Quantcast

കുവൈത്തില്‍ മൂന്ന് വര്‍ഷം പൂര്‍ത്തിയായ ജോലിക്കാരന് ഇഖാമ മാറാന്‍ തൊഴിലുടമയുടെ അനുമതി വേണ്ട

MediaOne Logo

admin

  • Published:

    26 May 2018 7:30 PM GMT

തൊഴില്‍ കരാര്‍ ഇറങ്ങിയത് മുതല്‍ മൂന്ന് വര്‍ഷം പൂര്‍ത്തിയാക്കിയവര്‍ക്കാണ് ഇഖാമ മാറ്റത്തിന് അവസരം ലഭിക്കുക. എന്നാല്‍ ജോലി മാറുന്ന കാര്യം മുന്‍കൂട്ടി തൊഴിലുടമയെ അറിയിക്കണം...

കുവൈത്തില്‍ ഒരേ സ്ഥാപനത്തില്‍ മൂന്നു വര്‍ഷം പൂര്‍ത്തിയായ ജോലിക്കാരന് ഇഖാമ മാറാന്‍ തൊഴിലുടമയുടെ അനുമതി ആവശ്യമില്ല. മാന്‍ പവര്‍ അതോറിറ്റിയാണ് ഇഖാമ മാറ്റവുമായി ബന്ധപ്പെട്ട പുതിയ ഉത്തരവ് ഇറക്കിയത്. സര്‍ക്കാര്‍ കരാര്‍ പദ്ധതികളിലെ സാങ്കേതിക വിദഗ്ദര്‍ക്കു മൂന്നു വര്‍ഷം പൂര്‍ത്തിയാകാതെയും ഇഖാമ മാറാം.

മാന്‍ പവര്‍ അതോറിറ്റി പബ്ലിക് റിലേഷന്‍ ഡിപാര്‍ട്ട്‌മെന്റ് മേധാവി അസീസ് അല്‍ മസീദ് ആണ് ഇക്കാര്യം അറിയിച്ചത്. ഒരേ തൊഴില്‍കരാറില്‍ മൂന്ന് വര്‍ഷം കഴിഞ്ഞവര്‍ക്ക് മാന്‍ പവര്‍ അതോറിറ്റിയെ സമീപിച്ചാല്‍ അനുയോജ്യമായ മറ്റ് തൊഴിലിടങ്ങളിലേക്ക് വിസ മാറ്റുന്നതിന് തടസ്സമുണ്ടാവില്ല. തൊഴില്‍ കരാര്‍ ഇറങ്ങിയത് മുതല്‍ മൂന്ന് വര്‍ഷം പൂര്‍ത്തിയാക്കിയവര്‍ക്കാണ് ഇഖാമ മാറ്റത്തിന് അവസരം ലഭിക്കുക. എന്നാല്‍ ജോലി മാറുന്ന കാര്യം മുന്‍കൂട്ടി തൊഴിലുടമയെ അറിയിക്കണം.

മുന്നറിയിപ്പ് നോട്ടീസ് നല്‍കാതെ ജോലിക്ക് ഹാജരാകാതിരിക്കുന്നവര്‍ക്കെതിരെ ഒളിച്ചോട്ടത്തിന് കേസുകൊടുക്കാന്‍ തൊഴിലുടമക്ക് സാധിക്കുമെന്നും മാന്‍ പവര്‍ അതോറിറ്റി അറിയിച്ചു. സര്‍ക്കാര്‍ കരാറിലുള്ള തൊഴിലാളികള്‍ക്ക് വിസ മാറുന്നതിന് മൂന്ന് വര്‍ഷം പൂര്‍ത്തിയാക്കണമെന്ന നിബന്ധന ബാധകമല്ലെങ്കിലും കരാര്‍ കാലാവധി അവസാനിച്ചിരിക്കണം എന്ന് നിര്‍ബന്ധമാണ്. തൊഴിലുടമക്ക് മറ്റ് സര്‍ക്കാര്‍ പദ്ധതികളിലേക്ക് തൊഴിലാളിയെ ആവശ്യം ഇല്ലാതിരിക്കുകയും വേണം.

പുതിയ ഉത്തരവ് പ്രകാരംപൂര്‍ത്തിയാക്കപ്പെട്ട ഗവണ്‍മെന്റ് പ്രോജക്റ്റുകളിലെ സാങ്കേതിക വിദഗ്ധര്‍ക്ക് മറ്റു പദ്ധതികളിലെ ടെക്‌നിക്കല്‍ തസ്തികകളിലേക്ക് വിസ മാറ്റാനാണ് അനുവദിക്കുക. സാങ്കേതിക തസ്തികകള്‍ ഇല്ലാത്ത സാഹചര്യത്തില്‍ വിസ മാറ്റണമെങ്കില്‍ നിശ്ചിത തുക ഫീസ് ഈടാക്കുമെന്നും നിബന്ധനയുണ്ട്. തൊഴില്‍ വിപണി ക്രമീകരിക്കുന്നതിന്റെ ഭാഗമായി ഇഖാമ മാറ്റം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ സൂക്ഷ്മ പരിശോധനകള്‍ക്ക് ശേഷം മാത്രമാണ് അനുവദിക്കുന്നതെന്നും മാന്‍ പവര്‍ അതോറിറ്റി അറിയിച്ചു.

TAGS :

Next Story