Quantcast

ഒമാനില്‍ ഈത്തപ്പഴ വിളവെടുപ്പ് സജീവം

MediaOne Logo

admin

  • Published:

    30 April 2018 2:34 PM IST

ഒമാനില്‍ ഈത്തപ്പഴ വിളവെടുപ്പ് സജീവം
X

ഒമാനില്‍ ഈത്തപ്പഴ വിളവെടുപ്പ് സജീവം

കൃഷിയിടങ്ങള്‍ക്ക് പുറമേ ചരിത്രത്തിന്‍െറയും പാരമ്പര്യത്തിന്‍െറയും ശേഷിപ്പുകളും തനൂഫിന്‍െറ മുതല്‍ക്കൂട്ടാണ്. മറ്റേതൊരു ഒമാനി കാര്‍ഷിക ഗ്രാമത്തെയും പോലെ ഈത്തപ്പഴ കൃഷി തന്നെയാണ് ഇവിടത്തുകാരുടെ പ്രധാന വരുമാന മാര്‍ഗം...

വേനല്‍ കടുത്തതോടെ ഒമാനില്‍ ഈത്തപ്പഴ വിളവെടുപ്പ് സജീവമായി. പഴുത്തുപാകമായ പഴങ്ങള്‍ പറിക്കുന്നതിന്‍റെയും ഇവ സൂക്ഷിക്കുന്നതിന്‍റെയും തിരക്കുകളിലാണ് ഗ്രാമങ്ങള്‍ പലതും. പുണ്യദിനങ്ങളുടെ ചൈതന്യത്തെ നിറം മങ്ങാതെ സൂക്ഷിക്കുമ്പോഴും തങ്ങളുടെ കൃഷിയെ നെഞ്ചോടു ചേര്‍ത്ത് പിടിച്ചിരിക്കുകയാണ് ഒമാനിലെ ഗ്രാമീണ ജനത.

ഇത് തനൂഫ്... മസ്കത്തില്‍ നിന്ന് ഇരുന്നൂറിലധികം കിലോമീറ്റര്‍ അകലെ നിസവയിലെ കൊച്ചു ഗ്രാമമായ തനൂഫിന്‍െറ ഹരിത ഭംഗി കണ്ടാല്‍ കേരത്തിലെ ഏതെങ്കിലും നാട്ടിന്‍പ്പുറമാണെന്ന് തോന്നും. നിസ്വയില്‍ നിന്നും 10 കിലോമീറ്റര്‍ ഉള്ളിലേക്ക് സഞ്ചരിച്ചാല്‍ തനൂഫിലെ താഴ്ന്നതും ഇടതൂര്‍ന്നതുമായ കൃഷിയിടങ്ങളാണ് നമ്മളെ സ്വാഗതം ചെയ്യുക.

കൃഷിയിടങ്ങള്‍ക്ക് പുറമേ ചരിത്രത്തിന്‍െറയും പാരമ്പര്യത്തിന്‍െറയും ശേഷിപ്പുകളും തനൂഫിന്‍െറ മുതല്‍ക്കൂട്ടാണ്. ക്രിസ്തുവിന് മുമ്പ് ആയിരം മുതല്‍ മൂവായിരം വര്‍ഷം വരെയുള്ള കാലഘട്ടത്തിലെ ശേഷിപ്പുകള്‍ കണ്ടെടുത്തതോടെയാണ് ഇവിടം ചരിത്ര ഗവേഷകരുടെ ഇഷ്ടകേന്ദ്രമായത്. മറ്റേതൊരു ഒമാനി കാര്‍ഷിക ഗ്രാമത്തെയും പോലെ ഈത്തപ്പഴ കൃഷി തന്നെയാണ് ഇവിടത്തുകാരുടെ പ്രധാന വരുമാന മാര്‍ഗം.ഈത്തപ്പഴത്തിനു പുറമേ ചോളം ,ഗോതമ്പ്, ബാര്‍ലി, പഴവര്‍ഗങ്ങള്‍ തുടങ്ങിയവയും ഇവിടെ കൃഷിചെയ്യുന്നുണ്ടെന്ന് തനൂഫിലെ ഒരു തോട്ടം സൂക്ഷിപ്പുക്കരനായ സഈദ് പറയുന്നു

പരമ്പരാഗത ജല സേചന സംവിധാനങ്ങളായ ഫലജുകളില്‍ നിന്നാണ് കൃഷിയിടങ്ങളിലെക്കുള്ള വെള്ളം ലഭിക്കുന്നത്. ഇത്തരം ഉറവകള്‍ നുറ്റാണ്ടുകളായി നിലനില്‍ക്കുന്നതാണെന്നാണ് ഇവിടത്തുക്കാര്‍ വിശ്വസിക്കുന്നത്. വിള‌വെടുപ്പ് പൂര്‍ണമാകാത്തതിനാല്‍ വിപണിയില്‍ വിദേശിയിനങ്ങളാണ് വ്യാപകം. പ്രത്യേക ചേരുവകള്‍ ഉപയോഗിച്ച് വീടുകളിലും ഇവ സൂക്ഷിച്ച് വെക്കാറുണ്ട്. വിദേശ രാജ്യങ്ങളില്‍ ഏറെ പ്രിയമുള്ള ഒമാനിലെ ഈത്തപ്പഴത്തിന്‍റെ വിളവെടുപ്പ് മുന്‍കാലങ്ങളില്‍ വലിയ ആഘോഷമായാണ് നടന്നിരുന്നതെന്ന് ഇവിടത്തുകാര്‍ പറയുന്നു. സംസ്ക്കാരത്തിന്‍റെയും പാരമ്പര്യത്തിന്‍റെയും ഭാഗമായ ഈത്തപ്പഴ കൃഷിയെ ഒമാനിലെ പഴയ തലമുറയും പുതിയ തലമുറയും ഏറെ ആദരവോടെയാണ് സംരക്ഷിക്കുന്നത്.

TAGS :

Next Story