Quantcast

സ്​പോൺസർഷിപ്പ് വ്യവസ്ഥ പരിഷ്കരിക്കണമെന്ന് ഹ്യൂമൻ റൈറ്റ്സ്​ വാച്ച്

MediaOne Logo

Jaisy

  • Published:

    17 May 2018 6:21 PM GMT

സ്​പോൺസർഷിപ്പ് വ്യവസ്ഥ പരിഷ്കരിക്കണമെന്ന് ഹ്യൂമൻ റൈറ്റ്സ്​ വാച്ച്
X

സ്​പോൺസർഷിപ്പ് വ്യവസ്ഥ പരിഷ്കരിക്കണമെന്ന് ഹ്യൂമൻ റൈറ്റ്സ്​ വാച്ച്

നിലവിൽ ഗാർഹിക തൊഴിലാളികൾക്കുൾപ്പെടെ ഒരേ സ്പോൺസറുടെ കീഴിൽ നിശ്ചിത കാലം ജോലി ചെയ്യണമെന്ന നിബന്ധനയാണുള്ളത്

ഉദ്ദേശിക്കുന്ന തൊഴിലിടങ്ങളിലേക്ക് വിദേശികൾക്ക് മാറാൻ സാധിക്കുന്ന തരത്തിൽ രാജ്യത്തെ സ്​പോൺസർഷിപ്പ് വ്യവസ്ഥ പരിഷ്കരിക്കണമെന്ന് കുവൈത്ത് സർക്കാരിനോട് ഹ്യൂമൻ റൈറ്റ്സ്​ വാച്ച്. ഒക്ടോബർ 23 മുതൽ നവംബർ 17 വരെ ജനീവയിൽ നടക്കുന്ന സമിതിയുടെ 68ാം സമ്മേളനത്തിന്റെ മുന്നോടിയായി അതത് രാജ്യങ്ങൾക്ക് നൽകിയ മനുഷ്യാവകാശ സംബന്ധമായ നിർദേശങ്ങളിലാണ് ഇക്കാര്യം സൂചിപ്പിച്ചത്.

നിലവിൽ ഗാർഹിക തൊഴിലാളികൾക്കുൾപ്പെടെ ഒരേ സ്പോൺസറുടെ കീഴിൽ നിശ്ചിത കാലം ജോലി ചെയ്യണമെന്ന നിബന്ധനയാണുള്ളത്. ഇതിൽ മാറ്റം വരണമെന്നും നിയമപരിരക്ഷയോടെ തൊഴിലുടമയെ ഉപേക്ഷിക്കാനും മാറ്റാനുമുള്ള അവകാശം തൊഴിലാളികൾക്കുണ്ടാവണമെന്ന നിർദേശമാണ് യുഎൻ മനുഷ്യാവകാശ സമിതി മുന്നോട്ടുവെച്ചത്. തൊഴിലാളിയുടെയും തൊഴിലുടമയുടെയും അവകാശങ്ങളും ബാധ്യതകളും ശക്തമായി നടപ്പിലാക്കാൻ അനുശാസിക്കുന്ന 2015ലെ പുതിയ ഗാർഹിക തൊഴിൽ നിയമം കണിശമായി നടപ്പിലാക്കുക, തൊഴിൽ പീഡനങ്ങൾക്ക് വിധേയരാകുന്ന വിദേശികൾക്ക് നിയമപരിരക്ഷ ഉറപ്പാക്കുക തുടങ്ങിയ നിർദ്ദേശങ്ങളും സമർപ്പിച്ചിട്ടുണ്ട്​. മനുഷ്യാവകാശ സംരക്ഷണവുമായി ബന്ധപ്പെട്ട ചില പൊതു നിർദേശങ്ങളും ഇക്കൂട്ടത്തിലുണ്ട്. കുവൈത്തി സ്ത്രീകൾക്ക് വിദേശ ഭർത്താക്കന്മാരിലുണ്ടായ മക്കൾക്ക് ജനിച്ച നാൾ തൊട്ട് രാജ്യത്തിന്റെ പൗരത്വം നൽകുകയെന്നതാണ് അതിൽ പ്രധാനം.

നിലവിൽ പിതാവ് കുവൈത്തിയാണെങ്കിൽ മാത്രം കുട്ടികൾക്ക് കുവൈത്തി പൗരത്വം അനുവദിക്കുന്ന രീതിയാണുള്ളത്. ബിദൂനി വിഭാഗത്തിന് പൗരത്വം ലഭിക്കാനുള്ള നടപടികൾ പ്രോത്സാഹിപ്പിക്കുക, ദാമ്പത്യ പ്രശ്നങ്ങളിൽ സ്ത്രീകളുടെ അവകാശങ്ങൾ ഉറപ്പുവരുത്തുന്ന തരത്തിൽ നിയമ ഭേദഗതി വരുത്തുക, സ്​ത്രീകൾക്കെതിരെയുള്ള വിവേചനം ഇല്ലാതാക്കുന്നതിന്റെയും കുട്ടികളുടെ അവകാശം സംരക്ഷിക്കുന്നതിന്റെയും ഭാഗമായി വിവാഹ പ്രായം 18 ആയി ഉയർത്തുക, സ്ത്രീകളെ ലൈംഗികാതിക്രമത്തിന് വിധേയരാക്കുന്നവർക്ക് കടുത്ത ശിക്ഷ ഉറപ്പാക്കുന്ന തരത്തിൽ നിയമ ഭേദഗതി വരുത്തുക, കുടുംബത്തിലെ പീഡനങ്ങൾക്കിരയാവുന്നവർക്ക് അഭയകേന്ദ്രങ്ങൾ സ്​ഥാപിക്കുക, ഇത്തരം കേസുകളിൽ പൊലീസ്​ സ്റ്റേഷനുകൾ, തർക്ക പരിഹാര കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ പ്രതികൾ ദുസ്സ്വാധീനം ചെലുത്തുന്നത് തടയുക തുടങ്ങിയ നിർദ്ദേശങ്ങളും സമിതി മുന്നോട്ടുവെച്ചിട്ടുണ്ട്​.

TAGS :

Next Story