Quantcast

സൌദിയില്‍ ഭരണരംഗത്ത് മാറ്റം; സല്‍മാന്‍ രാജാവ് 43 വിജ്ഞാപനങ്ങള്‍ പുറത്തിറക്കി

MediaOne Logo

Jaisy

  • Published:

    29 April 2018 1:40 PM GMT

പുതുതായി ദേശസുരക്ഷ കേന്ദ്രവും രൂപവത്കരിച്ചു

സൗദി അറേബ്യയിൽ ഭരണ രംഗത്ത് നിരവധി മാറ്റങ്ങൾ വരുത്തി സൽമാൻ രാജാവ് നാല്‍പത്തി മൂന്ന് വിജ്ഞാപനങ്ങള്‍ പുറത്തിറക്കി. ചില ഗവർണർമാരെയും മന്ത്രിമാരെയും സ്ഥാനത്തു നിന്ന് നീക്കി പകരം ആളുകളെ നിയമിച്ചു. സര്‍ക്കാര്‍ ജീവനക്കാരുടെ അലവന്‍സുകള്‍ പുനസ്ഥാപിക്കാനും വാര്‍ഷിക പരീക്ഷകള്‍ നോമ്പിന് മുന്‍പ് പൂര്‍ത്തിയാക്കാനും ഉത്തരവിറക്കി. പുതുതായി ദേശസുരക്ഷ കേന്ദ്രവും രൂപവത്കരിച്ചു.

ഹാഇൽ, അൽബാഹ , വടക്കൻ അതിർത്തി എന്നീ പ്രവിശ്യകളിലാണ് പുതിയ ഗവര്‍ണ്ണര്‍മാരെ നിയമിച്ചത്. അമീര്‍ അബ്ദുല്‍ അസീസ് ബിന്‍ സഅദ്, അമീര്‍ ഹുസാം ബിന്‍ സുഊദ്, അമീര്‍ ഫൈസല്‍ ബിന്‍ ഖാലിദ് എന്നവരാണ് പുതിയ ഗവര്‍ണര്‍മാര്‍. റിയാദ്, മക്ക, മദീന, കിഴക്കന്‍ പ്രവിശ്യ, നജ്റാന്‍ എന്നീ മേഖലകള്‍ക്ക് പുതിയ സഹ ഗവര്‍ണര്‍മാരെയും നിയമിച്ചിട്ടുണ്ട്. സിവിൽ സർവീസ് വകുപ്പ് മന്ത്രി ഖാലിദ് അൽ ഹറജിനെയും സാംസ്കാരിക വാര്‍ത്ത വിതരണ വകുപ്പ് മന്ത്രി ആദിൽ അത്തുറൈഫിയെയും ടെലി കമ്യൂണിക്കേഷൻ & ഐടി വകുപ്പ് മന്ത്രി മുഹമ്മദ് സുവൈലിയെയും സ്ഥാനത്ത് നിന്ന് നീക്കി. ഡോ. അവാദ് ബിൻ അവ്വാദാണ് പുതിയ വാര്‍ത്ത വിതരണ വകുപ്പ് മന്ത്രി. എഞ്ചിനീയര്‍ അബ്ദുല്ല അസ്സവാഹിനാണ് ടെലി കമ്യൂണിക്കേഷന്‍ വകുപ്പിന്റെ ചുമതല. മകന്റെ നിയമനവുമായി ബന്ധപ്പെട്ട ആരോപണത്തെ തുടര്‍ന്നാണ് ഖാലിദ് അൽ ഹറജിനെ നീക്കിയത്. ഇദ്ദേഹത്തിനെതിരെ അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്.

അമീര്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാനെ ഊര്‍ജ്ജ സഹമന്ത്രിയായും അമീര്‍ ഖാലിദ് ബിന്‍ സല്‍മാനെ വാഷിങ്ടണിലെ സൗദി അംബാസഡറായും നിയമിച്ചു. റോയല്‍ കോര്‍ട്ടിന് കീഴില്‍ രാജ്യ സുരക്ഷാ കേന്ദ്രം രൂപീകരിക്കുകയും ദേശീയ സുരക്ഷാ ഉപദേഷ്ടാവായി മുഹമ്മദ് ബിൻ സാലിഹ് അൽ ഗുഫൈലിനെ നിയമിച്ചു. ആദ്യമായാണ് സൗദി സുരക്ഷാ ഉപദേഷ്ടാവിനെ നിയമിക്കുന്നത്. ചെലവ് ചുരുക്കലിന്റെ ഭാഗമായി നിര്‍ത്തിവെച്ചിരുന്ന സർക്കാർ ജീവനക്കാരുടെ അലവൻസുകൾ പുനസ്ഥാപിക്കാന്‍ തീരുമാനിച്ചു. യമൻ യുദ്ധത്തിൽ പങ്കെടുക്കുന്ന സൈനികർക്ക് രണ്ടു മാസത്തെ അധിക വേതനം ലഭിക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ മുഴുവൻ വാർഷിക പരീക്ഷകളും റമദാനിന് മുന്‍പ് പൂർത്തിയാക്കാനും റോയല്‍ കോര്‍ട്ട് വിജ്ഞാപനത്തില്‍ ഉത്തരവായി. ഇതനുസരിച്ച് സൌദി സിലബസിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നോന്പിന് മുന്പ് വാര്‍ഷിക അവധിക്ക് അടക്കും.

TAGS :

Next Story