ഖത്തറില്‍ 25 സ്വകാര്യ സ്കൂളുകൾക്ക് കൂടി പ്രവർത്തനാനുമതി

ഖത്തറില്‍ 25 സ്വകാര്യ സ്കൂളുകൾക്ക് കൂടി പ്രവർത്തനാനുമതി
രാജ്യത്തെ സ്വകാര്യ സ്കൂളുകളുടെ എണ്ണം 171 ആയി
ഖത്തറില്‍ 25 സ്വകാര്യ സ്കൂളുകൾക്ക് കൂടി പ്രവർത്തനാനുമതി നൽകിയതായി വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലെ സ്കൂൾ ലൈസൻസിങ് ഡിപ്പാർട്ട്മെന്റ് ഡയറക്ടർ അറിയിച്ചു. 58 അപേക്ഷകളിൽനിന്നാണ് ഇത്രയും വിദ്യാലയങ്ങൾക്ക് അനുമതി നൽകിയത്. രാജ്യത്തെ സ്വകാര്യ സ്കൂളുകളുടെ എണ്ണം 171 ആയി.
പുതുതായി അനുമതി ലഭിച്ച 25 സ്കൂളുകളടക്കം 94 സ്വകാര്യ കിൻറർഗാർട്ടനുകളും 171 സ്വകാര്യ സ്കൂളുകളുമാണ് ഇപ്പോള്‍ ഖത്തറിലുള്ളത് .കൂടാതെ പൊതുമേഖലയിൽ 197 സ്കൂളുകളുമുണ്ട് . ഇവക്കായി 2,150 ബസുകൾ അനുവദിച്ചതായി സ്കൂൾ അഫയേഴ്സ് ഡിപ്പാർട്ട്മെന്റ് ഡയറക്ടർ ഖലീഫ സഅദ് അൽ ദർഹം വ്യക്തമാക്കി. ബസുകളിൽ 40 സീറ്റുകളുള്ളവയും 24 സീറ്റുകളുള്ളവയും ഉണ്ട്. തങ്ങളുടെ മക്കളുടെ സ്കൂൾ യാത്രയുടെ കാര്യത്തിൽ രക്ഷിതാക്കൾക്ക് പരാതിയുണ്ടെങ്കിൽ താമസസ്ഥലത്തിനടുത്തുള്ള സ്കൂളുകളിലേക്ക് മാറ്റം അനുവദിക്കാനും മന്ത്രാലയം ഒരുക്കമാണെന്ന് അൽ ദർഹം അറിയിച്ചു. സ്കൂളുകളിലെ പരീക്ഷ, അവലോകന രീതികൾ പരിഷ്കരിക്കാൻ ഉദ്ദേശിക്കുന്നുണ്ടെന്ന് ഇവാല്വേഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഖാലിദ് അൽ ഹർഖാൻ പറഞ്ഞു. സ്കൂളുകളുടെ നിലവാരം മെച്ചപ്പെടുത്തുന്നതിനും ദേശീയ അക്രഡിറ്റേഷൻ സംവിധാനം പരിഷ്കരിക്കുന്നതിനും പദ്ധതിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മൂന്ന് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇൗ അധ്യയനവർഷം അനുമതി നൽകിയതായി ഉന്നത വിദ്യാഭ്യാസ വിഭാഗം ഡയറക്ടർ ഡോ. ഖാലിദ് മുഹമ്മദ് അൽ ഹുർ പറഞ്ഞു. അബർദീൻ യൂനിവേഴ്സിറ്റി, എ.എഫ്.ജി, യൂനിവേഴ്സിറ്റി ഫൗണ്ടേഷൻ കോളേജ് എന്നിവക്കാണ് അനുമതി ലഭിച്ചത്.
Adjust Story Font
16

