ഗൾഫ് പ്രതിസന്ധിയിൽ അമേരിക്കൻ നയം അവ്യക്തം

ഗൾഫ് പ്രതിസന്ധിയിൽ അമേരിക്കൻ നയം അവ്യക്തം
ട്രംപിന്റെ ഖത്തർ വിരുദ്ധ പ്രസ്താവനയെ പിന്തുണച്ച സൗദി അനുകൂല രാജ്യങ്ങൾ, ഉപരോധം പിൻവലിക്കണമെന്ന അമേരിക്കൻ വിദേശകാര്യ സെക്രട്ടറിയുടെ പ്രസ്താവനയെ കുറിച്ച് ഒന്നും പ്രതികരിച്ചതുമില്ല.
ഗൾഫ് പ്രതിസന്ധിയിൽ അമേരിക്ക കൈകൊള്ളുന്ന നിലപാടിൽ അവ്യക്തത തുടരുന്നു. ട്രംപിന്റെ ഖത്തർ വിരുദ്ധ പ്രസ്താവനയെ പിന്തുണച്ച സൗദി അനുകൂല രാജ്യങ്ങൾ, ഉപരോധം പിൻവലിക്കണമെന്ന അമേരിക്കൻ വിദേശകാര്യ സെക്രട്ടറിയുടെ പ്രസ്താവനയെ കുറിച്ച് ഒന്നും പ്രതികരിച്ചതുമില്ല.
ഖത്തറിനു മേൽ നിലനിൽക്കുന്ന ഉപരോധ സമാനമായ സാഹചര്യം പിൻവലിക്കണമെന്നായിരുന്നു യുഎസ് വിദേശകാര്യ സെക്രട്ടറി റെക്സ് ടില്ലേഴ്സൺ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടത്. എന്നാൽ തീവ്രവാദ നിലപാടും നടപടികളും ഖത്തർ ഉപേക്ഷിക്കണമെന്ന നിലപാട് തുടർച്ചയായി ആവർത്തിക്കുകയായിരുന്നു പ്രസിഡന്‍റ് ട്രംപ്. ട്രംപിന്റേത് സ്വാഗതാർഹമായ പ്രതികരണമാണെന്ന് സൗദി അനുകൂല രാജ്യങ്ങൾ പ്രസ്താവനയിൽ വ്യക്തമാക്കി. പ്രസിഡന്‍റും വിദേശകാര്യ സെക്രട്ടറിയും പറഞ്ഞതിന്‍റെ വൈരുധ്യം സംബന്ധിച്ച ചോദ്യത്തിന് രണ്ടും ഒരേ നിലപാട് തന്നെയാണെന്ന് വിശദീകരിക്കുകയായിരുന്നു വൈറ്റ് ഹൗസ് വക്താവ്.
പ്രശ്നത്തിൽ അമേരിക്ക സ്വീകരിക്കാൻ പോകുന്ന നിലപാട് എന്തായിരിക്കും എന്നതും ദുരൂഹമായി തുടരുകയാണ്. വൈറ്റ്ഹൗസിൽ സമവായ ചർച്ചക്ക് വേദിയൊരുക്കാമെന്നായിരുന്നു നേരത്തെ ട്രംപിന്റെ അഭ്യർഥന. എന്നാൽ അതിനു വേണ്ടത്ര പിന്തുണ ലഭിച്ചില്ല. ഇരുകൂട്ടരും തങ്ങളുടെ നിലപാടിൽ ഉറച്ചു നിൽക്കുന്നതോടൊപ്പം പരമാവധി രാജ്യങ്ങളുടെ പിന്തുണ ഉറപ്പാക്കാനുള്ള തിരക്കിട്ട നീക്കത്തിലാണ്.
പ്രതിസന്ധി മറികടക്കാൻ തുർക്കി, ഇറാൻ എന്നീ രാജ്യങ്ങളുടെ പിന്തുണ തേടിയ ഖത്തർ നടപടിയും വിമർശത്തിനിടയായി. ഖത്തറിൽ വരുന്ന തങ്ങളുടെ സൈന്യം ഏതെങ്കിലും ഒരു രാജ്യത്തിനു മാത്രമല്ലെന്നും എല്ലാ ഗൾഫ് രാജ്യങ്ങളുടെയും സുരക്ഷ മുൻനിർത്തിയാണെന്നും തുർക്കി പ്രസിഡന്‍റ് ഉർദുഗാൻ ബഹ്റൈൻ വിദേശകാര്യ മന്ത്രി ശൈഖ് ഖാലിദ് ബിൻ അഹ്മദ് ആൽ ഖലീഫയുമായി നടന്ന ചർച്ചയിൽ അറിയിച്ചു. ഖത്തർ വിദേശകാര്യ മന്ത്രിയാവട്ടെ, പിന്തുണ തേടി യൂറോപ്യൻ രാജ്യങ്ങളിൽ പര്യടനം തുടരുകയാണ്. അമേരിക്ക ഉൾപ്പെടെ വൻശക്തി രാജ്യങ്ങളും യുഎന്നും വിഷയത്തിൽ സജീവമായി ഇടപെടുമെന്ന സൂചന തന്നെയാണ് പുറത്തുവരുന്നത്.
Adjust Story Font
16

