ദുബൈയില്‍ വാഹനാപകടത്തില്‍ 6 ഇന്ത്യക്കാരടക്കം 7 പേര്‍ മരിച്ചു

ദുബൈയില്‍ വാഹനാപകടത്തില്‍ 6 ഇന്ത്യക്കാരടക്കം 7 പേര്‍ മരിച്ചു
മരിച്ചവരില്‍ ഒരാള്‍ എറണാകുളം പിറവം സ്വദേശി എവിന്‍ കുമാര്‍ ആണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്
ദുബൈ എമിറേറ്റ്സ് റോഡില്‍ നിര്‍ത്തിയിട്ട ട്രക്കിന് പിന്നില്‍ മിനിബസ് ഇടിച്ച് ആറ് ഇന്ത്യക്കാരടക്കം ഏഴു പേര്‍ മരിച്ചു. മരിച്ചവരില്‍ ഒരാള്‍ എറണാകുളം പിറവം സ്വദേശി എവിന്‍ കുമാര്‍ ആണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഉത്തരേന്ത്യക്കാരനായ ഹുസൈനാണ് തിരിച്ചറിഞ്ഞ മറ്റൊരാള്‍. പരിക്കേറ്റ 13 പേരില്‍ മൂന്ന് പേരുടെ നില ഗുരുതരമാണ്. 13 പേര്‍ക്ക് പരിക്കേറ്റു. മൂന്ന് പേരുടെ നില ഗുരുതരമാണ്. എമിറേറ്റ്സ് റോഡിന്റെ ദുബൈ- അബൂദബി ദിശയില്‍ ജബല്‍ അലി ആല്‍ മക്തൂം വിമാനത്താവളത്തിന് സമീപം ചൊവ്വാഴ്ച രാവിലെ എട്ടുമണിയോടെയായിരുന്നു അപകടം.
ദുബൈയിലെ സ്റ്റീല്‍ കമ്പനിയിലെ എന്‍ജിനിയര്‍മാര്‍ അടക്കമുള്ള ജീവനക്കാര്‍ സഞ്ചരിച്ച ബസാണ് അപകടത്തില്‍ പെട്ടത്. പിക്കപ്പ് ട്രക്കുമായി കൂട്ടിയിടിച്ചതിനെ തുടര്‍ന്ന് റോഡിന്റെ മൂന്നാമത്തെ വരിയില്‍ നിര്‍ത്തിയിട്ടിരുന്ന കരിങ്കല്‍ കയറ്റിയ ട്രക്കിന് പിന്നില്‍ ജീവനക്കാരുമായി പോയ മിനിബസ് ഇടിക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. താമസ സ്ഥലത്തുനിന്ന് ജീവനക്കാരുമായി ജോലി സ്ഥലത്തേക്ക് പോയ ബസാണ് അപകടത്തില്‍ പെട്ടത്. 20 ജീവനക്കാരാണ് ബസിലുണ്ടായിരുന്നത്. അപകടത്തില്‍ ബസ് പൂര്‍ണമായും തകര്‍ന്നു. മിനിബസ് ഡ്രൈവറടക്കം ഏഴുപേരും സംഭവസ്ഥലത്തുതന്നെ മരിച്ചു. അപകടം നടന്നയുടന്‍ പൊലീസും സിവില്‍ ഡിഫന്‍സും പാരാമെഡിക്കല്‍ വിഭാഗങ്ങളും സംഭവസ്ഥലത്തത്തെി. ഹൈഡ്രോളിക് കട്ടര്‍ ഉപയോഗിച്ച് ബസ് പൊളിച്ചാണ് അകത്ത് കുടുങ്ങിയവരെ പുറത്തെടുത്തത്. ഗുരുതരമായി പരിക്കേറ്റവരെ പൊലീസിന്റെ ഹെലികോപ്റ്ററില്‍ ദുബൈ റാശിദ് ആശുപത്രിയിലേക്ക് മാറ്റി. അപകടത്തെ തുടര്‍ന്ന് റോഡില്‍ മണിക്കൂറുകളോളം ഗതാഗതക്കുരുക്കുണ്ടായി. മൃതദേഹങ്ങള്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മരിച്ച ബാക്കിയുള്ളവരെ തിരിച്ചറിഞ്ഞിട്ടില്ല. മിനിബസ് ഡ്രൈവറുടെ അശ്രദ്ധയും അപകടത്തിന് കാരണമാക്കിയതായി ദുബൈ പൊലീസ് മേധാവി ലഫ്. ജനറല്‍ ഖമീസ് മതാര്‍ അല്‍ മസീന പറഞ്ഞു. മരിച്ച എവിന്‍ കുമാര്‍ സ്റ്റീല്‍ കമ്പനിയില്‍ എന്‍ജിനിയറായി ജോലി ചെയ്യുകയായിരുന്നു.
Adjust Story Font
16

