Quantcast

ഗള്‍ഫ് പ്രതിസന്ധി പരിഹാര ചര്‍ച്ചകള്‍ വീണ്ടും സജീവം

MediaOne Logo

Subin

  • Published:

    18 May 2018 9:20 PM IST

ഗള്‍ഫ് പ്രതിസന്ധി പരിഹാര ചര്‍ച്ചകള്‍ വീണ്ടും സജീവം
X

ഗള്‍ഫ് പ്രതിസന്ധി പരിഹാര ചര്‍ച്ചകള്‍ വീണ്ടും സജീവം

പ്രശ്‌നപരിഹാരത്തിന് തുറന്ന ചര്‍ച്ചക്ക് തയാറാകണമെന്നാണ് യു.എസ് പ്രസിഡന്റ് ട്രംപ് ഇരുപക്ഷത്തോടും ആവശ്യപ്പെട്ടിരിക്കുന്നത്.

ഗള്‍ഫ് പ്രതിസന്ധി പരിഹരിക്കാനുള്ള ചര്‍ച്ചകള്‍ വീണ്ടും സജീവം. ഐക്യരാഷ്ട്ര സഭയുടെ 72ആം വാര്‍ഷിക പൊതുസമ്മേളനം അടുത്ത ആഴ്ച നടക്കാനിരിക്കെ, പ്രതിസന്ധി എത്രയും വേഗം പരിഹരിക്കണമെന്ന ആവശ്യം ശക്തമാണ്.

നൂറ് ദിനങ്ങളിലേറെ പിന്നിട്ട ഗള്‍ഫ് പ്രതിസന്ധി പരിഹാര ചര്‍ച്ചകള്‍ പല തലങ്ങളിലായാണ് പുരോഗമിക്കുന്നത്. ഖത്തര്‍ അമീറും യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും തമ്മില്‍ നടന്ന ചര്‍ച്ച പ്രതിസന്ധി പരിഹാരത്തില്‍ നിര്‍ണായകമാകുമെന്നാണ് വിലയിരുത്തല്‍. തങ്ങള്‍ സമര്‍പ്പിച്ച ഉപാധികള്‍ സംബന്ധിച്ച് ഖത്തറിന്റെ പരസ്യ വിശദീകരണം ആവശ്യമാണെന്ന് സൗദി അനുകൂല രാജ്യങ്ങള്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഉപാധികളില്ലാത്ത ഏതൊരു ചര്‍ച്ചക്കും ഒരുക്കമാണെന്ന് ഖത്തര്‍ അമീറും പ്രതികരിച്ചു. പോയവാരം ഖത്തര്‍ അമീര്‍ സൗദി കിരീടാവകാശിയുമായി ടെലിഫോണില്‍ ചര്‍ച്ചക്കുള്ള സന്നദ്ധത അറിയിച്ചിരുന്നെങ്കിലും പ്രതിസന്ധി പരിഹാരം നീളുകയായിരുന്നു. കുവൈത്ത് അമീറിന്റെ മധ്യസ്ഥ നീക്കങ്ങളും പുനരാരംഭിച്ചിട്ടുണ്ട്.

പ്രശ്‌നപരിഹാരത്തിന് തുറന്ന ചര്‍ച്ചക്ക് തയാറാകണമെന്നാണ് യു.എസ് പ്രസിഡന്റ് ട്രംപ് ഇരുപക്ഷത്തോടും ആവശ്യപ്പെട്ടിരിക്കുന്നത്. യു.എന്‍ പൊതുസഭാ സമ്മേളനത്തിലും ഗള്‍ഫ് പ്രതിസന്ധി സജീവ ചര്‍ച്ചയാകും. സൗദി വിദേശകാര്യ മന്ത്രി ആദില്‍ അല്‍ ജുബൈര്‍, ജോര്‍ദാനിലെ അബ്ദുല്ല രാജാവ്, യു.എ.ഇ വിദേശകാര്യ സഹമന്ത്രി ഡോ. അന്‍വര്‍ ഗര്‍ഗാശ് എന്നിവര്‍ യു.എന്‍ പൊതുസഭയെ അഭിസംബോധന ചെയ്ത് സംസാരിക്കും.

യു.എന്‍ പൊതുസഭാ സമ്മേളനത്തിനു മുന്നോടിയായി തങ്ങളുടെ വാദമുഖങ്ങള്‍ അവതരിപ്പിക്കാന്‍ ഇരുപക്ഷവും വ്യാപകമായ നയതന്ത്ര നീക്കങ്ങളിലാണിപ്പോള്‍ ഏര്‍പ്പെട്ടിരിക്കുന്നത്.

TAGS :

Next Story