Quantcast

മധ്യസ്ഥ ശ്രമങ്ങളുമായി കുവൈത്ത് അമീര്‍ സൌദി സന്ദര്‍ശിച്ചു

MediaOne Logo

Khasida

  • Published:

    9 May 2018 6:22 PM GMT

മധ്യസ്ഥ ശ്രമങ്ങളുമായി കുവൈത്ത് അമീര്‍ സൌദി സന്ദര്‍ശിച്ചു
X

മധ്യസ്ഥ ശ്രമങ്ങളുമായി കുവൈത്ത് അമീര്‍ സൌദി സന്ദര്‍ശിച്ചു

ജിദ്ദയിലെത്തിയ കുവൈത്ത് അമീര്‍ സല്‍മാന്‍ രാജാവുമായി കൂടിക്കാഴ്ച നടത്തി

സൌദി ഉള്‍പ്പെടെയുള്ള മൂന്ന് ഗള്‍ഫ് രാജ്യങ്ങള്‍ ഖത്തറുമായുള്ള ബന്ധം വിച്ഛേദിച്ചതിനെ തുടര്‍ന്ന് രൂപപ്പെട്ട പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള കുവൈത്തിന്റെ മധ്യസ്ഥ ശ്രമങ്ങള്‍ പുരോഗമിക്കുന്നു. ഇതിന്റെ ഭാഗമായി ഇന്നലെ ജിദ്ദയിലെത്തിയ കുവൈത്ത് അമീര്‍ സല്‍മാന്‍ രാജാവുമായി കൂടിക്കാഴ്ച നടത്തി. അതേ സമയം തീവ്രവാദത്തെ പിന്തുണക്കുന്ന ഖത്തര്‍ നയം മാറ്റണമെന്ന് സൌദി വിദേശകാര്യ മന്ത്രി ആദില്‍ ജുബൈര്‍ പറഞ്ഞു.

ചൊവ്വാഴ്ച വൈകീട്ട് ജിദ്ദയിലെത്തിയ കുവൈത്ത് അമീര്‍ ശൈഖ് സബാഹ് അൽഅഹമദ് അൽജാബിർ അൽസബാഹ് സൌദി ഭരണാധികാരി സൽമാൻ രാജാവുമായി ചർച്ച നടത്തി. ഖത്തർ വിഷയം അടക്കം ഗൾഫ് മേഖലയിലെ പുതിയ സംഭവവികാസങ്ങളെ കുറിച്ച് ഇരുവരും വിശദമായി സംസാരിച്ചു. ആദ്യ ഘട്ട ചര്‍ച്ചകള്‍ക്ക് ശേഷം രാത്രിയോടെ അദ്ദേഹം കുവൈത്തിലേക്ക് തിരിച്ചുപോയി.

ഖത്തറുമായുള്ള നയതന്ത്ര ബന്ധം സൗദി അറേബ്യ അടക്കമുള്ള രാജ്യങ്ങൾ വിഛേദിച്ചതിനെ തുടർന്നുണ്ടായ പ്രശ്‌നത്തിൽ മധ്യസ്ഥത വഹിക്കാൻ തയ്യാറാണെന്ന് കുവൈത്ത് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ജിദ്ദയിലെത്തി സൽമാൻ രാജാവുമായി കുവൈത്ത് അമീര്‍ കൂടിക്കാഴ്ച നടത്തിയത്.

ജിസിസിയിലെ മൂന്നു അംഗരാജ്യങ്ങൾ ഖത്തറിനെതിരെ ഉപരോധം പ്രഖ്യാപിച്ചപ്പോൾ ലോകം കാതോർത്തത് കുവൈത്തിന്റെയും ഒപ്പം ഒമാനെയും നിലപാടുകൾക്കായിരുന്നു . മേഖലയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കുവൈത്ത് അനുവർത്തിച്ചു പോരുന്ന സമദൂര നിലപാട് തുടരുമെന്നും ജിസിസി അംഗരാജ്യങ്ങൾക്കിടയിലെ പുതിയ പ്രതിസന്ധി സംഭാഷണങ്ങളിലൂടെ പരിഹരിക്കാൻ മുന്നിട്ടിറങ്ങുമെന്നും തിങ്കളാഴ്ച രാത്രിയോടെ കുവൈത്ത് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു.

