ജബൽ അഖ്ദറിൽ ജല ശുദ്ധീകരണ ശാല നിർമിക്കുന്നു

ജബൽ അഖ്ദറിൽ ജല ശുദ്ധീകരണ ശാല നിർമിക്കുന്നു
ഒമാന്‍റെ എല്ലാ ഗ്രാമങ്ങളിലും നഗരങ്ങളിലും കുടിവെള്ളമെത്തിക്കണമെന്ന അതോറിറ്റിയുടെ തീരുമാനത്തിന്‍റെ ഭാഗമായാണ് പുതിയ ശുദ്ധീകരണശാലയുടെ നിർമാണം.
ഒമാനിലെ ജബൽ അഖ്ദറിൽ ജല ശുദ്ധീകരണ ശാല നിർമിക്കുന്നു. സമുദ്രനിരപ്പിൽ നിന്ന് മൂവായിരം അടി ഉയരത്തിലുള്ള ജബൽ അഖ്ദർ നിവാസികളുടെ കുടിവെള്ള ആവശ്യങ്ങൾ നിവർത്തിക്കുന്നതിന് ഒപ്പം വിനോദ സഞ്ചാരമേഖലയുടെ പുരോഗതിക്കും പദ്ധതി സഹായകരമാകും.
ജബൽ അഖ്ദറിലെ കുടിവെള്ള ആവശ്യങ്ങൾ പരിഹരിക്കണമെന്ന ഏറെ നാളുകളായുള്ള ആവശ്യത്തിനാണ് ഇതോടെ പരിഹാരമാകുന്നത്. ആഗസ്റ്റിൽ പദ്ധതിയുടെ നിർമാണമാരംഭിച്ചതായി നിർമാണത്തിന് മേൽനോട്ടം വഹിക്കുന്ന വൈദ്യുതി ജല വിതരണ പൊതുഅതോറിറ്റി അധികൃതർ അറിയിച്ചു. അടുത്ത വർഷം പദ്ധതി പ്രവർത്തനമാരംഭിക്കും. പൂർണമായും പ്രവർത്തന സജ്ജമാകുന്നതോടെ പ്രതിദിനം 1.76 ദശലക്ഷം ഗാലൺ ആയിരിക്കും ശാലയുടെ ശേഷി. 38 കിലോമീറ്റർ ദൂരെവരെയുള്ള ഉപഭോക്താക്കൾക്ക് ഇതോടെ കുടിവെള്ളം എത്തിക്കാൻ കഴിയും.
120 കിലോമീറ്റർ ദൈർഘ്യമുള്ള പൈപ്പ്ലൈൻ വഴി ജബൽ അഖ്ദറിന്റെ ഭാഗങ്ങളിലും കുടിവെള്ളമെത്തിക്കാൻ സാധിക്കും. പദ്ധതിയുടെ ഭാഗമായി എണ്ണൂറ് മുതൽ അയ്യായിരം ക്യുബിക് മീറ്റർ വരെ ശേഷിയുള്ള മൂന്ന് ജല ശുദ്ധീകരണ ശാലകൾ നിർമിക്കുമെന്നും നാസർ അൽ അബ്രി പറഞ്ഞു. ഒമാന്‍റെ എല്ലാ ഗ്രാമങ്ങളിലും നഗരങ്ങളിലും കുടിവെള്ളമെത്തിക്കണമെന്ന അതോറിറ്റിയുടെ തീരുമാനത്തിന്‍റെ ഭാഗമായാണ് പുതിയ ശുദ്ധീകരണശാലയുടെ നിർമാണം.
Adjust Story Font
16

