്ന 34 ാമത് ക്യാമ്പാണ് വെള്ളിയാഴ്ച അബൂഹമൂറിലെ മെഡിക്കല്‍ കമ്മീഷന്‍ ആസ്ഥാനത്ത് നടക്കുക. രാവിലെ 7.30 മുതല്‍ ഉച്ചക്ക് 1.30വരെ നടക്കുന്ന ക്യാമ്പില്‍ 1200 ഓളം തൊഴിലാളികളെ പ്രതീക്ഷിക്കുന്നതായി സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഖത്തറിലെ ഇന്ത്യന്‍ ഡോക്ടേഴ്‌സ് ക്ലബ് , ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍, വെല്‍കെയര്‍ ഗ്രൂപ്പ് എന്നിവയുമായി സഹകരിച്ച് നടത്തുന്ന ക്യാമ്പിന് ഖത്തര്‍ ഫൗണ്ടേഷന്റെ സഹകരണവും ലഭിക്കുന്നുണ്ടെന്ന് ഐ സി ബി എഫ് ഭാരവാഹികള്‍ പറഞ്ഞു. ഖത്തറിലെ ഇന്ത്യന്‍ അംബാസഡര്‍ പി കുമരന്‍ പരിപാടിയില്‍ സംബന്ധിക്കും.

വെല്‍കെയര്‍ ഗ്രൂപ്പ് ക്യാമ്പില്‍ സൗജന്യമായി മരുന്നുകള്‍ വിതരണം ചെയ്യും. യോഗ ഇന്‍ ദോഹ ഗ്രൂപ്പ് ക്യാമ്പില്‍ പങ്കെടുക്കുന്നവര്‍ക്കായി സൗജ്യന്യ യോഗ പരിശീലനവും നല്‍കും. തൊഴിലാളികളുടെ വിവിധ പ്രശ്‌നങ്ങള്‍ കേള്‍ക്കുന്നതിന് ഇന്ത്യന്‍ എംബസി ഹെല്‍പ് ഡസ്‌കിന്റെയും ലേബര്‍ സെക്ഷന്റെയും പ്രതിനിധികളും ചടങ്ങിലെത്തും. ഇന്ത്യന്‍ തൊഴിലാളികള്‍ക്ക് മെഡിക്കല്‍ കാര്‍ഡ് എടുക്കുവാന്‍ ക്യാമ്പില്‍ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. തൊഴിലാളികള്‍ക്കായി സ്‌പോട്ട് രജിസ്‌ട്രേഷന്‍ സൗകര്യവും ഒരുക്കിയിട്ടുണ്ട് . ഐസിബി.എഫ് ഭാരവാഹികള്‍ക്കു പുറമെ മെഡിക്കല്‍ കമ്മീഷന്‍ ബോര്‍ഡ് മെംബര്‍ അബ്ദുറഹ്മാന്‍ അല്‍മുശ്‌രി, ഡോ. ജോജി മാത്യൂ, ഫാറുഖ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

TAGS :

Next Story