Quantcast

മോദി ഇന്ന് ഒമാനിലെത്തും

MediaOne Logo

Sithara

  • Published:

    27 May 2018 9:23 AM GMT

മോദി ഇന്ന് ഒമാനിലെത്തും
X

മോദി ഇന്ന് ഒമാനിലെത്തും

പശ്​ചിമേഷ്യൻ സന്ദർശനത്തി​ന്‍റെ ഭാഗമായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഒമാനിലെത്തും.

പശ്​ചിമേഷ്യൻ സന്ദർശനത്തി​ന്‍റെ ഭാഗമായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഒമാനിലെത്തും. മോദിയുടെ ആദ്യ ഒമാൻ സന്ദർശനമാണിത്​. ഇന്ന് വൈകുന്നേരത്തോടെ റോയൽ വിമാനത്താവളത്തിൽ എത്തുന്ന മോദിയെ മന്ത്രിസഭാ കൗൺസിൽ ഉപപ്രധാനമന്ത്രി സയ്യിദ്​ ഫഹദ്​ ബിൻ മഹ്​മൂദ്​ അൽ സൈദി​ന്‍റെ നേതൃത്വത്തിൽ സ്വീകരിക്കും. മറ്റ് മന്ത്രിമാർ, ഉന്നത സർക്കാർ ഉദ്യോഗസ്​ഥർ തുടങ്ങിയവരും ചടങ്ങിൽ പ​ങ്കെടുക്കും.

വിമാനത്താവളത്തിൽ നിന്ന്​ നേരെ ഹോട്ടലിലേക്ക്​ തിരിക്കുന്ന പ്രധാനമന്ത്രി അഞ്ചരയോടെ ബോഷറിലെ സുൽത്താൻ ഖാബൂസ്​ സ്​റ്റേഡിയത്തിൽ പ്രവാസി ഇന്ത്യക്കാരെ അഭിസംബോധന ചെയ്യാനെത്തും. ഒമാ​ന്‍റെ വിവിധ ഭാഗങ്ങളിലുള്ള 25000ത്തിലധികം ഇന്ത്യക്കാർ ഈ പൊതുപരിപാടിയിൽ പങ്കെടുക്കാൻ രജിസ്​റ്റർ ചെയ്​തിട്ടുണ്ടെന്ന്​ എംബസിയുമായി ബന്ധപ്പെട്ടവർ പറഞ്ഞു. മോദിയോടുള്ള ബഹുമാനാർഥം സുൽത്താൻ ഖാബൂസ്​ ബിൻ സഈദ്​ ബൈത്തുൽ ബർക്ക കൊട്ടാരത്തിൽ അത്താഴ വിരുന്നൊരുക്കിയിട്ടുണ്ട്​. വിരുന്നിനിടെ ഉഭയകക്ഷി സഹകരണം മെച്ചപ്പെടുത്തുന്നതടക്കം വിവിധ വിഷയങ്ങൾ ഇരു നേതാക്കളും ചർച്ച നടത്തും.

മന്ത്രിസഭാ കൗൺസിൽ ഉപപ്രധാനമന്ത്രി സയ്യിദ്​ ഫഹദ് ബിൻ മഹ്​മൂദ്​​, അന്താരാഷ്​ട്ര വിഷയങ്ങൾക്കും സഹകരണത്തിനുമായുള്ള ഉപപ്രധാനമന്ത്രി സയ്യിദ്​ അസദ്​ ബിൻ താരീഖ്​ എന്നിവരുമായും മോദി ചർച്ച നടത്തും. 12ന്​ ഒമാനി ബിസിനസുകാരുടെ യോഗത്തെ മോദി അഭിസംബോധന ചെയ്യും. ഇന്ത്യയിൽ മുതൽമുടക്കുന്നത്​ അടക്കം വിഷയങ്ങൾ യോഗത്തിൽ ചർച്ച ചെയ്യും. തുടർന്ന്​ സുൽത്താൻ ഖാബൂസ്​ ഗ്രാൻറ്​ മൊസ്​ക്​, റൂവി ശിവക്ഷേത്രം എന്നിവ മോദി സന്ദർശിക്കും. വൈകുന്നേരത്തോടെ സന്ദർശനം പൂർത്തിയാക്കി ഇന്ത്യയിലേക്ക്​ മടങ്ങും.

TAGS :

Next Story