നിയമവിരുദ്ധമായി ധനസമാഹരണം നടത്തുന്ന വിദേശികളെ നാടുകടത്തുമെന്നു കുവൈത്ത്
വിദേശികൾക്കിടയിൽ പള്ളികളും മറ്റും കേന്ദ്രീകരിച്ചു പണപ്പിരിവ് നടക്കുന്നുണ്ടെന്ന പരാതിയെ തുടർന്നാണ് നടപടി
നിയമവിരുദ്ധമായി ധനസമാഹരണം നടത്തുന്ന വിദേശികളെ നാടുകടത്തുമെന്നു കുവൈത്ത് സാമൂഹ്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ് . മുന്നറിയിപ്പവഗണിച്ചു സംഭാവന പിരിക്കുന്നവരെ പിടികൂടാൻ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി. വിദേശികൾക്കിടയിൽ പള്ളികളും മറ്റും കേന്ദ്രീകരിച്ചു പണപ്പിരിവ് നടക്കുന്നുണ്ടെന്ന പരാതിയെ തുടർന്നാണ് നടപടി.
സാമൂഹ്യ ക്ഷേമ മന്ത്രാലയത്തിൽ രജിസ്റ്റർ ചെയ്ത സംഘടനകൾക്ക് മാത്രമാണ് കുവൈത്തിൽ പണപ്പിരിവിന് അനുമതിയുള്ളൂ. എന്നാൽ വിദേശികൾ കൂടുതലായെത്തുന്ന ചില പള്ളികളിൽ ജീവകാരുണ്യ പദ്ധതികൾ, ദുരിതാശ്വാസം പള്ളി നിർമാണം തുടങ്ങി പല പേരുകളിൽ അനുമതിയില്ലാതെ പണപ്പിരിവ് നടക്കുന്നതായി അധികൃതർക്ക് സൂചന ലഭിച്ചിട്ടുണ്ട് . അംഗീകൃത സംഘടനകൾക്ക് പോലും സംഭാവന പിരിക്കാൻ മുൻകൂർ അനുമതി വേണമെന്നിരിക്കെ വിദേശികൾ ഇത്തരത്തിൽ പണപ്പിരിവ് നടത്തുന്നു എന്ന വിവരം ഗൗരവത്തിലെടുത്ത സാമൂഹ്യ ക്ഷേമ മന്ത്രാലയം പള്ളികളിൽ നടക്കുന്ന അനധികൃത പിരിവിനെതിരെ ജാഗ്രത കൈക്കൊള്ളാൻ മതകാര്യ മന്ത്രാലയത്തിനു നിർദേശം നൽകി . മതകാര്യ ആഭ്യന്തര ആഭ്യന്തര മന്ത്രാലയങ്ങളുടെ സഹകരണത്തോടെ സംഭാവന പിരിക്കുന്ന വിദേശികളെ പിടികൂടി നാടുകടത്താനാണ് പദ്ധതി . ഇതിനായി മൂന്നു മന്ത്രാലയങ്ങളിലെയും മുനിസിപ്പാലിറ്റിയിലെയും പ്രതിനിധികൾ ഉൾക്കൊള്ളുന്ന പ്രത്യേക സമിതി രുപീകരിച്ചിട്ടുണ്ട്. അടുത്ത ആഴ്ച മുതൽ സംഘം നിരീക്ഷണത്തിനിറങ്ങുമെന്നാണ് സൂചന . രാജ്യത്തിന്റെ എല്ലാഭാഗങ്ങളിലും സമിതി അംഗങ്ങൾ രഹസ്യ നിരീക്ഷണം നടത്തും. പള്ളികൾ വ്യാവസായിക മേഖലകൾ എന്നിവിടങ്ങൾ പ്രത്യേകം നിരീക്ഷണ വിധേയമാക്കുമെന്നും പിടിയിലാകുന്ന വിദേശികളെ തിരിച്ചു നാടുകടത്തുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
Adjust Story Font
16

