യു.എ.ഇയുടെ വിവിധ ഭാഗങ്ങളിൽ വീശിയടിച്ച വ്യാപക പൊടിക്കാറ്റ് ജനജീവിതം താറുമാറാക്കി

യു.എ.ഇയുടെ വിവിധ ഭാഗങ്ങളിൽ വീശിയടിച്ച വ്യാപക പൊടിക്കാറ്റ് ജനജീവിതം താറുമാറാക്കി
പുലർച്ചെ മുതൽ ആരംഭിച്ച കാറ്റ് വാഹന ഗതാഗത രംഗത്താണ് കൂടുതല്‍ പ്രശ്നങ്ങളുണ്ടാക്കിയത്
യു.എ.ഇയുടെ വിവിധ ഭാഗങ്ങളിൽ വീശിയടിച്ച വ്യാപക പൊടിക്കാറ്റ് ജനജീവിതം താറുമാറാക്കി. പുലർച്ചെ മുതൽ ആരംഭിച്ച കാറ്റ് വാഹന ഗതാഗത രംഗത്താണ് കൂടുതല്‍ പ്രശ്നങ്ങളുണ്ടാക്കിയത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിരവധി വാഹനാപകടങ്ങളും റിപ്പോർട്ട് ചെയ്തു.
പകൽ പൂർണമായും പൊടിക്കാറ്റിന്റെ പിടിയിലമർന്ന സ്ഥിതിയിലായിരുന്നു ദുബൈ ഉൾപ്പെടെ യു.എ.ഇയിലെ മിക്ക എമിറേറ്റുകളും. ദൃശ്യപരിധി നന്നെ കുറഞ്ഞതിനാൽ നിരവധി വാഹനാപകടങ്ങളാണുണ്ടായത്. അബൂദബി, ദുബൈ, ഷാർജ ഉൾെപ്പടെ മിക്ക എമിറേറ്റുകളിലും അപകടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വിമാനത്താവളങ്ങളുടെ പ്രവർത്തനത്തെയും പൊടിക്കാറ്റ് ബാധിച്ചു. ദുബൈ വിമാനത്താവളത്തിൽ നിന്നുള്ള ചില സർവീസുകളുടെ സമയക്രമം പുന:ക്രമീകരിക്കേണ്ടി വന്നു. അര ഡസനോളം വിമാനങ്ങൾ വൈകിയതിനു പുറമെ ഒരു സർവീസ് റദ്ദാക്കിയതായും ദുബൈ വിമാനത്താവള അധികൃതർ വ്യക്തമാക്കി.
തീരമേഖലകളിൽ കാറ്റ് കൂടുതൽ ശക്തമാണ്. 2000 മീറ്ററിൽ താഴെയാണ് കാഴ്ച പരിധി. വാഹനയാത്രികരും കടലിൽ പോകുന്നവരും കർശന ജാഗ്രത പുലർത്തണമെന്ന് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. മൂടിക്കെട്ടിയ കാലാവസ്ഥയാണെങ്കിലും താപനില ഉയരാൻ സാധ്യതയുണ്ട്. 45.4 ഡിഗ്രിയാണ് ബറഖയിൽ രേഖപ്പെടുത്തിയ ഉയർന്ന ചൂട്. ആസ്മ പോലുള്ള അസുഖമുള്ളവർ, വയോധികർ, കുട്ടികൾ എന്നിവർ പുറത്തിറങ്ങുമ്പോൾ പ്രത്യേക ശ്രദ്ധ പുലർത്തണമെന്നും പൊടിക്കാറ്റ് ആരോഗ്യ പ്രശ്നങ്ങൾക്ക് വഴിവെച്ചേക്കുമെന്നും വിദഗ്ധർ നിർദ്ദേശിച്ചു.
Adjust Story Font
16

