Quantcast

യുഎഇ യാത്രാവിമാനത്തെ ഖത്തര്‍ യുദ്ധവിമാനങ്ങൾ അനുഗമിച്ചു

MediaOne Logo

Khasida

  • Published:

    26 May 2018 10:00 AM GMT

യുഎഇ യാത്രാവിമാനത്തെ ഖത്തര്‍ യുദ്ധവിമാനങ്ങൾ അനുഗമിച്ചു
X

യുഎഇ യാത്രാവിമാനത്തെ ഖത്തര്‍ യുദ്ധവിമാനങ്ങൾ അനുഗമിച്ചു

പ്രതിഷേധവുമായി യുഎഇ; ആരോപണം നിഷേധിച്ച് ഖത്തര്‍ സിവില്‍ ഏവിയേഷന്‍

രണ്ട്​ യുഎഇ യാത്രാവിമാനങ്ങളെ അപകടകരമായ രീതിയിൽ ഖത്തർ യുദ്ധവിമാനങ്ങൾ സമീപിച്ച സംഭവം ഇരുകൂട്ടരും തമ്മിലുള്ള ബന്ധം വീണ്ടും വഷളാക്കി. സംഭവത്തെ അപലപിച്ച യുഎഇ പൊതു വ്യോമയാന അതോറിറ്റി വിഷയം അന്താരാഷ്ട്ര വേദികളിൽ ഉന്നയിക്കുമെന്നും മുന്നറിയിപ്പ്​ നൽകി. പത്തു മാസത്തോളമായി തുടരുന്ന ഗൾഫ്​പ്രതിസന്ധിയിൽ മഞ്ഞുരുക്കം ഉണ്ടായേക്കുമെന്ന സൂചനകൾക്കിടയിലാണ് ​വ്യോമയാന വിവാദം വീണ്ടും തിരിച്ചടിയായി മാറുന്നത്​.

തിങ്കളാഴ്ച ഉച്ചതിരിഞ്ഞ്​ ബഹ്റൈൻ വ്യോമപരിധിയിലാണ് സംഭവം. യുഎഇ രജിസ്ട്രേഷനുള്ള യാത്രാവിമാനങ്ങളിൽ ഒന്നിന്റെ പൈലറ്റ്​ അവസരോചിതമായി ദിശ മാറ്റിയതിനാൽ​ കൂട്ടിയിടി ഒഴിവായി. യാത്രാവിമാനങ്ങളുടെയും വ്യോമഗതാഗതത്തിന്റെയും സുരക്ഷ തകർക്കുകയാണ്​ ഖത്തറിന്റെ ഇത്തരം നടപടികളെന്ന്​ ജിസിഎഎ കുറ്റപ്പെടുത്തി. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ എല്ലാ നടപടിയും സ്വീകരിക്കുമെന്ന്​ ഉന്നത ഉദ്യോഗസ്ഥൻ ഇസ്മാആൽ മുഹമ്മദ്​അൽ ബലൂശി വ്യക്തമാക്കി.

ജനുവരി 15നും ഖത്തർ യുദ്ധവിമാനങ്ങൾ ബഹ്റൈൻ തലസ്ഥാനമായ മനാമയിലേക്കുള്ള രണ്ട്​ യുഎഇ യാത്രാവിമാനങ്ങൾക്ക്​ തടസ്സം സൃഷ്ടിച്ചിരുന്നു. യുഎഇ വിമാനങ്ങൾ വ്യോമപരിധി ലംഘിക്കുന്നുവെന്ന്​ ഖത്തർ ആരോപിച്ചതിന് ​പിന്നാലെയാണ്​ വിമാനങ്ങൾക്ക്​ മാർഗതടസം സൃഷ്ടിക്കുന്ന സംഭവമുണ്ടായത്. ഡിസംബർ 27ന്​ യുഎഇ വിമാനം വ്യോമപരിധി ലംഘിച്ചുവെന്ന്​ ആരോപിച്ച്​ ജനുവരി 11ന്​ ഖത്തർ ​ഐക്യരാഷ്ട്രസഭക്ക്​ പരാതി നൽകുകയും ചെയ്തു.

എന്നാല്‍ യു.എ.ഇയുടെ രണ്ട് യാത്രാ വിമാനങ്ങളെ പിന്തുടര്‍ന്നെന്നുള്ള ആരോപണം ഖത്തര്‍ സിവില്‍ ഏവിയേഷന്‍ നിഷേധിച്ചു. ഖത്തര്‍ വ്യോമ പാതയില്‍ പ്രതിസന്ധി സൃഷ്ടിക്കാനുള്ള ശ്രമമാണ് അയല്‍ രാജ്യങ്ങള്‍ നടത്തുന്നതെന്ന് കുറ്റപ്പെടുത്തിയ ഖത്തര്‍ ഏവിയേഷന്‍ അന്തര്‍ദേശീയ വ്യോമ അതിര്‍ത്തി പൂര്‍ണമായി സംരക്ഷിക്കുന്ന കാര്യത്തില്‍ തങ്ങള്‍ ഏറെ പ്രതിജ്ഞാബദ്ധരാണെന്ന് വ്യക്തമാക്കി. അതേസമയം ബഹ്റൈന്‍ നിരവധി തവണ ഖത്തര്‍ വ്യോമപാത ലംഘിക്കാനുള്ള ശ്രമം നടത്തിയതായും പ്രകോപനം നടത്തുന്നതായും ഏവിയേഷന്‍ ആരോപിച്ചു.

സൗദി കിരീടാവകാശിയുടെ യു.എസ് ​സന്ദർശനവും ട്രംപും കുവൈത്ത്​ അമീറും തുടരുന്ന സമവായ നീക്കങ്ങളും ഖത്തര്‍ പ്രതിസന്ധി പരിഹാര മാർഗത്തിൽ ചില നല്ല ഫലങ്ങൾ ഉണ്ടാക്കിയിരുന്നു. ജൂൺ മുതൽ സൗദി അറേബ്യ, ബഹ്​റൈൻ, ഈജിപ്ത്​, യു.എ.ഇ എന്നീ രാജ്യങ്ങൾ ഖത്തറിനെ ബഹിഷ്കരിച്ച്​ വരികയാണ്​.

TAGS :

Next Story