കോടതി നടപടി ക്രമങ്ങൾ 305 ദിവസത്തിൽ നിന്ന് 30 ദിവസമാക്കുന്നു; അതിവേഗം നീതി ലഭ്യമാക്കുന്ന പദ്ധതിയുമായി ദുബൈ
ലോകത്താദ്യമായാണ് നീതിന്യായ രംഗത്ത് ഇത്തരത്തിലൊലു സംവിധാനം നടപ്പിലാക്കുന്നത്
കോടതി നടപടി ക്രമങ്ങൾ 305 ദിവസത്തിൽ നിന്ന് 30 ദിവസമാക്കി കുറച്ച് അതിവേഗം നീതി ലഭ്യമാക്കുന്ന പദ്ധതിക്ക് ദുബൈ തുടക്കമിടുന്നു. ലോകത്താദ്യമായാണ് നീതിന്യായ രംഗത്ത് ഇത്തരത്തിലൊലു സംവിധാനം നടപ്പിലാക്കുന്നത്.
പ്രാഥമിക കോടതി, അപ്പീൽ കോടതി, സുപ്രിം കോടതി എന്നിവിടങ്ങളിൽ ഒന്നിനു ശേഷം ഒന്നായി കേസ് വിചാരണ നടത്തുന്നതിനു പകരം ഒരേ സമയം വാദം കേട്ട് തീർപ്പാക്കുന്ന C3 കോടതി സംവിധാനത്തിന് ദുബൈ ഫ്യൂച്ചർ ഫൗണ്ടേഷൻ ചെയർമാനായ കിരീടാവകാശി ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന്റെ നേതൃത്വത്തിലാണ് തുടക്കമിടുന്നത്. ദുബൈയെ മറ്റു രാജ്യങ്ങളെക്കാൾ പത്തു വർഷം മുന്നിലെത്തിക്കുക എന്ന ദർശനത്തോടെ യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം പ്രഖ്യാപിച്ച ദുബൈ 10x പദ്ധതിയുടെ ഭാഗമായാണിത്.
മൂന്ന് തട്ടിലായി നടക്കുന്ന ന്യായവാദങ്ങൾ മൂന്ന് കോടതികളിലെയും ജഡ്ജിമാരെ ഉൾക്കൊള്ളിച്ച ഒറ്റ കോടതിയിൽ നടത്തുന്ന രീതിയാണ് ആവിഷ്കരിക്കുന്നതെന്ന് ദുബൈ കോർട്സ് ഡയറക്ടർ ജനറൽ തറാഷ് ഈദ് അൽ മൻസൂരി വ്യക്തമാക്കി. എല്ലാ നടപടി ക്രമങ്ങളും ഇലക്ട്രോണിക് ഫയലിങും റിമോട്ട് കമ്യൂനികേഷനും ഉൾപ്പെടെ ആധുനിക സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തിയാണ് ഒരുക്കുക.
സമയം ലാഭിക്കാനും നടപടി ക്രമങ്ങൾ എളുപ്പമാക്കാനും ചെലവ് കുറക്കാനും ഇതു സഹായിക്കും. C3 പദ്ധതി മുഖേന ഒരു കേസ് നടപടി ഒരു മാസത്തിലേറെ നീളില്ല എന്ന് ഉറപ്പാക്കാനാവും. ഇഴഞ്ഞു നീളുന്ന കോടതി വ്യവഹാരങ്ങൾ, വൈകുന്ന നീതി നടപ്പാക്കൽ എന്ന സാർവ ലോക പ്രതിഭാസത്തിന് അന്ത്യം കുറിക്കാനും ഇതു വഴി കഴിയും.
Adjust Story Font
16