അമീറിന്റെ നേതൃത്വത്തിൽ അനുരഞ്ജന ചർച്ചകൾ ഉണ്ടാകുമെന്ന സൂചനയും തിങ്കളാഴ്ച രാത്രിയോടെ ഏജൻസി പുറത്തുവന്നിരുന്നു. ചൊവാഴ്ച വൈകീട്ടാണ് സൗഹൃദ സംഭാഷണങ്ങൾക്കായി കുവൈത്ത് അമീറും സംഘവും സൗദിയിലേക്ക് പുറപ്പെട്ടത്. വിദേശകാര്യ മന്ത്രി സഹിഖ് സബാഹ് ഖാലിദ് അൽ ഹമദ് അല്ല സബാഹ്, കാബിനറ്റ്കാര്യ മന്ത്രി ഷെയ്ഖ് മുഹമ്മദ് അൽ അബ്ദുല്ല, വിദേശകാര്യ സഹമന്ത്രി ഷെയ്ഖ് ഡോക്ടര്‍ അഹമ്മദ് നാസർ മുഹമ്മദ് അൽ സബാഹ് എന്നിവർ സൗദി യാത്രയിൽ അമീറിനെ അനുഗമിച്ചു.

നേരത്തെ മക്ക ഗവർണറും സൗദി ഭരണാധികാരി സൽമാൻ രാജാവിന്റെ ഉപദേഷ്ടാവുമായ പ്രിൻസ് ഖാലിദ് ബിൻ ഫൈസൽ ബിൻ അബ്ദുൽ അസീസ് അൽ സഊദ് കഴിഞ്ഞ ദിവസം കുവൈത്തിലെത്തുകയും സൽമാൻ രാജാവിന്റെ സന്ദേശം കൈമാറുകയും ചെയ്തിരുന്നു.

കുവൈത്തിന്റെ മധ്യസ്ഥ ശ്രമങ്ങള്‍ക്ക് ഖത്തറും പിന്തുണ നല്‍കിയിരുന്നു. ഖത്തര്‍ അമീറുമായി സംസാരിച്ച ശേഷമായിരിക്കും കുവൈത്തിന്റെ അടുത്ത നടപടികള്‍. ഖത്തർ അമീർ ഷെയ്ഖ് തമിം ബിൻ ഹമദ് അൽഥാനിയുമായി കുവൈത്ത് അമീർ ടെലിഫോണിൽ ബന്ധപ്പെട്ട് പ്രശ്‌നം കൂടുതൽ സങ്കീർണ്ണമാക്കുന്ന നടപടികളിൽ നിന്ന് വിട്ടുനിൽക്കണമെന്നും സംയമനം പാലിക്കണമെന്നും അഭ്യർത്ഥിച്ചിരുന്നു. ഖത്തർ അമീർ പൊതുജനങ്ങളെ അഭിസംബോധന ചെയ്യുന്നത് മാറ്റിവെച്ചത്തിനു പിന്നിലും കുവൈത്ത് അമീറിന്റെ നയതന്ത്ര ഇടപെടലാണെന്നാണ് സൂചന .

ചര്‍ച്ചകള്‍ക്കായി ബഹ്റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ ഖലീഫ് ഇന്ന് ജിദ്ദയിലെത്തും. ഇതിനിടെ പ്രശ്ന പരിഹാരത്തിന് തുര്‍ക്കിയും ഒമാനും ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.

തീവ്രവാദ സംഘടകളോട് സ്വീകരിക്കുന്ന നിലപാട് അവസാനിപ്പിച്ച് ഇതര ഗള്‍ഫ് രാഷ്ട്രങ്ങുടെ പാതയിലേക്ക് ഖത്തര്‍ വരണമെന്ന് സൌദി വിദേശകാര്യ മന്ത്രി ആദില്‍ ജുബൈര്‍ പറഞ്ഞു. പാരിസില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹമാസ്, മുസ്ലിം ബ്രദര്‍ഹുഡ് അടക്കമുള്ള സംഘടനകള്‍ക്കുള്ള സഹായം ഖത്തര്‍ നിര്‍ത്തലാക്കണമെന്നും ആദില്‍ ജുബൈര്‍ ആവശ്യപ്പെട്ടു.

TAGS :

Next Story