കുവൈത്തില്‍ നിർബന്ധിത വിരമിക്കലിന് നോട്ടീസ് നൽകിയ വിദേശികളുടെ താമസാനുമതി 6 മാസത്തേക്ക് നീട്ടി

കുവൈത്തില്‍ നിർബന്ധിത വിരമിക്കലിന് നോട്ടീസ് നൽകിയ വിദേശികളുടെ താമസാനുമതി 6 മാസത്തേക്ക് നീട്ടി
മക്കളുടെ പഠനസംബന്ധമായ പ്രയാസം കണക്കിലെടുത്താണ് പിരിച്ചു വിടുന്ന ജീവനക്കാർക്ക് ആറുമാസം സമയം അനുവദിക്കാൻ അധികൃതർ തീരുമാനിച്ചത്
കുവൈത്തിൽ സ്വദേശിവത്കരണത്തിന്റെ ഭാഗമായി സർക്കാർ വകുപ്പുകളിൽനിന്ന് നിർബന്ധിത വിരമിക്കലിന് നോട്ടീസ് നൽകിയ വിദേശികളുടെ താമസാനുമതി ആറുമാസത്തേക്ക് നീട്ടി നൽകും. മക്കളുടെ പഠനസംബന്ധമായ പ്രയാസം കണക്കിലെടുത്താണ് പിരിച്ചു വിടുന്ന ജീവനക്കാർക്ക് ആറുമാസം സമയം അനുവദിക്കാൻ അധികൃതർ തീരുമാനിച്ചത്.
ധനകാര്യമന്ത്രി അധ്യക്ഷനായുള്ള സിവിൽ സർവിസ് കമീഷൻ ഭരണസമിതിയാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. 2018 ജനുവരിയോടെ പൊതുമേഖലയിലെ 3000 വിദേശികൾക്കാണ് വിരമിക്കൽ നോട്ടിസ് നൽകിയത്. പിരിച്ചുവിടപ്പെട്ടവർ മൂന്ന് മാസത്തിനുള്ളിൽ രാജ്യം വിടണമെന്നായിരുന്നു നേരത്തെ ഉണ്ടായിരുന്ന നിർദേശം. പുതിയ ഉത്തരവ് പ്രകാരം ഇവർക്ക് ജൂലൈ ഒന്നുവരെ രാജ്യത്ത് കഴിയാൻ സാധിക്കും. മക്കൾ കുവൈത്തിൽ പഠിക്കുന്നവരുടെ പ്രയാസം കണക്കിലെടുത്താണിതെന്ന് അധികൃതർ വിശദീകരിച്ചു. നോട്ടിസ് നൽകിയെങ്കിലും ഈ കാലത്ത് ഇവർക്ക് ശമ്പളം നൽകും. അതേസമയം, മറ്റ് സർക്കാർ വകുപ്പുകളിലേക്ക് മാറാൻ ഇവരെ അനുവദിക്കില്ലെന്നും കമ്മീഷൻ വൃത്തങ്ങൾ കൂട്ടിച്ചേർത്തു.
Adjust Story Font
16

