Quantcast

പാകിസ്താനെതിരെ പരോക്ഷ വിമർശം ഉന്നയിച്ച്​ ഇന്ത്യയും യുഎഇയും

MediaOne Logo

Jaisy

  • Published:

    18 May 2018 1:07 PM GMT

പാകിസ്താനെതിരെ പരോക്ഷ വിമർശം ഉന്നയിച്ച്​ ഇന്ത്യയും യുഎഇയും
X

പാകിസ്താനെതിരെ പരോക്ഷ വിമർശം ഉന്നയിച്ച്​ ഇന്ത്യയും യുഎഇയും

​പ്രധാനമന്ത്രിയുടെ യു.എ.ഇ സന്ദർശനാനന്തരം പുറത്തിറക്കിയ സംയുക്​ത പ്രസ്​താവനയിൽ ആരാധനാലയങ്ങൾ തീവ്രവാദ ശക്​തികളുടെ കേന്ദ്രങ്ങളായി മാറുന്നത്​ ഒരു നിലക്കും അംഗീകരിക്കാൻ കഴിയില്ലെന്നും ചൂണ്ടിക്കാട്ടി

തീവ്രവാദത്തെ പിന്തുണക്കുന്ന പാകിസ്താനെതിരെ പരോക്ഷ വിമർശം ഉന്നയിച്ച്​ ഇന്ത്യയും യുഎഇയും. ​പ്രധാനമന്ത്രിയുടെ യു.എ.ഇ സന്ദർശനാനന്തരം പുറത്തിറക്കിയ സംയുക്​ത പ്രസ്​താവനയിൽ ആരാധനാലയങ്ങൾ തീവ്രവാദ ശക്​തികളുടെ കേന്ദ്രങ്ങളായി മാറുന്നത്​ ഒരു നിലക്കും അംഗീകരിക്കാൻ കഴിയില്ലെന്നും ചൂണ്ടിക്കാട്ടി. പാക്​ തീവ്രവാദ നിലപാടിനെതിരെ അറബ്​ രാജ്യങ്ങളുടെ പിന്തുണ ഉറപ്പാക്കുന്നത്​ ഇന്ത്യയുടെ മികച്ച രാഷ്ട്രീയ വിജയമായാണ്​ വിലയിരുത്തുന്നത്​.

തീവ്രവാദം സ്പോൺസർ ചെയ്യുന്ന ഭരണകൂട നിലപാടിനെ ശക്തമായി വിമർശിക്കുന്നതാണ്​ ഇന്ത്യ, യു.എ.ഇ സംയുക്ത പ്രസ്താവന. പാകിസ്താനെ പേരെടുത്തു പറയുന്നില്ലെങ്കിലും കശ്​മീർ ഉൾപ്പെടെയുള്ള വിഷയങ്ങൾ ഉന്നയിച്ച്​ തീവ്രവാദത്തെ പിന്തുണക്കുന്ന ഭരണകൂട നയം അസ്വീകാര്യമാണെന്ന്​ സംയുക്​ത പ്രസ്​താവന പറയുന്നു. എല്ലാ തുറകളിലും തീവ്രവാദ​ത്തിനെതിരെ യോജിച്ച നിലപാടുമായി ഇന്ത്യയും യു.എ.ഇയും മുന്നോട്ടു പോകും.

തീവ്രവാദത്തെ സൈനികമായി മാത്രം അടിച്ചമർത്താൻ പറ്റില്ല. ​സാമൂഹിക മാധ്യമങ്ങളും ആരാധനാലയങ്ങളും ദുരുപയോഗം ചെയ്ത്​ യുവതക്കിടയിൽ തീവ്രവാദ ചിന്താഗതി വളർത്തുന്നത്​ തടയേണ്ടതിന്റെ ആവശ്യകതയും സംയുക്ത പ്രസ്താവന ഊന്നിപ്പറയുന്നു. രാഷ്ട്രീയ പ്രശ്നങ്ങൾക്ക്​ മതപരവും വംശീയവുമായ മാനം നൽകി പ്രശ്​നങ്ങൾ കുത്തിപ്പൊക്കുന്ന രാജ്യങ്ങളുടെ നിലപാടിനെതിരെ സംയുക്​ത പ്രസ്​താവനയിൽ ഇന്ത്യയും യു.എ.ഇയും കടുത്ത പ്രതിഷേധം രേഖപ്പെടുത്തി. കശ്​മീർ വിഷയത്തിലുള്ള പാക്​ നിലപാടിനെ പരോക്ഷമായി സൂചിപ്പിച്ചു കൊണ്ടാണ്​ ഈ നീക്കം. തീവ്രവാദികൾക്ക്​ അഭയം നൽകുന്ന ഏതൊരു നീക്കത്തിനെതിരെയും കടുത്ത നടപടി വേണമെന്ന്​ ഇരു രാജ്യങ്ങളും വ്യക്​തമാക്കി. തീ​വ്രവാദത്തിനെതിരെ സമഗ്ര നയം വേണമെന്ന യു.എന്നിനു മുമ്പാകെയുള്ള ഇന്ത്യൻ ആവശ്യത്തെ യു.എ.ഇ പിന്തുണക്കും. പണം വെളുപ്പിക്കൽ, തീവ്രവാദ ഫണ്ടിങ്​, മയക്കുമരുന്നു കടത്ത്​ എന്നിവക്കെതിരെയും യോജിച്ച നിലപാട്​ സ്വീകരിക്കുമെന്ന്​ സംയുക്ത പ്രസ്താവന പറയുന്നു.

TAGS :

Next Story