Quantcast

300 റിയാൽ ശമ്പളമുള്ളവർക്കും ഒമാനിൽ ഇനി കുടുംബവിസക്ക്​ അപേക്ഷിക്കാം

MediaOne Logo

Jaisy

  • Published:

    27 May 2018 10:31 AM GMT

300 റിയാൽ ശമ്പളമുള്ളവർക്കും ഒമാനിൽ ഇനി കുടുംബവിസക്ക്​ അപേക്ഷിക്കാം
X

300 റിയാൽ ശമ്പളമുള്ളവർക്കും ഒമാനിൽ ഇനി കുടുംബവിസക്ക്​ അപേക്ഷിക്കാം

നിലവിൽ അറുനൂറ്​ റിയാൽ ആയിരുന്നു കുടുംബവിസക്ക്​ അപേക്ഷിക്കുന്നതിനുള്ള ശമ്പളപരിധി

മുന്നൂറ്​ റിയാൽ ശമ്പളമുള്ളവർക്കും ഒമാനിൽ ഇനി കുടുംബവിസക്ക്​ അപേക്ഷിക്കാം. നിലവിൽ അറുനൂറ്​ റിയാൽ ആയിരുന്നു കുടുംബവിസക്ക്​ അപേക്ഷിക്കുന്നതിനുള്ള ശമ്പളപരിധി. ഇതിൽ പകുതിയോളം കുറവുവരുത്തിയുള്ള നിയമ ഭേദഗതി നിലവിൽ വന്നതായി റോയൽ ഒമാൻ പൊലീസ്​ വക്താവിനെ ഉദ്ധരിച്ച്​ ഇംഗ്ലീഷ്​ ദിനപത്രമായ ടൈംസ്​ ഓഫ്​ ഒമാൻ റിപ്പോർട്ട്​ ചെയ്തു.

കുടുംബത്തെ കൊണ്ടു വരണമെന്ന്​ ആഗ്രഹിക്കുന്ന പ്രവാസികളുടെ ശമ്പള പരിധി മുന്നൂറ്​ റിയാലായി കുറച്ചതായി ശൂറ കൗൺസിൽ അംഗം സുൽത്താൻ ബിൻ മാജിദ്​ അൽ അൽ അബ്രിയും അറിയിച്ചു. സാമ്പത്തിക വൈവിധ്യവത്​കരണ പദ്ധതിയായ 'തൻഫീദി​ന്റെ ഭാഗമായി ശൂറാ കൗൺസിലാണ്​ ഇത്​ സംബന്ധിച്ച നിർദ്ദേശം മുന്നോട്ടുവെച്ചത്​. നിർദേശത്തോട്​ പൊതുജന താൽപര്യം മുൻ നിർത്തി വേഗത്തിൽ പ്രതികരിച്ച സർക്കാർ നടപടി അഭിനന്ദനാർഹമാണെന്നും അൽ അബ്രി പറഞ്ഞു.

2013 ആഗസ്തിലാണ്​ കുടുംബവിസക്ക്​ ചുരുങ്ങിയത്​ അറുനൂറ്​ റിയാൽ ശമ്പളം വേണമെന്ന നിയമം നിലവിൽ വന്നത്​. മന്ത്രിസഭാ കൗൺസിൽ രൂപം നൽകിയ പ്രത്യേക കമ്മിറ്റി പഠനം നടത്തിയ ശേഷമാണ് ഈ വേതന പരിധി നിശ്ചയിച്ചത്​. ഇതിൽ നിയമത്തിൽ ഇളവുവരുത്തണമെന്ന്​ തുടർന്ന്​ വിവിധ സമയങ്ങളിലായി ആവശ്യമുയർന്നിരുന്നു. ശമ്പള പരിധി സംബന്ധിച്ച്​ പുനരവലോകനം നടത്തണമെന്ന്​ കഴിഞ്ഞ വർഷം അവസാനവും മജ്​ലിസുശൂറ ആവശ്യപ്പെട്ടിരുന്നു. ശമ്പളപരിധി കുറച്ചാൽ കൂടുതൽ പേർ കുടുംബങ്ങളെ ഒമാനിലേക്ക് കൊണ്ടുവരുമെന്നും ഇതുവഴി രാജ്യത്തിന്​ അകത്ത്​ കൂടുതൽ തുക ചെലവഴിക്കപ്പെടുമെന്നുമായിരുന്നു ശൂറയുടെ നിരീക്ഷണം. എണ്ണ വിലയിടിവിനെ തുടർന്നുള്ള പ്രതിസന്ധിയിൽ ജോലി നഷ്​ടപ്പെട്ടവർ മടങ്ങിയതിനെ തുടർന്നും മറ്റും നിരവധി ഫ്ലാറ്റുകളാണ്​ മസ്​കത്തിലടക്കം ഒഴിഞ്ഞുകിടക്കുന്നത്​. ആനുകൂല്ല്യങ്ങൾ ഇല്ലാതായതോടെ ചെലവുചുരുക്കലിന്റെ ഭാഗമായി നിരവധി പേർ കുടുംബങ്ങളെ നാട്ടിലേക്ക്​ അയച്ചിട്ടുമുണ്ട്​​. റിയൽ എസ്​റ്റേറ്റ്​ മേഖലക്ക്​ ഒപ്പം റീട്ടെയിൽ,ഇൻഷൂറൻസ്​ തുടങ്ങി വിവിധ മേഖലകളിലെ ഉണർവിനും സർക്കാർ തീരുമാനം വഴിവെക്കുമെന്ന്​ ചൂണ്ടികാണിക്കപ്പെടുന്നു.

TAGS :

Next Story