Quantcast

ജിദ്ദ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നുള്ള ഭാഗിക സർവീസുകൾ മെയ് മാസത്തിൽ ആരംഭിക്കും

MediaOne Logo

Jaisy

  • Published:

    3 May 2018 5:34 PM IST

ജിദ്ദ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നുള്ള ഭാഗിക സർവീസുകൾ മെയ് മാസത്തിൽ ആരംഭിക്കും
X

ജിദ്ദ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നുള്ള ഭാഗിക സർവീസുകൾ മെയ് മാസത്തിൽ ആരംഭിക്കും

ഈ വർഷാവസാനത്തോടെ വിമാനത്താവളം പൂർണമായും പ്രവർത്തന സജ്ജമാവുമെന്നും സൗദി സിവിൽ ഏവിയേഷൻ അധികൃതർ അറിയിച്ചു

ജിദ്ദ കിംഗ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നുള്ള ഭാഗിക സർവീസുകൾ മെയ് മാസത്തിൽ ആരംഭിക്കും. ഈ വർഷാവസാനത്തോടെ വിമാനത്താവളം പൂർണമായും പ്രവർത്തന സജ്ജമാവുമെന്നും സൗദി സിവിൽ ഏവിയേഷൻ അധികൃതർ അറിയിച്ചു. പുതിയ വിമാനത്താവളം പൂർണമായും നിലവിൽ വരുന്നതോടെ വർഷത്തിൽ പത്തു കോടി യാത്രക്കാരെ വരെ ഉൾക്കൊള്ളാൻ കഴിയും.

മെയ് മാസത്തോടെ പരീക്ഷണാർത്ഥം സർവീസുകൾ ആരംഭിക്കും. ആഭ്യന്തര സർവീസുകളായിരിക്കും ആദ്യ ഘട്ടത്തിൽ നടത്തുക. ചുരുങ്ങിയത് ആറു ഗേറ്റുകളെങ്കിലും ഇതിനായി തുറക്കും. അന്താരാഷ്‌ട്ര സർവീസുകൾ കൂടി ഉൾപ്പെടുത്തി വിമാനത്താവളം ഈ വർഷം അവസാനത്തോടെ പൂർണമായും പ്രവർത്തിക്കും. നൂറ്റി അഞ്ചു കിലോമീറ്റർ ചുറ്റളവിലാണ് നിർദ്ദിഷ്ട വിമാനത്താവളം ഒരുക്കുന്നത്. പദ്ധതിയുടെ ഒന്നാം ഘട്ട ജോലികൾ പൂർത്തീകരിക്കുന്നതോടെ വർഷത്തിൽ 3 കോടി യാത്രക്കാരെ ഉൾക്കൊള്ളാൻ കഴിയും. രണ്ടും മൂന്നും ഘട്ടങ്ങൾ പൂർത്തിയാകുന്നതോടെ 10 കോടി യാത്രക്കാർക്ക് പ്രതിവർഷം വിമാനത്താവളം ഉപയോഗപ്പെടുത്താൻ സാധിക്കും.

136 മീറ്റർ ഉയരത്തിൽ ലോകത്തെ ഏറ്റവും ഉയരം കൂടിയ എയര്‍ ട്രാഫിക് കണ്ട്രോള്‍ ടവറും ജിദ്ദ എയര്‍പോര്‍ട്ടിൽ നിർമാണത്തിലാണ്. അതിനിടെ 20 വർഷത്തെ വിമാനത്താവളത്തിന്റെ നടത്തിപ്പ് ചുമതലക്കായി തിരഞ്ഞെടുത്തിരുന്ന സിങ്കപ്പൂര്‍ കമ്പനിയായ ചാംഗി എയര്‍പോര്‍ട്ട് ഗ്രൂപ്പുമായും സൗദി നേവൽ സപ്പോർട്ട് കമ്പനിയുമായുമുള്ള കരാറുകൾ റദ്ദാക്കിയതായി സൗദി സിവിൽ ഏവിയേഷൻ മേധാവി അബ്ദുൽഹകീം അൽ തമീമി അറിയിച്ചു. എന്നാൽ ഈ നടപടി വിമാനത്താവള പ്രവർത്തങ്ങളെ ഒരു നിലക്കും ബാധിക്കില്ലെന്നും അദ്ദേഹം അറിയിച്ചു. ഖുന്‍ദുഫയിൽ പുതിയ വിമാനത്താവളം ഉടൻ നിർമാണം ആരംഭിക്കുമെന്നും തായിഫിൽ വിമാനത്താവള പണി പുരോഗമിക്കുന്നതായും അബ്ദുൽഹകീം അൽ തമീമി അറിയിച്ചു.

TAGS :

Next Story